ADVERTISEMENT

ലോക്ഡൗൺ ദിവസങ്ങളിൽ വീട്ടിൽ അടച്ചു പൂട്ടിയിരിക്കുകയാണെങ്കിലും അതു കഴിഞ്ഞു പുറത്തോട്ടിറങ്ങുമ്പോൾ കാര്യങ്ങള്‍ മുട്ടില്ലാതെ നടത്തും എന്ന ആശങ്കയിലാണോ? നാമിപ്പോൾ നേരിടുന്ന ഈ മഹാമാരിക്ക് ശേഷം എന്തായിരിക്കും സമ്പദ് വ്യവസ്ഥയിൽ ഉണ്ടാകാനിടയുള്ള അവസ്ഥയെന്ന് വിദഗ്ധർക്കു പോലും പ്രവചിക്കാനാകുന്നില്ലെങ്കിലും ഒരു കാര്യം ഉറപ്പ്. ഏതെങ്കിലുമൊക്കെ തരത്തിൽ ഓരോ വ്യക്തിയുടെയും സാമ്പത്തിക നിലയെ ഇത് ബാധിക്കുമെന്നതിൽ തർക്കമില്ല.പെട്ടെന്നുണ്ടാകുന്ന വരുമാനത്തിലെ കുറവ് ശരിയായി പരിഹരിച്ചില്ലെങ്കിൽ കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലേക്കു പോകാനിത് ഇടയാക്കും. ഇത്തരം സാഹചര്യമൊഴിവാക്കാനുള്ള ചില മാർഗങ്ങളിവിടെ പരിശോധിക്കാം.

1. ചെലവു ചുരുക്കൽ

ശമ്പളം വെട്ടിക്കുറയ്ക്കലും വരുമാന നഷ്ടവുമാണ് ഇന്നത്തെ സാഹചര്യത്തിൽ നേരിടേണ്ടി വരിക. ദിവസവേതനക്കാർ ഇപ്പോൾതന്നെ ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.രണ്ടായാലും വരുമാനത്തെ സാരമായി ബാധിക്കുമെന്നതിനാൽ ജീവിത ചെലവുകൾ കുറയ്ക്കുകയാണ് പ്രധാനം. ഇതിനായി ചെലവുകളെ ഒഴിവാക്കാനാകാത്തവ, കുറയ്ക്കാൻ പറ്റുന്നവ, പൂർണമായും ഒഴിവാക്കാൻ പറ്റുന്നവ എന്ന് തരം തിരിയ്ക്കുക. ഇതിൽ രണ്ടും മൂന്നും വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ ചെലവാക്കപ്പെടുന്നത്. അതു കൊണ്ട് ഇത് കണ്ടെത്തി ഒഴിവാക്കാനായാൽ തന്നെ ഏതു സാഹചര്യത്തെയും അതിജീവിക്കാൻ കഴിയും.

2. നിക്ഷേപങ്ങൾ തുടരുക

വരുമാനം കുറയുമ്പോൾ നിക്ഷേപം നിർത്തുന്നത് പലപ്പോഴും സംഭവിക്കുന്നതാണ്. മുകളിൽ പറഞ്ഞ ചെലവുചുരുക്കൽ നടപടിക്കു ശേഷവും നിക്ഷേപത്തിനു തുക കണ്ടെത്താനാകുന്നില്ലെങ്കിൽ മാത്രമേ നിലവിലെ നിക്ഷേപം നിർത്തുന്നതിനെ കുറിച്ച് ആലോചിക്കാവൂ. കാരണം പല ജീവിത ലക്ഷ്യങ്ങളും മുന്നിൽ കണ്ടാണ് നിക്ഷേപം നടത്തുന്നത് അതുകൊണ്ട് ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് നിക്ഷേപം തൂടർന്നേ മതിയാകൂ.

3. ഇടക്കാല ബജറ്റ് തയാറാക്കൽ

വരുമാനത്തിലെ കുറവ് ഇപ്പോഴേ ജീവിതത്തിന്റെ താളം തെറ്റിക്കാൻ തുടങ്ങിയിട്ടുണ്ടാകും. വരവ് ചെലവ് കണക്കാക്കിയാകുമല്ലോ  നിങ്ങൾ കുടുംബ ബജറ്റ് തയാറാക്കിയിട്ടുണ്ടാകുക.ഇതിൽ വരവ് കുറയുന്നതോടെ ചെലവ് പുനക്രമീകരിക്കണം. അതുകൊണ്ട് ഒരു ഇടക്കാല ബജറ്റ് ഈ പ്രത്യേക സാഹചര്യത്തിൽ തയാറാക്കണം .ഇത് അത്യാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ സഹായിക്കും. ഒപ്പം തന്നെ ഇതു പാലിച്ചാണ് ചെലവുകൾ എന്ന് ഉറപ്പാക്കുകയും വേണം.

4. എമർജൻസി ഫണ്ട്

അപ്രതീക്ഷിത സാഹചര്യം നേരിടുന്നതിനുള്ളതാണ് എമർജൻസി ഫണ്ട്. മൂന്നു മുതൽ ആറു മാസത്തേയ്ക്കുള്ള തുകയെങ്കിലും എമർജന്‍സി ഫണ്ടിൽ സൂക്ഷിക്കേണ്ടതുണ്ട്.ഇത് പെട്ടെന്നു പിൻവലിയ്ക്കാവുന്ന നിക്ഷേപങ്ങളായി സൂക്ഷിക്കുന്നതാണുചിതം. ഇപ്പോൾ എമർജൻസി ഫണ്ടില്ലെങ്കിൽ ഇനിയെങ്കിലും അതു തുടങ്ങിയാൽ മാത്രമേ ഭാവിയിൽ പിടിച്ചു നിൽക്കാനാകൂ.

5. അതാത് മാസത്തെ വരുമാനത്തിൽ ജീവിക്കുക

ഇന്ന് ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം വളരെ കൂടുതലാണ്. പലപ്പോഴും കൈവശമുള്ള വരുമാനത്തേക്കാൾ കൂടുതൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ചെലവുണ്ടാകാറുണ്ട്. വരുമാനം കുറയുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഇതിലൂടെ ഭാവിയിൽ വരാനിരിക്കുന്ന വരുമാനമാണ് ഇപ്പോഴെ ചെലവാക്കുന്നതെന്ന് ഓർക്കണം.പലരും പല ബാങ്കുകളിലും സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ളവരാണ്.എന്തായാലും ചെലവിനുള്ള പണം ഒരു അക്കൗണ്ടിൽ നിന്നു മാത്രം ഉപയോഗിക്കുക. ഇത് ഒരു പരിധി വരെ അധികച്ചെലവ്  ഒഴിവാക്കാന്‍ സഹായിക്കും എന്നു മാത്രമല്ല, വരവും ചെലവുമൊക്കെയായി എത്ര ചെലവായിട്ടുണ്ട് എന്നു മനസിലാക്കാനും പറ്റും

6. വായ്പാ തിരിടച്ചടവ്

വായ്പാ തിരിച്ചടവിന് മുൻഗണന നൽകുന്ന വിധത്തിലായിരിക്കണം സാമ്പത്തികാസൂത്രണം നടത്തേണ്ടതും കുടുംബ ബജറ്റ് തയാറാക്കേണ്ടതും. തിരിച്ചടവിൽ വീഴ്ച വരുത്തി ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ പിന്നീടുള്ള വായ്പാലഭ്യത ബുദ്ധമുട്ടാകും എന്നോർമ വേണം.അത്യാവശ്യത്തിനു മാത്രം വായ്പയെ ആശ്രയിക്കുന്ന രീതിയായിരിക്കണം സ്വീകരിക്കേണ്ടത്. വെറുതെ ജീവിത നിലവാരം ഉയർത്തുന്നതിന് വായ്പയെ ഒരിക്കലും ആശ്രയിക്കരുത്. നിലവിലുള്ള വായ്പകളെ പലിശ നിരക്കിന്റെയും കാലാവധിയുടെയും അടിസ്ഥാനത്തിൽ പട്ടിക തയാറാക്കി പുനക്രമീകരിക്കുക. പലിശ നിരക്കു കൂടുതലുള്ള വായ്പയാണെങ്കിൽ കുറഞ്ഞ നിരക്കിൽ പണം സമാഹരിക്കാനായാൽ അത് അടച്ചു തീർക്കുകയുമാകാം.

7. വായ്പാ മോറട്ടോറിയം

ലോക്ഡൗണിന്റെ ഭാഗമായുള്ള സാമ്പത്തിക ഞെരുക്കത്തിൽ നിന്നും ആശ്വാസം ലഭിക്കുന്നതിനുവേണ്ടിയാണ് മോറട്ടോറിയം അനുവദിക്കണമെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടത്. 3 മാസം തിരിച്ചടച്ചില്ല എങ്കിലും തിരിച്ചടവ് മുടങ്ങിയതായി ബാങ്കുകൾ കണക്കാക്കില്ല എന്നേ ഇതിനർത്ഥമുള്ളു.അതായത് ഇക്കാലയളവിലും മിച്ചം തുകയ്ക്ക് പലിശ നൽകണം.അതുകൊണ്ടു തന്നെ തിരിച്ചടവ് ശേഷി ഉണ്ടെങ്കിൽ മോറട്ടോറിയം ആനുകൂല്യം എടുക്കാതിരിക്കുകയാണ് നല്ലത്.

8. മറ്റു വരുമാന മാർഗങ്ങൾ തേടാം

വരുമാനക്കുറവ് പരിഹരിക്കാനായി സ്ഥിര വരുമാനത്തോടൊപ്പം മറ്റു വരുമാന സ്രോതസ് കൂടി കണ്ടെത്താനായാൽ സാമ്പത്തിക നില മെച്ചപ്പെടുത്താൻ സാധിക്കും. ഇതു ചെറിയ തുകയാണെങ്കിൽ പോലും പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ ആശ്വാസകരമായ തുകയാകുമെന്നുറപ്പാണ്.

9. ചർച്ച് ചെയ്തു തീരുമാനിക്കാം

മുകളിൽ പറഞ്ഞ നിർദേശങ്ങളൊക്കെ നടപ്പാക്കുന്നതിന് വീട്ടുകാരുടെ കൂട്ടായ സഹകരണം ആവശ്യമാണ്. തീരുമാനങ്ങളും നിർദേശങ്ങളുമെല്ലാം ചർച്ച ചെയ്തു നടപ്പാക്കാം. കുട്ടികളെയും ഇതിലുൾപ്പെടുത്താം.അവർക്കും നിലവിലെ ജീവിത സാഹചര്യം മാറിയതിനെ ക്കുറിച്ച് വേണ്ട ധാരണ കിട്ടാൻ ഇതു സഹായിക്കും.

ജിയോജിത് ഫിനാന്‍ഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ഇന്‍വെസ്റ്റ്മെന്റ് ആൻഡ് അഡ്വൈസറി സർവീസ് വിഭാഗത്തിന്റെ മാനേജരാണ് സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറായ ലേഖകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com