ADVERTISEMENT

രണ്ടാം വരവില്‍ ഏതെങ്കിലും വിധത്തില്‍ കോവിഡിന്റെ ആഘാതമേല്‍ക്കാത്തവര്‍ ചുരുക്കം. ക്വാറന്റീന്‍ വാസവും ആശുപത്രി ചികിത്സയും ഉറ്റവരുടെ വേര്‍പാടും വലിയ മനസംഘര്‍ഷമാണ്. ഇതിന് പുറമേയാണ് കൈയിൽ കാശുമില്ലത്തത്. കടം ചോദിക്കാനാണെങ്കിൽ പോലും തന്നു സഹായിക്കാൻ ആർക്കും നിവ‍ൃത്തിയില്ല. ക്രെഡിറ്റ് കാര്‍ഡ് വായ്പയ്ക്കും വ്യക്തിഗത വായ്പകള്‍ പോലുള്ളവയ്ക്കും ഇപ്പോൾ ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. വരുമാനത്തിൽ കുറവുണ്ടായിട്ടുള്ളതിനാൽ കനത്ത പലിശയുള്ള ഇത്തരം വായ്പകളെ ആശ്രയിക്കുന്നതും അപകടമാണ്. ഈ ഘട്ടത്തിൽ സ്വര്‍ണവായ്പ വലിയൊരു സഹായമാകും.

ഗുണങ്ങള്‍

വ്യക്തിഗത വായ്പകളെ പോലെയോ ക്രെഡിറ്റ് കാര്‍ഡ്, ഫിന്‍ടെക് വായ്പകളെ പോലെയോ അല്ല സ്വർണ വായ്പ. ഇവിടെ ഉപയോക്താവിന്റെ ക്രെഡിറ്റ് സ്‌കോറോ, പൂര്‍വകാല തിരിച്ചടവ് ചരിത്രമോ ഒന്നും വായ്പാ സ്ഥാപനങ്ങള്‍ കണക്കിലെടുക്കാറില്ല. ഉപയോക്താവിന് ആവശ്യമുള്ള പണത്തിന് വേണ്ട സ്വര്‍ണം ഈടായി നല്‍കി കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ വാങ്ങാം. ഗ്രാമിന് 3600 രൂപ വരെ വായ്പ ലഭിക്കും. ബാങ്കുമായി സംസാരിച്ച് താങ്ങാവുന്ന വിധത്തിലുള്ള ഇ എം ഐ ആയി തിരിച്ചടവ് പൂര്‍ത്തിയാക്കാം. ഇനി തല്‍ക്കാലത്തേയ്ക്ക് പണക്കുറവുണ്ടെങ്കിലും പേടിക്കേണ്ട. പലിശ അടച്ച് പുതുക്കി വെച്ചിട്ട് പിന്നീട് വായ്പ തുക തിരിച്ചടച്ചെടുക്കാം. 

സ്വര്‍ണവായ്പ ആകർഷകമാകുന്നതിങ്ങനെ

പെട്ടെന്ന് പണം ആവശ്യമായി വരുമ്പോള്‍ ഇടത്തരക്കാരായ ശമ്പളക്കാര്‍ ആശ്രയിക്കുന്ന ഒന്നാണ് വ്യക്തിഗത വായ്പകള്‍. ക്രെഡിറ്റ് കാര്‍ഡ് വായ്പകളും ഇത്തരത്തില്‍ എടുക്കാറുണ്ട്. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറും മികച്ച തിരിച്ചടവ് ചരിത്രവുമുള്ളവര്‍ക്ക് ഇത് വേഗത്തില്‍ ലഭിക്കും. എന്നാല്‍ ഇവിടെ പതിയിരിക്കുന്ന അപകടം ഉയര്‍ന്ന പലിശ നിരക്കാണ്. നിലവില്‍ വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് 9 ശതമാനം മുതല്‍ 11 ശതമാനം വരെയാണ്. സ്വകാര്യ സ്ഥാപനങ്ങളാണെങ്കില്‍ ഇത് 15 ശതമാനം വരെയാകും. ന്യൂജനറേഷന്‍ ഫിന്‍ടെക് കമ്പനികളുടെ പലിശയാകട്ടെ 18 മുതല്‍ 34 ശതമാനം വരെയാണ്. ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് പലിശ 36-40 ശതമാനമാണ്. ഇവിടെയാണ് സ്വര്‍ണപണയം വ്യത്യസ്തമാകുന്നത്.

പലിശ 4 ശതമാനം

നാല് ശതമാനം പലിശയുള്ള മറ്റൊരു വായ്പയും ഇന്ന് ലഭ്യമല്ല. കാര്‍ഷിക വായ്പയായി ഒരു ലക്ഷം രൂപ വരെ ഇങ്ങനെ സ്വര്‍ണ ഈടില്‍ ലഭിക്കും. വര്‍ഷാവര്‍ഷം പുതുക്കി വച്ചാല്‍ വലിയ ബാധ്യത ഇല്ലാതെ അത്യാവശ്യ കാര്യം നടക്കും. ആവശ്യത്തിന് സ്വര്‍ണവും കരം തീര്‍ത്ത രസീതും കൈവശം കരുതണം.

കെ എസ് എഫ് ഇ 5 ശതമാനം

കോവിഡില്‍ പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്കായി കേരളാസര്‍ക്കാരിന്റെ പദ്ധതി. കെഎസ്എഫ് ഇ വഴിയാണ് സൗഖ്യ സ്വര്‍ണ പണയ വായ്പ നൽകുന്നത്. 2021 മാര്‍ച്ച് ഒന്നിന് ശേഷം കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ അഞ്ച് ശതമാനം പലിശയ്ക്ക് വായ്പ നല്‍കും. രോഗബാധിതന്റെ/ കോവിഡ് മൂലം മരിച്ചയാളുടെ  പേര് ഉൾപ്പെടുന്ന റേഷന്‍ കാര്‍ഡ് കരുതണം.

7.5 മുതല്‍ 9.5 ശതമാനം വരെ

 വ്യക്തിഗത വായ്പയെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് എന്തുകൊണ്ടും ആശ്വാസമാണ് ദേശസാത്കൃത ബാങ്കുകളുടെ സാധാരണ സ്വര്‍ണ പണയ വായ്പകള്‍. 7.5 മുതല്‍ 9.5 ശതമാനം വരെയാണ് നിരക്ക് .എസ് ബി ഐയുടെ സ്വര്‍ണ വായ്പ പലിശ നിരക്ക് 7.5 ശതമാനമാണ്. സ്വകാര്യ ബാങ്കുകളില്‍ ഇത് 11 ശതമാനത്തിന് മുകളിലേക്കാണ്. സാമ്പത്തിക അവസ്ഥ പരിഗണിച്ച് ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാം.

ബാങ്കിങ് സമയം

നിലവില്‍ സ്വകാര്യ പണയ സ്ഥാപനങ്ങളടക്കം ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് കടുത്ത നിയന്ത്രണമുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസം മൂന്ന് മണിക്കൂര്‍ വീതമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ് പരിഗണിച്ച് തിരക്ക് കുറഞ്ഞ സമയം നോക്കി വേണം ആവശ്യത്തിന് സ്വര്‍ണവും രേഖകളും സഹിതം ബാങ്കിലെത്താന്‍.

English Summary : You will get Gold Loan with Low Interest Rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com