ജിഡിപി: മാരകം ഈ അവസ്ഥ, 40 വർഷത്തിനുശേഷം വീണ്ടും നിഷേധ വളർച്ച, മുന്നേറാനെന്തു ചെയ്യും?

HIGHLIGHTS
  • രാജ്യത്തിനകത്ത് ഉൽപാദിപ്പിക്കപ്പെടുന്ന അന്തിമ ചരക്കുകളുടെയും സേവനങ്ങളുെടയും കമ്പോളമൂല്യത്തെയാണ് ജിഡിപികൊണ്ട് അർഥമാക്കുന്നത്
sad
SHARE

എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക ആരോഗ്യത്തെയും സാമ്പത്തിക വളർച്ചയെയും അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള ഏറ്റവും അംഗീകൃത മാപിനിയാണ് ജിഡിപി എന്ന മൊത്ത ആഭ്യന്തരോൽപാദനം. ഒരു സാമ്പത്തിക വർഷത്തിൽ ഒരു രാജ്യത്തിനകത്ത് ഉൽപാദിപ്പിക്കപ്പെടുന്ന അന്തിമ ചരക്കുകളുടെയും സേവനങ്ങളുടെയും കമ്പോളമൂല്യത്തെയാണ് ജിഡിപി എന്നതുകൊണ്ട് അർഥമാക്കുന്നത്. ജിഡിപിയോടു ചേർത്തു വയ്ക്കേണ്ട ഒന്നാണ് ജിപിഎ എന്ന മൊത്ത മൂല്യ സംയോജിതം. ഒന്നില്ലെങ്കിൽ മറ്റേതില്ല. 

പുതിയ ജിഡിപി കണക്കുകൾ

ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് ഓഗസ്റ്റ് 31 നു പുറത്തുവിട്ട 2020–’21 സാമ്പത്തിക വർഷത്തിലെ ആദ്യപാദ ജിഡിപി കണക്കുകൾ കാണിക്കുന്നത് അനിവാര്യമായതു സംഭവിച്ചു എന്നാണ്. ഒന്നാം പാദത്തിൽ ജിഡിപി വളർച്ച 23.9 ശതമാനത്തിന്റെയും ജിവിഎ വളർച്ച 22.8 ശതമാനത്തിന്റെയും സങ്കോചമാണു കാണിച്ചിരിക്കുന്നത്. 1979–’80 നുശേഷം അതായത് നാൽപതു വർഷത്തിനുശേഷം ആദ്യമായാണ് സമ്പദ്ഘടന നിഷേധ വളർച്ച (negative growth) യിലേക്കു കൂപ്പുകുത്തിയിരിക്കുന്നത്. ഇന്നത്തെ വീഴ്ച അന്നത്തെക്കാൾ മാരകമാണെന്നു മാത്രം. 

മാരകം ഈ അവസ്ഥ

നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ സങ്കോചം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഇത്രയും മാരകമായിരിക്കുമെന്നു കരുതിയിരുന്നില്ല. ജി 20 രാജ്യങ്ങളിലെ ഏറ്റവും മോശപ്പെട്ട പ്രകടനമാണിത്. കോവിഡ് 19 നു മുൻപേ ആരംഭിച്ച സാമ്പത്തിക മെല്ലെപ്പോക്ക്, കോവിഡ് 19, അതിന്റെ ഫലമായുണ്ടായ അടച്ചുപൂട്ടലുകൾ, അതുണ്ടാക്കിയ സാമ്പത്തിക പ്രവർത്തനങ്ങളിലെ നിശ്ചലാവസ്ഥ എന്നിവയെല്ലാം കൂടി സമ്പദ്ഘടനയെ ഇത്തരമൊരവസ്ഥയിൽ എത്തിച്ചു. 

ഡിമാന്റ് ഇടിഞ്ഞു

കാർഷികമേഖല മാത്രമാണ് അനുകൂലമായ 3.4 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റെല്ലാ മേഖലകളിലും വലിയ തോതിലുള്ള സങ്കോചമാണുണ്ടായിരിക്കുന്നത്. നിർമാണ മേഖലയിൽ അൻപതു ശതമാനത്തിന്റെയും വ്യാപാരം, ഹോട്ടൽ, ഗതാഗതം, വാർത്താവിനിമയ മേഖലകളിലെല്ലാം കൂടി 47 ശതമാനത്തിന്റെയും ഖനന–ക്വാറിയിങ് മേഖലകളിൽ 23 ശതമാനത്തിന്റെയും നിഷേധ വളർച്ചയാണു കാണിക്കുന്നത്. വ്യാവസായികോൽപാദനത്തിലെ ഇടിവ് 39 ശതമാനമാണ്. ചോദനത്തിലുണ്ടായ ബാഷ്പീകരണമാണ് ഇത്രയും വലിയ തകർച്ചയ്ക്കു കാരണം. തൊഴിലാളികളെ കിട്ടാത്തതും കോവിഡ് 19  മായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കപ്പെടേണ്ടതും വ്യാവസായിക മേഖലയിൽ വലിയ തിരിച്ചടിക്കു കാരണമായി. 

