ADVERTISEMENT

ഇന്ത്യ വിപണി ഇന്ന് ഒരു പതിഞ്ഞ തുടക്കം  പ്രതീക്ഷിക്കുന്നു. ഡൗ ജോൺസ്‌  ഫ്യൂച്ചറിന് പിന്നാലെ ഏഷ്യൻ വിപണികളുടെ  റേഞ്ച് ബൗണ്ട്  ഓപ്പണിംഗും  ഇന്ത്യൻ   വിപണിയെയും   സ്വാധീനിക്കും. വിദേശ ഫണ്ടുകളുടെ  നടപടികളും,  കോവിഡ് പരിഭ്രാന്തിയും കഴിഞ്ഞ രണ്ടു തിങ്കളാഴ്ചകളിലുമെന്ന പോലെ ഇന്നും വിപണിയിൽ വിൽപന  സമ്മർദ്ധമുണ്ടാക്കിയേക്കാമെങ്കിലും വിപണിയിൽ തിരിച്ചു വരവിന് സാധ്യതയേറെയാണ്. 

ഫെഡ് മീറ്റിങ്ങും, ബൈഡന്റെ നികുതികളും 

വെള്ളിയാഴ്ച്ച നേട്ടത്തിൽ അവസാനിച്ച അമേരിക്കൻ വിപണിയിൽ ഇന്നൊരു കണ്സോളിഡേഷൻ  പ്രതീക്ഷിക്കുന്നുവെങ്കിലും അമേരിക്കൻ  ഭീമന്മാരുടെ ഫലപ്രഖ്യാപനങ്ങളും, ഫെഡ് റിസേർവിന്റെ പുതിയ വളർച്ചാ പ്രഖ്യാപനങ്ങളും ഈ ആഴ്ച്ച അമേരിക്കൻ വിപണിക്ക് മുന്നേറ്റം നൽകുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. ജോ ബൈഡന്റെ പുത്തൻ നികുതിപ്രഖ്യാപനങ്ങളും, വ്യാഴാഴ്ചത്തെ ജോബ് ഡേറ്റ പ്രഖ്യാപനങ്ങളും, 27നും, 28നുമായി നടക്കുന്ന അമേരിക്കൻ ഫെഡ് റിസേർവിന്റെ (എഫ്ഓഎംസി) പോളിസി  മീറ്റിങ്ങിലെ തീരുമാനങ്ങൾക്കൊപ്പം  വിപണിക്കും  പ്രധാനമാണ്. ടെസ്‌ല, ആപ്പിൾ, ആമസോൺ, ജിഎം, ഫോർഡ്,  ബോയിങ്, ക്വാൽകോം, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ഗൂഗിൾ മുതലായ  അമേരിക്കൻ ഭീമന്മാരും  അടുത്ത ആഴ്ച  റിസൾട്ടുകൾ  പ്രഖ്യാപിക്കുന്നതും ലോകവിപണി പ്രതീക്ഷയോടെയാണ്  കാണുന്നത്. .

നിഫ്റ്റി

രാജ്യാന്തര വിപണി പിന്തുണയും, കോവിഡ് വ്യാപനകണക്കുകളും, വിദേശ ഫണ്ടുകളുടെ വിൽപനയുമായിരിക്കും കോവിഡ് വ്യാപനത്തിന്റെ  നടുവിൽ പെട്ടു പോയ ഇന്ത്യൻ  വിപണിയുടെ ഗതി നിർണയിക്കുക. കഴിഞ്ഞ ആഴ്ചയിലെ നാലു ദിവസവും വിൽപനക്കാരായിരുന്ന എഫ്ഐഐകൾ വിൽപനയുടെ തോതു കൂട്ടിയേക്കാമെന്നതും  വിപണിയുടെ ആശങ്കയാണ്.  മുൻ ആഴ്ചയിലെ  അവസാന  ദിനത്തിലെ അവസാന മണിക്കൂറിൽ  14700 എന്ന കടമ്പയിൽ തട്ടി  വീണു ‌തുടങ്ങിയ നിഫ്റ്റി 14200 പോയിന്റിലെ പിന്തുണയിലാണ് കഴിഞ്ഞ ഒരാഴ്ച പിടിച്ചു നിന്നത്. നിഫ്റ്റിയുടെ 14000 പോയിന്റിലെ പിന്തുണ നഷ്ടപ്പെട്ടാൽ 13600 പോയിന്റ് ദീർഘ കാല നിക്ഷേപകർക്ക് അടുത്ത  നിക്ഷേപ  അവസരമാണ്. 14500 , 14700 പോയിന്റുകളിൽ തന്നെയാണ് നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പകൾ . ബാങ്ക് നിഫ്റ്റി 31300 പോയിന്റിലും, 31000 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു.

ഫാർമ, ഇൻഷുറൻസ്, സ്വർണം, മെറ്റൽ, ടെലികോം സെക്ടറുകൾ ഇന്ന് ശ്രദ്ധിക്കുക. അപ്പോളോ ഹോസ്പിറ്റൽ,   കാഡില, ഡോക്ടർ റെഡ്‌ഡിസ്‌, പവർ  ഗ്രിഡ്, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്,  രാമകൃഷ്ണ  ഫോർജിങ്‌സ്, എച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, എയർ ടെൽ, ഹിന്ദ് കോപ്പർ, വേദാന്ത, മുതലായ ഓഹരികൾ ഇന്ന്  ശ്രദ്ധിക്കുക. ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്ക് മുതലായ കമ്പനികൾക്ക്  വിപണി  പ്രതീക്ഷക്കൊത്ത ഫലപ്രഖ്യാപനം നടത്താനാവാതെ പോയത് ബാങ്കിങ്, ഐടി സെക്ടറുകൾക്ക് നൽകിയേക്കാവുന്ന  പതിഞ്ഞ തുടക്കം വിപണിയിൽ  ഇന്നവസരമാണ്. 

റിസൾട്ടുകൾ

വിപണി അയ്യായിരം കോടിയിലധികം രൂപയുടെ അറ്റാദായം പ്രതീക്ഷിച്ച ഐസിഐസിഐ ബാങ്കിന് മുൻ വർഷത്തിൽ നിന്നും 260% വർദ്ധനവോടെ  4402 കോടി രൂപയിലൊതുങ്ങിയത്  ഓഹരിക്ക്  നൽകിയേക്കാവുന്ന തിരുത്തൽ  നിക്ഷേപാവസരമാണ്. പതിനായിരം  കോടി  രൂപയുടെ  പലിശ വരുമാനം സ്വന്തമാക്കിയ  ബാങ്കിന്  അധിക  നികുതിചെലവുകൾക്കൊപ്പം 1000 കോടി  രൂപയുടെ അധിക  കോവിഡ്  പ്രൊവിഷനാണ് വിനയായത് . 

എച്ച്സിഎൽടെക്കും വരുമാന വർധനവും, റെക്കോർഡ് കോൺട്രാക്ട് നേട്ടവും കൈവരിച്ചെങ്കിലും  അറ്റാദായത്തിൽ ഇടിവ് രേഖപ്പെടുത്തിയത്  ഓഹരിയിൽ  ഒരു നിക്ഷേപാവസരമൊരുക്കിയേക്കാം. 

എച്ച് ഡിഎഫ്സി ലൈഫ്, എസ്ബിഐ കാർഡ്, ടെക്ക് മഹിന്ദ്ര, ഡെൽറ്റ  കോർപ്, കാസ്ട്രോൾ  ഇന്ത്യ, സ്‌നോമാൻ  ലോജിസ്റ്റിക്സ്,  ഓട്ടോമോട്ടീവ്  സ്റ്റാമ്പിങ്സ്, അലോക്, ടാറ്റ   ടെലി , ഷൊഫ്ലെർ  ഇന്ത്യ  മുതലായ  കമ്പനികൾ  ഇന്ന്  ഫലപ്രഖ്യാപനം   നടത്തുന്നത്   ശ്രദ്ധിക്കുക.

സ്വർണം , ക്രൂഡ്  ഓയിൽ 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  രാജ്യാന്തര വിപണിയിൽ 1800  ഡോളറെന്ന  കടമ്പ കടക്കാൻ  ബുദ്ധിമുട്ടിയ  സ്വർണവില  1770 ഡോളറിലാണ് പിന്തുണ കണ്ടെത്തിയത്. 1760 ഡോളറിൽ സ്വർണം അടുത്ത  സപ്പോർട്ട് സ്വന്തമാക്കിയേക്കാം. ഫെഡ് റിസേർവിന്റെ  ഈയാഴ്ച  നടക്കുന്ന  പോളിസി  മീറ്റിംഗ്  സ്വർണത്തിനും  പ്രധാനമാണ്. കോവിഡ് വ്യാപന ഭീതിയിൽ ക്രൂഡ് വീണ്ടും  കൺസോളിഡേഷനിലേക്ക് പോകുന്നത്  ശ്രദ്ധിക്കുക.   കോപ്പർ , സ്റ്റീൽ വിലകൾ ഈയാഴ്ചയിലും  മുന്നേറ്റം  നേടിയേക്കാമെന്നത്  സ്റ്റീൽ, കോപ്പർ ഓഹരികൾക്ക് അനുകൂലമാണ്.

English Sumamry: Stock Market Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com