ADVERTISEMENT

ഓരോ മാസവും ഒരു നിശ്ചിത തുക വീതം സ്ഥിരമായി നിക്ഷേപിക്കുന്നതാണ് എസ്‌ഐപി. അച്ചടക്കത്തോടെയുള്ള നിക്ഷേപത്തിന്റെ ദീര്‍ഘകാല നേട്ടങ്ങള്‍ നിക്ഷേപകരിലേക്ക് എത്തിക്കാന്‍ ഈ നിക്ഷേപരീതി  സഹായിക്കുന്നു. എന്നാൽ, ഒരു ആസ്തി വിഭാഗമെന്ന നിലയില്‍ ചാഞ്ചാട്ട സ്വഭാവമുള്ളതാണ് ഓഹരികള്‍. 

ജോലി ചെയ്യുന്ന കാലം മുഴുവന്‍ നിങ്ങള്‍ എസ്‌ഐപി നിക്ഷേപം നടത്താന്‍ തീരുമാനിച്ചുവെന്നു കരുതുക. അങ്ങനെയെങ്കിൽ റിട്ടയര്‍മെന്റ് സമയത്ത് നല്ല തുകയാകും തിരികെ ലഭിക്കുക. അതിലൂടെ നിങ്ങളുടെയും കുടുംബത്തിന്റെയും ആവശ്യങ്ങളെല്ലാം നിറവേറ്റപ്പെടുന്നു. റിട്ടയർമെന്റ് ഫണ്ടിലാകട്ടെ, ശമ്പളമെന്ന സ്ഥിരവരുമാനം നിലയ്ക്കുന്നതു നിങ്ങളെ ബാധിക്കില്ല. വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായ നേട്ടം അപ്പോഴും ലഭിക്കുന്നുണ്ടാകും. ഓരോ മാസവും ഒരു നിശ്ചിത തുക ക്രമാനുഗതമായി പിന്‍വലിക്കാനും സാധിക്കും. അതൊരു സ്ഥിരവരുമാനത്തിന്റെ ഫീല്‍ നല്‍കുന്നു. 

എന്താണ് ഫ്രീഡം എസ്‌ഐപി?

കാലാവധി അവസാനിക്കുമ്പോള്‍ പ്രതിമാസ റിട്ടേണ്‍ ലഭിക്കും വിധം സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പദ്ധതിയുടെ ഗുണം കൂടി ചേർന്നതാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഫ്രീഡം എസ്‌ഐപി. അതായത്, എസ്‌ഐപിയുടെയും എസ്ഡബ്ല്യുപിയുടെയും (SIP+SWP) സംയോജനം. 

ശമ്പളം, ബിസിനസ് വരുമാനം തുടങ്ങിയവ അടങ്ങുന്ന നേരിട്ടുള്ള വരുമാനവും നിക്ഷേപം, സേവിങ്‌സ് തുടങ്ങിയവയിലൂടെയെല്ലാം ലഭിക്കുന്ന മറ്റു വരുമാനവും വളരുന്നതോടൊപ്പം മൊത്തം സമ്പത്തിന്റെ മൂല്യം വർധിപ്പിക്കാനും ഫ്രീഡം എസ്‌ഐപി സഹായിക്കുന്നു. 

ഫ്രീഡം എസ്‌ഐപിയിൽ സംഭവിക്കുന്നത്

ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി, ഹൈബ്രിഡ് അല്ലെങ്കില്‍ ഫണ്ട് ഓഫ് ഫണ്ട്‌സ് പദ്ധതിയില്‍ ഒരു പ്രതിമാസ എസ്‌ഐപി ആയാണ് ഇതിന്റെ തുടക്കം. നിക്ഷേപ കാലാവധി നേരത്തേ നിശ്ചിയിക്കാം. 8,10,12,15 വര്‍ഷങ്ങളില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത ഈ എസ്‌ഐപി കാലാവധി കഴിഞ്ഞാല്‍ സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാനിലേക്ക് ഈ യൂണിറ്റുകള്‍ സ്വയം മാറും. നിങ്ങളുടെ റിസ്‌ക് എടുക്കാനുള്ള ശേഷിക്ക് അനുസരിച്ചാകണം എസ്‌ഐപി തുക തിരഞ്ഞെടുക്കേണ്ടത്. 

എസ്ഡബ്ല്യുപി സംബന്ധിച്ച പദ്ധതികള്‍ എല്ലാം തന്നെ അൽപം പരമ്പരാഗതമായിരിക്കും. കാരണം, നിങ്ങളുടെ ജീവിതത്തിന്റെ അവസാന ഘട്ടങ്ങളിലാണ് ഈ റിട്ടേണ്‍ ലഭിക്കുന്നത് എന്നതിനാല്‍ അതെപ്പോഴും സുരക്ഷിതമായിരിക്കണമല്ലോ. എസ്ഡബ്ല്യുപി പദ്ധതിയനുസരിച്ച് പ്രതിമാസം എത്ര തുക ലഭ്യമാകുമെന്നത് അറിയാന്‍ സാധിക്കുമെന്നതാണ് ഫ്രീഡം എസ്‌ഐപിയുടെ മറ്റൊരു പ്രത്യേകത

നിക്ഷേപത്തിന്റെ 3 ഇരട്ടി മാസവരുമാനം  

നിങ്ങളുടെ നിക്ഷേപകാലാവധി  കൂടുന്നത് അനുസരിച്ച് റിട്ടയർമെന്റ് കാലത്ത് കിട്ടുന്ന നിശ്ചിത വരുമാനവും ഉയരും. 8 വര്‍ഷത്തേക്കാണ് എസ്‌ഐപി തുടങ്ങുന്നതെങ്കില്‍ മാസ വരുമാനം എസ്‌ഐപി തുകയ്ക്കു തുല്യമായിരിക്കും. കാലാവധി 10–12 വര്‍ഷമാണെങ്കില്‍ മാസ വരുമാനം എസ്‌ഐപി തുകയുടെ ഒന്നരയോ രണ്ടോ മടങ്ങായിരിക്കും. 15 വര്‍ഷമാണ് നിക്ഷേപ കാലാവധിയെങ്കില്‍  മാസ വരുമാനം എസ്‌ഐപി തുകയുടെ മൂന്നു മടങ്ങു വരെ  ആകും.

ലേഖകൻ മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടറാണ്

English Summary : Know more about Freedom SIP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com