ADVERTISEMENT

സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഈയിടെ നടപ്പാക്കിയ പുതിയ വേതന ചട്ടം നിങ്ങളുടെ 'കൈയില്‍ കിട്ടുന്ന ശമ്പളം' കുറയ്ക്കാന്‍ ഇടയാക്കിയേക്കും. പരിഷ്‌കരിച്ച വേതന നിയമത്തില്‍ പറയുന്ന പുതിയ ചട്ടമാണ് ഇതിന് കാരണം. 2021 ഏപ്രില്‍ മാസം മുതലാണ് ഇത് നടപ്പിലാകുന്നത്.

ബേസിക് പേ 50 ശതമാനം നിര്‍ബന്ധം

ജീവനക്കാര്‍ക്ക് മാസം കൊടുക്കുന്ന ആകെ തുകയില്‍ (ശമ്പളം) അലവന്‍സുകള്‍ 50 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണ് പുതിയ വ്യവസ്ഥ പറയുന്നത്. അതായത് അടിസ്ഥാന ശമ്പളം (സര്‍ക്കാര്‍ സര്‍വീസില്‍ ബേസിക് പേയും ഡി എ യും കൂടി കൂട്ടിയ തുക) ഒരു കാരണവശാലും 50 ശതമാനത്തില്‍ കുറയാന്‍ പാടില്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ കൂടുതലും അടിസ്ഥാന ശമ്പളം കുറച്ച് അലവന്‍സുകള്‍ കൂട്ടി നല്‍കുകയാണ് ചെയ്യുന്നത്. ട്രാവല്‍ അലവന്‍സ്, മെട്രോ അലവന്‍സ്, ഫുഡ് അലവന്‍സ്, റെസിഡന്‍സ് അലവന്‍സ്, ടെലഫോണ്‍,എന്‍റര്‍ടൈന്റ്‌മെന്റ് അലവന്‍സ് എന്നിങ്ങനെ വിവിധ ഹെഡുകളില്‍ അടിസ്ഥാന ശമ്പളത്തിന്റെ മൂന്നും നാലും ഇരട്ടിയാണ് ഇങ്ങനെ നല്‍കുന്നത്.

പി എഫ് ബാധ്യത കുറയ്ക്കാന്‍

ജീവനക്കാരുടെ പി എഫ്, ഗ്രാറ്റ്യൂറ്റി ബാധ്യത കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് പി എഫ് കോണ്‍ട്രിബ്യൂഷനായി സ്ഥാപനം ജിവനക്കാര്‍ക്ക് വേണ്ടി അടയ്‌ക്കേണ്ടത്. ഒപ്പം ജീവനക്കാരനും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം അടയ്ക്കണം. അടിസ്ഥാന ശമ്പളം അതുകൊണ്ട് കുറച്ച് നിര്‍ത്തിയാല്‍ ഈ ഇനത്തില്‍ കമ്പനികള്‍ക്ക് വലിയ തുക മാസം ലാഭിക്കാം. ഇത് റിട്ടയര്‍മെന്റ് കാലത്ത് നേട്ടമാകുമെങ്കിലും കമ്പനികള്‍ക്കും വലിയ ഭവന, വാഹന വായ്പ ഇ എം ഐ യുമായി ജീവിതം തള്ളി നീക്കുന്നവര്‍ക്ക് ഇത് പ്രഹരമായിരിക്കും.

കൂടിയ ബാധ്യത 2400 രൂപ

ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. 60,000 രൂപ മാസശമ്പളം കിട്ടുന്ന ആള്‍ക്ക് 20,000 രൂപയാണ് നിലവിലെ അടിസ്ഥാന ശമ്പളം എന്നിരിക്കട്ടെ. ബാക്കി തുക മറ്റ് അലവന്‍സുകളായിട്ടായിരിക്കും ശമ്പളത്തോടൊപ്പം നല്‍കുന്നത്. അയാളുടെ ആകെ പി എഫ് സംഭാവന മാസം 4,800 രൂപയായിരിക്കും. (തൊഴിലുടമയുടെ വിഹിതം 12 ശതമാനം, ജീവനക്കാരന്റേത് 12 ശതമാനം) പുതിയ ചട്ടമനുസരിച്ച് അടിസ്ഥാന ശമ്പളം ആകെ ശമ്പളത്തിന്റെ  50 ശതമാനമെങ്കിലും ആയിരിക്കണം. അങ്ങനെ വരുമ്പോള്‍ അടിസ്ഥാന ശമ്പളം ചുരുങ്ങിയത് 30,000 രൂപ വരും. അങ്ങനെയെങ്കില്‍ ഇവിടെ പി എഫ് അടവ് 7200 രൂപ വരും. അതായത് മാസം 2,400 രൂപ അധികം. ഇതില്‍ സ്ഥാപനത്തിന്റെ സംഭാവനയില്‍ വരുന്ന അധിക തുക കിഴിച്ചാല്‍ ജീവനക്കാരന്റെ മാസ അടവില്‍ 1200 രൂപ കൂടും. ഈ ഉദാഹരണത്തില്‍ സ്ഥാപനത്തിന് ഒരു ജീവനക്കാരന് മാത്രം മാസമടക്കേണ്ട പി എഫ് വിഹിതത്തില്‍ 1200 രൂപ കൂടും. ഇതിലും വലിയ ശമ്പളത്തില്‍ നൂറു കണക്കിന് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് കനത്ത പ്രഹരമാകും.

English Summary: How the New Wage Rule will Affect You?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com