കോവിഡ് കാലത്ത് പണമുണ്ടാക്കാൻ എവിടെ നിക്ഷേപിക്കണം?

HIGHLIGHTS
  • സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവ് സ്വർണത്തിന്റെ ഇപ്പോഴത്തെ ആകർഷണീയത കുറയ്ക്കും
family-7
SHARE

നിരവധി നിക്ഷേപ മാർഗങ്ങളുടെ തിരുമുറ്റത്താണ് നാം. ഏതു തെരെഞ്ഞടുക്കണമെന്നതാണ് പ്രശ്നം. ദുർഘടമായ ഈ കാലഘട്ടത്തിൽ പതിവ് രീതികളും ചിന്തകളും കൊണ്ട് കാര്യമില്ല. മാറിചിന്തിക്കേണ്ടത് നിലനിൽപിന് അത്യന്താപേക്ഷിതമാണ്. ധനകാര്യ മാനേജ്മെന്റിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. കോവിഡ് കാലത്തെ സമ്പാദ്യം വിലപ്പെട്ടതായതിനാൽ സൂക്ഷിച്ചു വേണം നിക്ഷേപിക്കാൻ. സുരക്ഷിതത്വവും, ന്യായമായ വരുമാനവും ഉറപ്പു വരുത്തുന്ന നിക്ഷേപ മാർഗ്ഗങ്ങൾ ആകാം. ഈ സാഹചര്യത്തിൽ ആകർഷണീയമാകുന്ന നിക്ഷേപ മാർഗ്ഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം 

ബാങ്ക് നിക്ഷേപം എപ്പോഴും ആകർഷണീയം  

സ്ഥിര നിക്ഷേപങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും പറ്റിയ മാർഗം ബാങ്കുകൾ തന്നെയാണ്. ഇവിടെ ലഭിക്കുന്ന പലിശ വളരെ കുറഞ്ഞതാണെന്ന വിമർശനമുണ്ട്. എങ്കിലും കോവിഡ് കാലം നമ്മോടു ആവശ്യപ്പെടുന്നത് പ്രധാനമായും പണത്തിന്റെ സുരക്ഷിതത്വമാണ്. അതിനാൽ ചതിക്കുഴികൾ തിരിച്ചറിയണം. പണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി നിക്ഷേപിക്കണം. ഈ സാഹചര്യത്തിലാണ് ബാങ്ക് നിക്ഷേപം പ്രസക്തമാകുന്നത്.

∙ബാങ്കിൽ പണം നിക്ഷേപിക്കുമ്പോൾ പല ബാങ്കുകളുടെയും പലിശ വിലയിരുത്തി വേണം നിക്ഷേപിക്കേണ്ടത്. 

∙നമ്മുടെ ആവശ്യം മനസ്സിലാക്കി കാലാവധി തിരഞ്ഞെടുക്കുന്നതിലും നിഷ്കർഷ വേണം. 

∙പൊതുവിൽ ഷെഡ്യൂൾഡ് ബാങ്കുകൾ തിരഞ്ഞെടുത്താൽ നല്ലതാണ്. 

∙ഡിപ്പോസിറ്റ് ഇൻഷുറൻസ് ബാധകമാകുന്ന  ഏതൊരു ബാങ്കിങ്ങ്  സ്ഥാപനവും സ്ഥിരനിക്ഷേപത്തിന്റെ സുരക്ഷിതത്വം ഉറപ്പു നൽകുന്നു.  

∙പണത്തിന്റെ ആവശ്യം വരുന്ന സാഹചര്യത്തിൽ സ്ഥിര നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ  75 ശതമാനം വരെ വായ്‌പയും  ലഭിക്കും.

പലിശ ഉപയോഗിച്ച് ചിട്ടിയിൽ ചേരുക

മറ്റു നിക്ഷേപ മാർഗങ്ങളെ അപേക്ഷിച്ചു ബാങ്കിങ്  സ്ഥാപനങ്ങളിലെ പലിശ കുറവായതിനാൽ ആ നഷ്ടം പരിഹരിക്കുന്നതിന് ഈ രീതി സ്വീകരിക്കാം. സ്ഥിര നിക്ഷേപത്തിൽ നിന്ന് കിട്ടുന്ന പലിശ ഉപയോഗിച്ച് ചിട്ടിയിൽ ചേർന്നാൽ ബാങ്കിൽ നിന്നു കിട്ടുന്ന വരുമാനം കൂടുതൽ ആകർഷകമാക്കാം. എക്കാലത്തും ചിട്ടി ആകർഷണീയമായ ഒരു സമ്പാദ്യ മാർഗമാണ്. 

ഓഹരിയും സ്വർണ വിപണിയും 

ഓഹരിവിപണി എപ്പോഴും അനിശ്ചിതത്വത്തിന്റെ പാതയിലാണ്. നഷ്ട സാധ്യത കൂടിയ രംഗം, അതേ സമയം ലാഭത്തിന്റെ അളവും കൂടിയിരിക്കും. വ്യക്തമായ ഉറപ്പ് ഒന്നിലും ഇല്ല. കോവിഡ് കാലത്തു ഓഹരി കമ്പോളം ഇടിയുകയും നിക്ഷേപകർക്ക് നഷ്ടം സംഭവിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ വിപണി കരകയറുകയാണ്. ഈ സ്ഥിതി തുടരുമെന്നതിൽ ഉറപ്പില്ല എന്നതാണ് ഏവരെയും ആശങ്കപ്പെടുത്തുന്ന വസ്തുത. കാരണം, സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടിട്ടില്ല. കൊറോണ വൈറസിന്റെ വ്യാപനം കുറയുന്നതുമില്ല. അതിനാൽ അനിശ്ചിതത്വത്തിന്റെ നാളുകൾ മാറിയിട്ടില്ല. ഈ സാഹചര്യത്തിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർ വേണ്ടത്ര അറിവ് സമ്പാദിച്ചിട്ടു വേണം അതിനു മുതിരേണ്ടത്. ഏതായാലും ദീർഘ കാലത്തേക്ക് പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ സമ്പാദ്യത്തിന്റെ ഒരു പ്രത്യേക ശതമാനം യുക്തിപൂർവം തെരഞ്ഞെടുക്കുന്ന ഓഹരികളിൽ നിക്ഷേപിക്കാവുന്നതാണ്.  

സ്വർണം എന്നും ഒരു സുരക്ഷിത നിക്ഷേപ മാർഗമായി കണക്കാക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ സ്വർണത്തിന്റെ വില  കുറച്ചുകൂടി മുന്നോട്ടു പോകാനുള്ള സാധ്യതയാണ് കാണുന്നത്. സമ്പാദ്യത്തിന്റെ കുറച്ചു ഭാഗം സ്വർണത്തിൽ നിക്ഷേപിക്കുന്നതിൽ ഉടൻ ആപത്തുണ്ടാകാൻ സാധ്യതയില്ല. എന്നാൽ അതിന്റെ വില പരമാവധിയിലെത്തുമ്പോൾ പ്രസ്തുത നിക്ഷേപം പിൻവലിച്ചു മറ്റു മാർഗങ്ങൾ കണ്ടെത്തുന്നത് നന്നായിരിക്കും. സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവ് സ്വർണത്തിന്റെ ഇപ്പോഴത്തെ ആകർഷണീയത കുറയ്ക്കും. പ്രസ്തുത സാഹചര്യത്തിൽ, സ്വർണത്തിൽ നിന്നുള്ള നിക്ഷേപം പിൻവലിച്ചു പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തണം.  

ഇൻഷുറൻസ്, ആധുനിക നിക്ഷേപങ്ങൾ

ഇൻഷുറൻസ് ഒരു ജീവിത പരിരക്ഷയാണ് അതില്ലാത്തവർ ഇൻഷുറൻസ് എടുക്കാൻ വൈകരുത്, ആരോഗ്യ ഇൻഷുറൻസ് പ്രത്യേകിച്ചും. ഇന്ന് നിക്ഷേപവും പരിരക്ഷയും കൂട്ടിച്ചേർത്തുള്ള നല്ല ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്. അത് കൃത്യമായി മനസ്സിലാക്കി നിക്ഷേപം നടത്താവുന്നതാണ്. ഇവിടെയും  നഷ്ടസാധ്യത വലുതാണ്. ഡെറ്റ് ഉപകരണങ്ങൾ, വിവിധ തരം ബോണ്ടുകൾ, ഹൈബ്രിഡ് സെക്യൂരിറ്റികൾ തുടങ്ങിയവ ആധുനിക നിക്ഷേപ മാർഗങ്ങളാണ്. ഇതിലെല്ലാം നഷ്ടസാധ്യതയുണ്ട്. സർക്കാർ സെക്യൂരിറ്റികളും, ഗ്യാരന്റീഡ് റിട്ടേൺ നിക്ഷേപങ്ങളും പരിഗണിക്കാവുന്ന നിക്ഷേപ ങ്ങളാണ്. ഉറപ്പായ വരുമാനവും, നികുതി ആദായവും ഇവ നൽകും

നിക്ഷേപത്തിനൊരു പോർട്ടഫോളിയോ  

കോവിഡ് കാലഘട്ടത്തിൽ രൂപപ്പെടുത്തുന്ന പോർട്ട്ഫോളിയോ  നിക്ഷേപത്തിൽ ബാങ്കിങ് നിക്ഷേപത്തിന് പ്രാമുഖ്യം ഉണ്ടായിരിക്കണം.  താഴെ കൊടുത്തിരിക്കുന്ന പോർട്ട്ഫോളിയോ ഈ കാലഘട്ടത്തിലെ ഒരു മാർഗദർശിയായിരിക്കും.   

പട്ടിക: 

Table Patric 7-9-2020

രണ്ടു  ഓപ്ഷനുകളാണ്  പട്ടികയിൽ നൽകിയിരിക്കുന്നത്. കോവിഡ് കാലം ആവശ്യപ്പെടുന്ന സുരക്ഷിതത്തിനാണ് പോർ്ട്ടഫോളിയോയിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. അതേ സമയം ന്യായമായി കിട്ടേണ്ട റിട്ടേൺ പരിഗണിച്ചുള്ള ഒരു പോർട്ട്ഫോളിയോ തന്നെയാണിത്. കോവിഡ് കാലമായതിനാൽ നഷ്ട സാധ്യത വളരെ കുറക്കാനുള്ള ശ്രമമാണ് പോർട്ട്ഫോളിയോയിൽ പ്രകടിപ്പിക്കുന്നത്. വരുമാനത്തിനനുസരിച്ചു ചെറിയ ഏറ്റക്കുറച്ചിലുകൾ നടത്തിയും പോർട്ട്ഫോളിയോ വികസിപ്പിക്കാവുന്നതാണ്. കൂടിയ വരുമാനക്കാർ അൽപം നഷ്ടസാധ്യത ഏറ്റെടുക്കുന്നതിൽ അപാകതയില്ല. അതായതു ഓപ്ഷനുകളുടെ എണ്ണം കൂട്ടാം; പക്ഷെ ബാങ്ക് നിക്ഷേപത്തിന്റെ പ്രാധാന്യം കുറക്കാൻ പാടില്ല. ഏതു വിഭാഗക്കാരായാലും, ഉചിതമായ അറിവ് സമ്പാദിക്കുകയോ, വിദഗ്ദ്ധരുടെ അഭിപ്രായം തേടുകയോ ചെയ്തിട്ട് വേണം നിക്ഷേപ തീരുമാനങ്ങൾ എടുക്കേണ്ടത്.

English Summary : Where to Invest During Covid

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA