ADVERTISEMENT

ഡിജിറ്റൽ ഒപ്പിടാതെ ഇലക്ട്രോണിക്കായി റിട്ടേൺ സമർപ്പിക്കുന്ന എല്ലാ നികുതിദായകരും ഇത് 120 ദിവസത്തിനുള്ളിൽ സ്ഥിരീകരിച്ചിരിക്കണം (വെരിഫിക്കേഷൻ). സ്ഥിരീകരണത്തോടെ ഇലട്രോണിക്കായി റിട്ടേൺ സമർപ്പിച്ച തീയതിയാണ് റിട്ടേൺ കൊടുത്ത തീയതിയായി കണക്കാക്കുക.

സ്ഥിരീകരിക്കാനുള്ള മാർഗങ്ങൾ 

താഴെപറയുന്ന 6 മാർഗങ്ങളിൽ ഇഷ്ടമുള്ള ഒരെണ്ണം തിരഞ്ഞെടുക്കാം. 1.ആധാർ അധിഷ്ഠിത ഒടിപി, 2.ബാങ്ക് അക്കൗണ്ട്, 3.എടിഎം, 4.ഡീമാറ്റ് അക്കൗണ്ട് നമ്പർ ഇവ ബന്ധിച്ചുള്ള ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് (ഇവിസി), 5. ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ ഇ ഫയലിങ് അക്കൗണ്ടിൽ പ്രവേശിച്ചുള്ള സ്ഥിരീകരണം, 6.ഐടിആർ-വിയിലുള്ള പ്രഖ്യാപനം ഒപ്പിട്ട് നികുതി വകുപ്പിൽ സമർപ്പിക്കൽ തുടങ്ങിയവയാണ് അവ. പ്രഖ്യാപനത്തിൻറെ പകർപ്പെടുത്ത് നീലമഷിയിലുള്ള കയ്യൊപ്പോടുകൂടി ഇൻകം ടാക്സ് ഡിപ്പാർട്മെൻറ്-സിപിസി, പോസ്റ്റ് ബോക്സ് നമ്പർ 1, ഇലക്ട്രോണിക് സിറ്റി പി.ഒ., ബെംഗളൂരു-560100 എന്ന വിലാസത്തിൽ മാത്രം സാധാരണ തപാലിലോ സ്പീഡ് പോസ്റ്റിലോ അയയ്ക്കണം.

സ്ഥിരീകരിച്ചില്ലെങ്കിൽ റിട്ടേൺ അസാധു 

ഡിജിറ്റൽ ഒപ്പിടാതെ ഇലക്ട്രോണിക്കായി സമർപ്പിച്ച റിട്ടേൺ അനുവദനീയമായ സമയത്തിനുള്ളിൽ സ്ഥിരീകരിച്ചില്ലെങ്കിൽ അത്തരം റിട്ടേണുകൾ കൊടുത്തതായി കണക്കാക്കില്ല, നികുതി റീഫണ്ട് കിട്ടില്ല.

സ്ഥിരീകരണം സെപ്റ്റംബർ വരെ മാത്രം 

ഇ- റിട്ടേൺ സമർപ്പിച്ചിട്ടും റിട്ടേൺ സ്ഥിരീകരിക്കാൻ വിട്ടുപോയവരെ ഉദ്ദേശിച്ച് ഈ മാസം 13ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് 3/2020 എന്ന നമ്പറിൽ സർക്കുലർ പുറപ്പെടുവിച്ചു. ഇതനുസരിച്ച് 2014-15 മുതൽ 2018-19 വരെയുള്ള 5 സാമ്പത്തിക വർഷത്തെ റിട്ടേൺ സ്ഥിരീകരിക്കാൻ വിട്ടുപോയവർ ഇക്കൊല്ലം സെപ്റ്റംബർ 30നകം ചെയ്തിരിക്കണം. ഇതിനകം മേൽവർഷങ്ങളിലെ റിട്ടേൺ സ്ഥിരീകരിച്ചാൽ അത് അനുവദനീയമായ സമയത്തിനുള്ളിൽ സമർപ്പിച്ചതായി കണക്കാക്കും. 

 നികുതിദായകർ എന്ത് ചെയ്യണം?

ഡിജിറ്റൽ ഒപ്പിടാതെ റിട്ടേൺ സമർപ്പിച്ചവർ ഇവ സ്ഥിരീകരിച്ചിട്ടുണ്ടോ എന്നറിയാൻ 2 വിധമാണുള്ളത്. നികുതി വകുപ്പിന്റെ https://www1.incometaxindiaefiling.gov.in/e-FilingGS/Services/EverifyHomeLink.html?lang=eng  എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് പാനും നികുതി നിർണയ വർഷവും (2014-15 സാമ്പത്തിക വർഷത്തിന്റെ നികുതി നിർണയ വർഷം 2015-16 ആണ്) റിട്ടേൺ ഇ ഫയൽ ചെയ്തപ്പോൾ ലഭിച്ച അക്നോളജ്മെന്റ് നമ്പറും കൊടുത്താൽ റിട്ടേൺ സ്ഥിരീകരിച്ചിട്ടുണ്ടോ എന്നറിയാം. 

അല്ലാത്തപക്ഷം ഇ- ഫയലിങ് വെബ്സൈറ്റിൽ നികുതിദായകൻ മുൻപ് റജിസ്റ്റർ ചെയ്തിട്ടുള്ള അക്കൗണ്ടിൽ പ്രവേശിച്ച് ‘മൈ അക്കൗണ്ടി’ൽ ‘ഇ-വെരിഫൈ’ തിരഞ്ഞെടുത്താൽ നിജസ്ഥിതി അറിയാം.

സ്ഥിരീകരണം ഇല്ലെങ്കിൽ എന്തു ചെയ്യണം?

ഇ-റിട്ടേൺ സ്ഥിരീകരിക്കാത്ത ഓരോ വർഷവും മേൽപറഞ്ഞ 6 വിധത്തിൽ ഒന്നിലൂടെ സ്ഥിരീകരിച്ചിരിക്കണം. സ്ഥിരീകരിക്കുമ്പോൾ നികുതിദായകൻ റിട്ടേണിൽ കൊടുത്ത ഇ-മെയിലിലും മൊബൈലിലും അറിയിപ്പ് ലഭിക്കും.

സമയത്തു കൊടുത്ത റിട്ടേണിനു മാത്രം

നികുതി നിയമത്തിലെ വകുപ്പ് 139 അനുസരിച്ചു റിട്ടേൺ സമർപ്പിക്കുന്നതിന് സാധാരണ അനുവദിച്ചിരുന്ന സമയത്തിനുള്ളിൽ സമർപ്പിച്ച റിട്ടേണുകൾക്ക് മാത്രമാണ് ഈ പരിഹാര നടപടി. വൈകി സമർപ്പിച്ച റിട്ടേണുകൾക്ക് ഈ ആനുകൂല്യം ലഭ്യമല്ല. റിട്ടേൺ സ്ഥിരീകരിക്കാത്തതിന്റെ പേരിൽ വകുപ്പുതല നടപടികൾ സ്വീകരിച്ച കേസുകളിലും ഈ ആനുകൂല്യമില്ല.

റിട്ടേണിൽ തുടർ നടപടി 

മേൽപ്പറഞ്ഞപ്രകാരം വെരിഫിക്കേഷൻ കോഡ് അഥവാ ഐടിആർ-വി സമർപ്പിക്കുന്ന റിട്ടേണുകളിൽ 2020 ഡിസംബർ 31നകം നികുതിനിർണയ അറിയിപ്പുകൾ പുറപ്പെടുവിക്കും. റീഫണ്ടിൻമേൽ  ഉത്തരവ് വരെയുള്ള കാലത്തെ പലിശയും ലഭിക്കും. 

സ്ഥിരീകരിച്ചില്ലെങ്കിൽ നിയമനടപടി 

റിട്ടേൺ സ്ഥിരീകരിക്കാനുള്ള ഈ അവസാന അവസരം ഉപയോഗപ്പെടുത്തിയില്ലെങ്കിൽ അക്കൂട്ടരെ റിട്ടേൺ സമർപ്പിച്ചതായി കണക്കാക്കാതെയുള്ള നിയമനടപടികൾക്ക് വിധേയരാക്കുമെന്ന് സർക്കുലറിൽ എടുത്ത് പറഞ്ഞിട്ടുണ്ട്.

English Summery: One Time Verification for Tax Return Filing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com