കടുക്കുന്ന അനിശ്ചിതത്വം 

ചെലവുവശം പരിശോധിക്കുമ്പോൾ കാണുന്ന യാഥാർഥ്യം ഞെട്ടിപ്പിക്കുന്നതാണ്. ജിഡിപിയുടെ അറുപതു ശതമാനത്തോളം വരുന്ന സ്വകാര്യ ഉപഭോഗച്ചെലവിൽ ഇരുപത്തിയേഴു ശതമാനത്തിന്റെ സങ്കോചമാണുണ്ടായിരിക്കുന്നത്. അതുപോലെ മുതൽമുടക്കിൽ 47 ശതമാനത്തിന്റെ ഇടിവാണു രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ ജിഡിപിയുടെ 32 ശതമാനമുണ്ടായിരുന്ന മൊത്ത സ്ഥിരമൂലധന സമാഹരണം നടപ്പു വർഷത്തെ ആദ്യപാദത്തിൽ 22 ശതമാനമായി കുത്തനെ ഇടിഞ്ഞിരിക്കുന്നു. സാമ്പത്തികരംഗത്തെ അനിശ്ചിതത്വമാണു മുതൽമുടക്ക് ഇത്രകണ്ടു കുറയുന്നതിനു കാരണമായത്. ചെറുകിട സംരംഭങ്ങൾ നിലനിൽപിനുവേണ്ടി പാടുപെടുകയാണിപ്പോൾ. രാജ്യത്തിന്റെ ജിഡിപിയുടെ അഞ്ചിലൊന്നു സംഭാവന ചെയ്തിരുന്ന കയറ്റുമതിയിൽ ഇരുപതു ശതമാനത്തിന്റെ ഇടിവാണ് ആദ്യപാദത്തിൽ കാണിക്കുന്നത്. ഇന്ത്യൻ ചരക്കുകൾക്കു വിദേശത്തുണ്ടായ ആവശ്യക്കുറവാണ് ഇതിനു കാരണം. 

സർക്കാറും പുതുവഴികളിലേയ്ക്ക് 

എന്നാൽ ഗവൺമെന്റിന്റെ ഉപഭോഗച്ചെലവിൽ 16.4 ശതമാനത്തിന്റെ വളർച്ചയുണ്ടായി എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അതുകൂടി ഇല്ലായിരുന്നുവെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായേനെ. വരും മാസങ്ങളിൽ ഇതേ തോതിൽ പണം ചെലവഴിക്കാൻ സർക്കാരിന് കഴിഞ്ഞെന്നു വരില്ല. സർക്കാർ വിഭവ സമാഹരണത്തിന് നവ മാർഗങ്ങൾ തേടേണ്ടിവരും. അല്ലെങ്കിൽ ധനക്കമ്മി പിടിച്ചു നിർത്താൻ കഴിയില്ല. 

സർക്കാർ കൈക്കൊണ്ട നടപടികൾ

കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇക്കഴിഞ്ഞ മേയ് മാസത്തിൽ 20,97,053 കോടി രൂപയുടെ കോവിഡ് 19 വിരുദ്ധ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയുണ്ടായി. ഇവയിലേറെയും ഇടക്കാല–ദീർഘകാലങ്ങളിൽ നേട്ടമുണ്ടാക്കുന്നതിനു സഹായിക്കുന്നവയാണ്. 20,97 ലക്ഷം കോടിരൂപയുടെ ഉത്തേജക പാക്കേജിൽ രണ്ടു ലക്ഷം കോടി രൂപയിൽ താഴെ മാത്രമാണ് സാധാരണ ജനങ്ങളിൽ എത്തുന്നത്. ഇത് ജിഡിപിയുടെ ഒരു ശതമാനത്തോളമേ വരൂ. ബാങ്ക് വായ്പകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സമൂഹത്തിലെ താഴെത്തട്ടിലുള്ള പതിമൂന്നു കോടിയോളം ആളുകളും കുടിയേറ്റത്തൊഴിലാളികൾ. കർഷകർ, ഭൂമിയില്ലാത്ത കർഷകത്തൊഴിലാളികൾ, അസംഘടിതതൊഴിലാളികൾ, വരുമാനം നിലച്ച സ്വയംതൊഴിൽ രംഗത്തുള്ളവർ, ചെറുകിട കച്ചവടക്കാർ, താഴെത്തട്ടിലുള്ള ഇടത്തരക്കാർ എന്നിവരിൽ മിക്കവരും പാക്കേജിനു പുറത്താണ്.  

ഇനി സർക്കാർ ചെയ്യേണ്ടത്

ശക്തവും യുക്തവുമായ ധനപരമായ പാക്കേജ് വഴി സർക്കാർ പ്രശ്ന പരിഹാരത്തിനു ശ്രമിക്കേണ്ടതുണ്ട്. 

∙മഹാമാരി നേരിടാൻ സംസ്ഥാനങ്ങൾക്കു കൂടുതൽ പണം അനുവദിക്കുക. 

∙സാർവത്രിക റേഷനിങ് സംവിധാനം ഉറപ്പു വരുത്തുക. 

∙പാവങ്ങൾക്കു സൗജന്യമായി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുക 

∙ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്കു 5,000 രൂപ വീതം നടപ്പു സാമ്പത്തിക വർഷം അവസാനിക്കുന്നതുവരെ പ്രതിമാസം നൽകുക 

∙തൊഴിലുറപ്പുപദ്ധതിയിലെ തൊഴിൽദിനങ്ങൾ 200 ആക്കി ഉയർത്തുക.

∙നഗരങ്ങളിൽ തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കുക.

∙ആരോഗ്യമേഖലയിൽ കൂടുതൽ പണം ചെലവഴിക്കുക 

∙അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ പണം വിനിയോഗിക്കുക 

∙മിച്ചമുള്ള ഭക്ഷ്യധാന്യങ്ങൾ ഉപയോഗപ്പെടുത്തി തൊഴിലിനു കൂലി ഭക്ഷണമാക്കി മാറ്റി, പൊതുമരാമത്തു പണികൾ ഊർജിതപ്പെടുത്തുക എന്നിവ വഴി സമ്പദ്ഘടനയെ തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തിക്കുക. ഫലദായകചോദനം (effective demand) ഉയർത്താതെ സമ്പദ്ഘടനയ്ക്കു മുന്നോട്ടുപോകാൻ കഴിയില്ല. 

∙കേന്ദ്ര സർക്കാർ അതിന്റെ തനതു ചെലവ് ഗണ്യമായി ഉയർത്തേണ്ടതുണ്ട്. ജനങ്ങൾ അവരുടെ സമ്പാദ്യം മുഴുവൻ പിൻവലിച്ച് ചെലവിടണമെന്നു പറയുന്നതിൽ അർഥമില്ല. പാവപ്പെട്ടവരും ഇടത്തരക്കാരും ഇപ്പോൾത്തന്നെ സമ്പാദ്യം മുഴുവനെടുത്ത് ഉപയോഗിച്ചു കഴിഞ്ഞു. നികുതിയിലൂടെയും മറ്റു മാർഗങ്ങളിലൂടെയും ആവശ്യത്തിനു പണം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ മറ്റു പല രാജ്യങ്ങളും ചെയ്തതുപോലെ കമ്പോള‍ത്തിൽനിന്നോ കേന്ദ്ര ബജറ്റിൽനിന്നോ പണം കടമെടുത്ത്  ആവശ്യത്തിനു ചെലവഴിക്കണം. സർക്കാർ ഇത്തരം സന്ദർഭങ്ങളിൽ അതിനു മടിക്കേണ്ടതില്ല. ധനക്കമ്മി കൂടാതിരിക്കാൻവേണ്ടി സമ്പദ്ഘടനയെ സമ്പൂർണ പരാജയത്തിനു വിട്ടുകൊടുക്കാൻ സർക്കാർ ആഗ്രഹിക്കരുത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ നേരിയ തോതിലുള്ള അനുകൂലവളർച്ച കൈവരിക്കാൻ കഴിഞ്ഞാൽപോലും നടപ്പു സാമ്പത്തികവർഷം സങ്കോചത്തിൽത്തന്നെയാവും അവസാനിക്കുക. 

English Summary : How to Overcome Negative Growth of GDP

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA