ADVERTISEMENT

ബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണം കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിനായി കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കീഴിലുള്ള പെന്‍ഷന്‍ വകുപ്പ് ബാങ്കുകള്‍ക്ക് വേണ്ടി ഏകീകൃത മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. നിലവില്‍ രാജ്യത്ത് പെന്‍ഷന്‍ വിതരണത്തിനും പിന്നീട് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതിനും മറ്റും ഓരോ ബാങ്കുകളും വ്യത്യസ്തങ്ങളായ മാനദണ്ഡങ്ങളും ചട്ടങ്ങളുമാണ് നിര്‍ദേശിക്കുന്നത്. ഇത് രാജ്യത്തെ 62.5 ലക്ഷം വരുന്ന കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക്് വലിയ ബുദ്ധിമുണ്ടാക്കുന്ന സാഹചര്യത്തിലാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്ന ബാങ്കുകളുടെ തലവന്‍മാര്‍ക്ക് ഏകീകൃതമായ ചട്ടങ്ങളുടെ സര്‍ക്കുലര്‍ അയച്ചത്.


കൂടുതല്‍ ലളിതമാകും

പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍ നല്‍കല്‍ അല്ലെങ്കില്‍ സത്യവാങ്മൂലം, ലൈഫ്സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ വാങ്ങല്‍ തുടങ്ങിയ കാര്യങ്ങളില്‍ ബാങ്കുകള്‍ വ്യത്യസ്തമായ ചട്ടങ്ങളാണ് പുലര്‍ത്തുന്നത്. ഇത് ഏകീകരിക്കുന്നതോടെ പെന്‍ഷന്‍ വിതരണം കൂടുതല്‍ ലളിതവും കാര്യക്ഷമവുമാകുമെന്നാണ് മന്ത്രാലയം കരുതുന്നത്.

ശാരീരികമായി ഹാജരാകണ്ട

പെന്‍ഷന്‍ പേയ്മെന്റ് ഓര്‍ഡറില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയോ  ബാങ്കിന്റേതായ നോ യുവര്‍ കസ്റ്റമര്‍ നടപടി അനുസരിച്ചോ പെന്‍ഷന്‍ വിതരണം ചെയ്യുന്ന ബാങ്ക് ഫാമിലി പെന്‍ഷണറെ തിരിച്ചറിഞ്ഞിരിക്കണം. അല്ലാതെ മരിച്ചിട്ടില്ല എന്ന് തെളിയിക്കാന്‍ ശാരീരികമായി ഹാജരാകാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ല.

ജോയിന്റ് അക്കൗണ്ട്

ജോയിന്റ് അക്കൗണ്ട് നിലനില്‍ക്കുകയും പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡറില്‍ ഫാമിലി പെന്‍ഷന്‍ ഭര്‍ത്താവ്/ഭാര്യ എന്നിവരുടെ പേരില്‍ അധികാരപ്പെടത്തുകയും ചെയ്തിട്ടുള്ള കേസുകളില്‍ പെന്‍ഷണര്‍ മരിച്ചാല്‍ ഭാര്യ/ ഭര്‍ത്താവ് ഫോം 14 സമര്‍പ്പിക്കേണ്ട കാര്യമില്ല. നിലവില്‍ ഇത്തരം കേസുകളില്‍ ഫോം 14 ബാങ്കുകള്‍ ആവശ്യപ്പെടാറുണ്ട്. ഇവിടെ ജീവിത പങ്കാളി മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി മാത്രം പെന്‍ഷന്‍ നല്‍കുന്ന ബ്രാഞ്ചില്‍ നല്‍കിയാല്‍ മതിയാകും.

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാം

പെന്‍ഷന്‍ വിതരണം ചെയ്യുന്ന ബാങ്കുകള്‍ ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റും സ്വീകരിച്ചിരിക്കണം. 80 വയസോ അതിന് മുകളിലോ പ്രായമുള്ള പെന്‍ഷണര്‍മാര്‍ക്ക് ഒക്ടോബറിലും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. സാധാരണ പെന്‍ഷണറും ഫാമിലി പെന്‍ഷണറും നവംമ്പറല്‍ ഇത് സമര്‍പ്പിക്കണമെന്നാണ് ചട്ടം.

സര്‍ട്ടിഫിക്കറ്റ് വര്‍ഷാവര്‍ഷം വേണ്ട

പെന്‍ഷണറുടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തില്‍ സുഖപ്പെടില്ലെന്നുറപ്പുള്ള കേസില്‍ പുതിയ സര്‍ട്ടിഫിക്കറ്റ് വര്‍ഷാവര്‍ഷം ആവശ്യമില്ല. താത്കാലികമായ ബലഹീനതയുള്ള കുട്ടികളുടെ കാര്യത്തില്‍ പെന്‍ഷന്‍ അനുവദിച്ചാല്‍ തന്നെ തുടര്‍ന്നും ഇത് ലഭിക്കാന്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ നിലവിലുള്ള അവസ്ഥയ്ക്ക് മാറ്റമില്ലെന്ന് കാണിച്ച് രക്ഷകര്‍ത്താവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

സത്യവാങ്മൂലം വേണ്ട

പങ്കാളി ഫാമിലി പെന്‍ഷന്‍ സ്വീകരിക്കുന്ന ആളാണെങ്കില്‍ റീമാര്യേജ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട കാര്യമില്ല. പങ്കാളി അല്ലാതെയുള്ള ഫാമിലി പെന്‍ഷണറുടെ കാര്യത്തില്‍ അവര്‍ വിവാഹം/ പുനര്‍വിവാഹം കഴിച്ചിട്ടില്ലെന്ന സത്യവാങ്മൂലം ഓരോ ആറു മാസം കൂടുമ്പോഴും നല്‍കിയിരിക്കണം. നിര്‍ദേശങ്ങള്‍ ബാങ്കുകള്‍ തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നോട്ടീസ് ബോര്‍ഡില്‍ പതിപ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

English Summery: New Banking Guidelines for Pension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com