ഒരു കോവിഡിനും പ്രകൃതി ദുരന്തത്തിനും നമ്മെ തകർക്കാനാകില്ല, ബീ പോസിറ്റീവ്‌

HIGHLIGHTS
  • ആത്മവിശ്വാസത്തിന്റെ പോര്‍മുന കൂര്‍പ്പിച്ചു വയ്ക്കാൻ ഇതാ 5 പാഠങ്ങൾ
care
SHARE

ജീവൻ അപകടത്തിലാകുന്ന സമയത്ത്‌, ആ ഉത്‌കണ്ഠയെ മറികടന്ന്‌ പോസീറ്റീവായിരിക്കുക അത്ര എളുപ്പമല്ല. മുന്നോട്ടു വേണ്ട 5 ചിന്തകൾ

1. കരുതിവയ്‌ക്കാന്‍ മറക്കാതിരിക്കാം

ദിവസവും 1,000 രൂപ നേടുന്ന കൂലിപ്പണിക്കാര്‍ ധാരാളമുള്ള നാടാണിത്‌. എന്നാല്‍ ഇക്കൂട്ടരില്‍ വലിയൊരു വിഭാഗം പേര്‍ കോവിഡ്‌ വ്യാപനം തുടങ്ങി ഏതാനും ദിവസത്തിനുള്ളിൽത്തന്നെ രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിലേക്കു നീങ്ങി. ദുരിതം മഴയായി പെയ്തിറങ്ങാൻ തുടങ്ങിയതോടെ കാര്യങ്ങൾ അവതാളത്തിലായി. ശമ്പളക്കാരിൽ ഒരു മാസത്തെ ശമ്പളം മുടങ്ങിയാല്‍ ജീവിതം തകിടം മറിയുന്നവരാണ്‌ ഭൂരിപക്ഷവും. 

ശമ്പളം വെട്ടിക്കുറയ്‌ക്കല്‍, ഗഡുക്കളായി നല്‍കല്‍, ജോലിക്കു വന്ന ദിവസത്തെ മാത്രം കൂലി... ഇങ്ങനെ നിലനില്‍പിനായി പല സ്ഥാപനങ്ങളും കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്‌. ഈ അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ, കൊറോണക്കാലം നമ്മെ പഠിപ്പിക്കുന്ന പ്രധാന പാഠമാണ്‌ കരുതിവയ്‌ക്കാന്‍ മറക്കാതിരിക്കാം എന്നത്‌. കിട്ടുന്ന വരുമാനം എത്ര ചെറുതായാലും അതിലൊരു പങ്ക്‌ നാളേക്കായി കരുതിവച്ചാൽ, ഏതു ദുരിതക്കയവും നീന്തിക്കയറാം.

2. അത്യാവശ്യം, ആവശ്യം, ആഡംബരം

ലോക്‌ഡൗണ്‍ സമയത്ത്‌ സൂപ്പര്‍മാര്‍ക്കറ്റുകളിലോ പലവ്യഞ്‌ജനക്കടകളിലോ പോകുമ്പോഴുള്ള നമ്മുടെ വാങ്ങല്‍ രീതിയും വാങ്ങിയ സാധനങ്ങളും ഒന്നു ഓര്‍ത്തു നോക്കാമോ... പരിമിതമായ സമയത്തിനുള്ളില്‍ നമുക്ക്‌ അത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രം വാങ്ങി മടങ്ങുന്നു. പരസ്യം കണ്ടു മയങ്ങിയും പ്രലോഭനങ്ങളില്‍പെട്ട്‌ ആവശ്യമില്ലാതെയും വാങ്ങിയിരുന്ന ഒന്നും നമ്മുടെ സഞ്ചിയിൽ കാണില്ല. വേണ്ട സാധനങ്ങളുടെ മുന്‍ഗണനാക്രമത്തിനു കൃത്യതയുണ്ടായിരുന്നു. അത്യാവശ്യത്തിനും ആവശ്യത്തിനുമല്ലാതെ ധാരാളം സാധനങ്ങള്‍ വാങ്ങി പണം പാഴായിപ്പോയിട്ടുണ്ടെന്നു പലരും മനസ്സിലാക്കിയത്‌ ഇപ്പോഴാണ്. ചെലവു കുറയ്‌ക്കുകയെന്നാല്‍ അധിക വരുമാനമാണ്‌ എന്ന പാഠവും കോവിഡ്‌ കാലം പഠിപ്പിച്ചു.

3. വായ്‌പകള്‍ കരുതലോടെ

ഏതെങ്കിലും തരത്തിലുള്ള പ്രതിമാസ വായ്‌പാതിരിച്ചടവ്‌ ഇല്ലാത്തവര്‍ നാട്ടില്‍ കുറവാണ്. പലരും നിവൃത്തികേടുകൊണ്ടാണ്‌ വായ്‌പ എടുക്കുക. എന്നാൽ ആഡംബര വാഹനത്തിനും സുഖസൗകര്യങ്ങള്‍ക്കായും വായ്‌പ എടുക്കുന്നവര്‍ ഇനി പലവട്ടം ചിന്തിക്കണം, ഇതെല്ലാം അത്യാവശ്യമാണോ? അയല്‍പക്കക്കാരോട്‌ ഇനി മത്സരമേ വേണ്ട. കോവിഡ്‌ പോലൊരു ദുരിതഘട്ടം വന്നാലും തിരിച്ചടവു മുടങ്ങില്ല എന്നു കൂടി ഉറപ്പിച്ചുവേണം പുതിയ വായ്‌പകളെടുക്കാന്‍.

4. ‘പ്ലാന്‍ ബി’

ഏതു കാര്യത്തിനിറങ്ങിത്തിരിക്കുമ്പോഴും പ്രതിസന്ധികളുണ്ടായാല്‍ മറ്റൊരു പോംവഴി അഥവാ ‘പ്ലാന്‍ ബി’ ഉണ്ടാകണമെന്ന്‌ കൊറോണക്കാലം ഓര്‍മിപ്പിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാകാമെന്നും അതിനെ അതിജീവിക്കാനുള്ള പോംവഴികളും മുൻകൂട്ടി കാണണമെന്നും. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഭക്ഷണമാണ് ഒന്നാമത്‌ എന്ന പാഠം ഈ ദുരിതകാലം പഠിപ്പിക്കുമ്പോള്‍ തന്നാല്‍ കഴിയും വിധം വീട്ടിൽ കൃഷിയുമാകാം എന്നു ചിന്തിക്കുന്നതാണ്‌ പ്ലാന്‍ ബിയുടെ ഒരു ഉദാഹരണം.

5. അവസരങ്ങളില്‍ ശ്രദ്ധിക്കാം

ഏതു തകര്‍ച്ചയില്‍നിന്നും തിരിച്ചുവരാനുള്ള കരുത്ത്‌ നമുക്കുണ്ടെന്ന വിശ്വാസമാണ്‌ നമ്മെ മുന്നോട്ടു നയിക്കാന്‍ പോകുന്നത്‌. സാമ്പത്തിക തകര്‍ച്ചയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ വരുംകാലത്ത്‌ ഒളിഞ്ഞിരിക്കുന്ന സാമ്പത്തികാവസരങ്ങള്‍ കാണാതെ പോകാം. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ആത്മവിശ്വാസത്തിന്റെ പോര്‍മുന കൂര്‍പ്പിച്ചു വയ്ക്കുക. നമ്മുടെ ഇച്ഛാശക്തിക്കുമുന്നില്‍ ഒരു കോവിഡിനും പ്രകൃതി ദുരന്തത്തിനും അധികനാള്‍ നമ്മെ ഞെരുക്കിവയ്‌ക്കാനാവില്ല. ഉറപ്പ്‌

പോസിറ്റീവ് സൈക്കോളജിസ്റ്റ് ആണ് ലേഖകൻ

English Summery : B Positive

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA