ADVERTISEMENT

നിലവിൽ വരുമാനമൊന്നുമില്ലാത്ത ഒരു വീട്ടമ്മയാണു ഞാൻ. കൊറോണയുടെ ദുരിതം അവസാനിക്കുന്ന മുറയ്ക്ക് ചെറിയൊരു വീട്ടുസംരംഭം തുടങ്ങണമെന്നുണ്ട്. പ്രതിമാസം 50,000 രൂപയിൽ കുറയാത്ത വരുമാനം പ്രതീക്ഷിക്കുന്നു. സ്വയം തൊഴിൽ സംരംഭകർ ആദായനികുതി റിട്ടേൺ കൊടുക്കണമെന്നു കേട്ടിട്ടുണ്ട്. എന്താണ് ഇക്കാര്യത്തിൽ ചെയ്യേണ്ടത്? ജലജ കബീർ, പാണത്തൂർ

രണ്ടര ലക്ഷം രൂപയ്ക്കു മേൽ മൊത്ത വരുമാനം ഉള്ളവർ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. താങ്കൾ തുടങ്ങുവാനുദ്ദേശിക്കുന്ന സംരംഭത്തിൽനിന്ന് ഏകദേശം 6 ലക്ഷം രൂപ വാർഷിക വരുമാനം പ്രതീക്ഷിക്കുന്നതിനാൽ റിട്ടേൺ സമർപ്പിക്കുവാനുള്ള ബാധ്യതയുണ്ട്.

താഴെ പറയുന്ന രണ്ടു രീതികളിൽ ഏതെങ്കിലും ഒരു രീതിയിൽ വരുമാനം നികുതി വിധേയമാക്കാം. 

1. ദിവസേന വരവു ചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കുക. ബില്ലുകളും രസീതുകളും വൗച്ചറുകളും മറ്റു രേഖകളും വരവുചെലവുകൾക്കു തെളിവായി സൂക്ഷിക്കുക. ബിസിനസിൽനിന്നുള്ള കണക്കുകൾ പ്രകാരം ലാഭം കണക്കാക്കി ആ ലാഭം ബിസിനസ് വരുമാനമായി കാണിച്ചുകൊണ്ട് റിട്ടേൺ ഫയൽ ചെയ്യാം. ഈ ലാഭം വിറ്റുവരവിന്റെ എട്ടു ശതമാനത്തിൽ താഴെയാണെങ്കിൽ കണക്കുകൾ ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യണം. വിറ്റുവരവ് ഒരു കോടി രൂപയ്ക്കു മുകളിൽ വരുന്ന പക്ഷം കണക്കുകൾ ചാർട്ടേഡ് അക്കൗണ്ടന്റിനെ കൊണ്ട് ഓഡിറ്റ് ചെയ്യിച്ച് ഓഡിറ്റ് റിപ്പോർട്ട് കൂടെ റിട്ടേണിനു പുറമേ ഫയൽ ചെയ്യണം.

2. വകുപ്പ് 44AD പ്രകാരം ബിസിനസിൽ നിന്നുള്ള ലാഭം ഒരു അനുമാന പ്രകാരം വെളിപ്പെടുത്തി റിട്ടേൺ ഫയൽ ചെയ്യാം. വിശദമായ കണക്കുകൾ സൂക്ഷിക്കേണ്ട ആവശ്യം ഇവിടെ ഇല്ല. റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതിക്കു മുൻപു വരെ ബാങ്കിലൂടെ വരുന്ന ഒരു വർഷത്തെ വിറ്റുവരവിന്റെ മിനിമം ആറു ശതമാനം എങ്കിലും ലാഭം ആയി കണക്കാക്കി റിട്ടേണിൽ വെളിപ്പെടുത്തിയാണ് റിട്ടേൺ ഫയൽ ചെയ്യേണ്ടത്. മേൽപറഞ്ഞവ മിനിമം ശതമാനങ്ങളാണ്. ബിസിനസിൽനിന്നുള്ള താങ്കളുടെ അനുമാന പ്രകാരമുള്ള ലാഭം ഇതിൽ കൂടുതൽ ആണെങ്കിൽ അതു കാണിച്ചു റിട്ടേൺ ഫയൽ ചെയ്യാം

English Summary: Guidelines for Submitting Return for Self Employers

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com