നടപ്പാക്കാനാകുന്ന ഒരു ബജറ്റ് അവതരിപ്പിക്കാൻ ഇപ്പോൾ സംസ്ഥാനത്തിനാകുമോ?

HIGHLIGHTS
  • കേരളത്തിലെ ധനസ്ഥിതി ഈ ബജറ്റ് സമയത്ത് പരിതാപകരമാണ്
kerala-budget-2021-thomas-isaac
SHARE

കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സമയത്താണ് പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെയും സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തെയും വാർഷിക ബജറ്റ് ജനുവരി 15 ന് നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്നത്. ധനമന്ത്രി ഒരു ഇടക്കാല ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നു വേണം കരുതാൻ. അടുത്ത സാമ്പത്തിക വർഷത്തെ ഒന്നര മാസം മാത്രം ഭരിക്കാൻ ജനങ്ങൾ അധികാരം നൽകിയ ഒരു ഗവൺമെന്റിന് ഒരു സമ്പൂർണ ബജറ്റവതരിപ്പിക്കുന്നതിൽ നിയമപരമായി വിലക്കൊന്നുമില്ലെങ്കിലും ധാർമികമായി ശരിയല്ലെന്നു പറയാം. കഴിഞ്ഞ കുറച്ചു കാലമായി മുൻകാല കീഴ്‌വഴക്കങ്ങൾ തെറ്റിച്ച് സമ്പൂർണ ബജറ്റ് തന്നെയാണ് അവതരിപ്പിച്ചു പോരുന്നത്. 

ഇപ്പോഴത്തെ പ്രതിസന്ധി

2018, 2019 വർഷങ്ങളിലെ വെള്ളപ്പൊക്കവും 2020 ലെ കോവിഡ് 19 ന്റെ വരവും വ്യാപനവും അതുണ്ടാക്കിയ അടച്ചുപൂട്ടലുകളും സമ്പദ്ഘടനയിലുണ്ടാക്കിയ പ്രത്യാഘാതങ്ങൾ വിവരണാതീതമാണ്. എന്നാൽ, ഇതിനു മുൻപുതന്നെ സാമ്പത്തികരംഗത്തു രൂക്ഷമായ പ്രശ്ങ്ങളുണ്ടായിരുന്നുവെന്നതു തർക്കമറ്റ കാര്യമാണ്. 

സംസ്ഥാനത്ത് ട്രഷറികൾ തുറക്കാതിരുന്ന സമയമുണ്ടായിരുന്നു. അതിന്റെയൊക്കെ ഉത്തരവാദിത്തം കേരളം മാറി മാറി ഭരിച്ച ഇടതു–വലതു മുന്നണികൾക്ക് ഒരുപോലെ അവകാശപ്പെട്ടതാണ്. ഒരു വ്യക്തിക്കെന്നപോലെ ഭരണകൂടത്തിനും വരവിനനുസരിച്ചു ചെലവിടാൻ കഴിയണം. അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ ഗ്രീസും അർജന്റീനയുമൊക്കെ ഇവിടെയും ആവർത്തിക്കപ്പെടും. എന്നാൽ, ഇപ്പോഴത്തെ പ്രതിസന്ധി കോവിഡ്–19 ഉം അതിന്റെ ഫലമായി കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ പ്രഖ്യാപിച്ച അടച്ചുപൂട്ടലുകളുമാണ്. അതു കേരള സമ്പദ്ഘടനയിലുണ്ടാക്കിയ അനിശ്ചിതാവസ്ഥ വളരെ വലുതാണ്. വരുമാനം നിലച്ചു. ചെലവുകൾ ഉയർന്നു. 

ഉപഭോക്തൃ സംസ്ഥാനത്തിന്റെ പരാശ്രയത്വം

കേരളം ഒരു ഉപഭോഗ സംസ്ഥാനമാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ ഹരിയാനയ്ക്കും മഹാരാഷ്ട്രയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ്. കേരളത്തിലെ ഉപഭോക്താക്കളാണ് ആളോഹരി ഉപഭോഗത്തിൽ ഇന്ത്യയിൽ ഏറ്റവും മുന്നിൽ.ഇതു വിദേശ മലയാളികൾ അയയ്ക്കുന്ന പണത്തിന്റെ ഫലമാണ്. കേരളം മറ്റു സംസ്ഥാനങ്ങളിൽനിന്ന് 1.55 ലക്ഷം കോടി (1.5 ട്രില്യൻ) രൂപയുടെ ചരക്കുകൾ ഇറക്കുമതി ചെയ്യുമ്പോൾ നമ്മൾ കയറ്റി അയയ്ക്കുന്നത് 55,000  കോടി രൂപയുടെ ഉൽപന്നങ്ങൾ മാത്രമാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായുള്ള കേളത്തിന്റെ വ്യാപാരക്കമ്മി ഒരു ലക്ഷം കോടി രൂപയുടേതാണ്. ഈ വ്യാപാരക്കമ്മി വിരൽ ചൂണ്ടുന്നത് കേരളത്തിന്റെ ചെറുതും അർധ വികസിതവുമായ ഉൽപാദനമേഖലയിലേക്കാണ്. നമ്മുടെ ഉയർന്ന ഉപഭോഗാഭിനിവേശം അയൽസംസ്ഥാനങ്ങളിലാണ് ഡിമാൻഡും  തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കുന്നത്. ഈ യാഥാർഥ്യം ഉൾക്കൊണ്ടു മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾ കഴിവതും ഇവിടെത്തന്നെ നിർമിച്ചു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ വരുമാനവും ജീവിതനിലവാരവും കുറെക്കൂടി ഉയർത്തുന്നതിനും സർക്കാർ ശ്രമിക്കേണ്ടതാണ്. അതിനുള്ള നടപടികൾ ബജറ്റിലുണ്ടാവണം. സാങ്കേതികവിദ്യകളും അറിവും ഉപയോഗപ്പെടുത്തി ചെറുപ്പക്കാർക്കു മുന്നേറാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനു ഗവൺമെന്റ് ഊന്നൽ നൽകണം. 

പെരുകുന്ന പൊതുകടം

2001 ൽ കേരളത്തിന്റെ പൊതുകടം വെറും 25,754 കോടി രൂപയായിരുന്നു. 2020–’21 ലെ ബജറ്റ് കണക്കനുസരിച്ചു നടപ്പു സാമ്പത്തികവർഷം അവസാനിക്കുമ്പോൾ സംസ്ഥാനത്തിന്റെ പൊതുകടം 2,92,087 കോടി രൂപയായിരിക്കും. ഇരുപതു വർഷംകൊണ്ടു സംസ്ഥാനത്തിന്റെ പൊതുകടം 1034 ശതമാനത്തിന്റെ വർധനവാണു കാണിക്കുന്നത്. ഇതു കോവിഡ് 19 നു മുൻപ് അവതരിപ്പിച്ച ബജറ്റിലെ കണക്കാണ്. കോവിഡ്19 കേരള സമ്പദ്ഘടനയിൽ 80,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്നാണു സർക്കാർ നിയോഗിച്ച ഒരു കമ്മിറ്റിയുടെ വിലയിരുത്തൽ. സംസ്ഥാനത്തിനു നിലവിലെ മൂന്നു ശതമാനത്തിൽനിന്ന് അഞ്ചു ശതമാനം കടമെടുക്കാൻ കേന്ദ്രസർക്കാർ കോവിഡ് 19 പാക്കേജുമായി ബന്ധപ്പെട്ട് അനുവദിച്ചത് സംസ്ഥാനത്തിന്റെ പൊതുകടം വീണ്ടും ഉയർത്തും. ഇതുവഴി 18,087 കോടി രൂപ കൂടുതലായി സംസ്ഥാനത്തിനു കടമെടുക്കാൻ കഴിയും. ബജറ്റിൽ കാണിച്ച ധനക്കമ്മി 29,295 കോടി രൂപയാണെങ്കിലും ആദ്യ അഞ്ചുമാസംകൊണ്ടുതന്നെ കമ്മി 31008.2 കോടി രൂപയിലെത്തിയിരിക്കുന്നു. അതായത്, ബജറ്റ് ലക്ഷ്യത്തിന്റെ 109 ശതമാനം നികുതിയേതര വരുമാനം കുത്തനെ കുറയുകയും ചെലവ് റോക്കറ്റ് വേഗത്തിൽ ഉയരുകയും ചെയ്യുമ്പോൾ സംസ്ഥാന സർക്കാരിനു കടമെടുക്കാതെ മുന്നോട്ടു പോകാൻ കഴിയില്ല. അതിനാൽ സാമ്പത്തികവർഷം അവസാനിക്കുമ്പോൾ യഥാർഥ കടം വീണ്ടും കുതിച്ചുയരും. അനാവശ്യവും അത്യാവശ്യമല്ലാത്തതുമായ ചെലവുകൾ കുറയ്ക്കാൻ തിരഞ്ഞെടുപ്പു വർഷത്തിൽ സർക്കാർ തയാറാവില്ല. 

പുതിയ ധനസ്ഥിതി

സംസ്ഥാനത്തിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ മൂന്നിൽ രണ്ടുഭാഗം സംഭാവന ചെയ്യുന്നത് നികുതിവരുമാനമാണ്. ഇതിൽ സംസ്ഥാനത്തിന്റെ തനതു വരുമാനവും ധനകാര്യക്കമ്മിഷൻ ശുപാർശ ചെയ്ത പ്രകാരമുള്ള കേന്ദ്രനികുതിവിഹിതവും ഉൾപ്പെടുന്നു. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലെ പ്രധാന പങ്കാളികൾ ജിഎസ്ടി, വിൽപന നികുതി, സ്റ്റാംപ് ഡ്യൂട്ടി, സംസ്ഥാന എക്സൈസ് ഡ്യൂട്ടി, ഭൂനികുതി എന്നിവയാണ്. സാമ്പത്തിക വർഷത്തെ ആദ്യ അഞ്ചുമാസത്തെ വരുമാനം പരിശോധിക്കുമ്പോൾ ഭൂനികുതി ഒഴിച്ച് ബാക്കിയെല്ലാറ്റിലും സങ്കോചമാണുണ്ടായിരിക്കുന്നത്. കേരള ഗവൺമെന്റിന്റെ റവന്യു വരുമാനത്തിൽ ആദ്യ അഞ്ചുമാസം കൊണ്ട് 23.5 ശതമാനത്തിന്റെ സങ്കോചമുണ്ടായപ്പോൾ റവന്യു ചെലവിൽ 14.1 ശതമാനത്തിന്റെ വർധനയാണുണ്ടായത്. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ 38.1 ശതമാനത്തിന്റെയും നികുതിയേതര വരുമാനത്തിൽ 82.3 ശതമാനത്തിന്റെയും  ഇടിവുണ്ടായി. സംസ്ഥാനത്തിന്റെ റവന്യുകമ്മി ഇക്കാലത്ത് കഴിഞ്ഞ വർഷത്തെ 11,298.5 കോടി രൂപയിൽനിന്നു നടപ്പു വർഷം 25,759 കോടി രൂപയായി ഉയർന്നു. 128 ശതമാനത്തിന്റെ വളർച്ച. സബ്സിഡികളടക്കമുള്ള സാമൂഹിക സാമ്പത്തികച്ചെലവുകളിൽ ഉണ്ടായ ഗണ്യമായ വർധനയും നികുതി–നികുതിയേതര വരുമാനത്തിലുണ്ടായ ഇടിവും കമ്മികളിലും കടമെടുക്കുന്നതിന്റെ തോതിലും വൻവർധനയ്ക്കു കാരണമായി. 

തിരഞ്ഞെടുപ്പ് അടുത്തതിനാൽ 2021–’22 സാമ്പത്തികവർഷത്തെ ബജറ്റിൽ നികുതിനിരക്കുകൾ അതേപടി തുടരുന്നതിനും കൂടുതൽ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുന്നതിനുമായിരിക്കും ധനമന്ത്രി ഊന്നൽ നൽകുക. നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ പ്രഖ്യാപിക്കുകയും പ്രഖ്യാപിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുകയും ചെയ്യുമ്പോഴാണ് ഒരു ബജറ്റ് വിജയിക്കുന്നത്. 

സംസ്ഥാന ആസൂത്രണ ബോർഡ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ

Englisg Summary : Expectations about State Budget 2021

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA