ADVERTISEMENT

കിട്ടുന്ന വരുമാനത്തിൽ നിന്ന് സ്ഥിരമായി പത്തു ശതമാനം മാറ്റി വയ്ക്കുക. ഈ തുകയ്ക്ക് മാത്രമായി വേറൊരു അക്കൗണ്ട് തുറക്കുക. എത്ര കാലം നിങ്ങൾക്കിത് ചെയ്യാൻ പറ്റുമോ അത്രയും കാലം മുടങ്ങാതെ ആ അക്കൗണ്ടിലേക്ക് പതിവായി നിങ്ങളുടെ വരുമാനത്തിൽ നിന്നുള്ള പത്തു ശതമാനം എത്തണം. ഇങ്ങനെ വരുന്ന പണം വെറുതെ ഒരു അക്കൗണ്ടിൽ കിടന്നാൽ ഉദ്ദേശിക്കുന്ന നേട്ടം ഉണ്ടാക്കാൻ പറ്റുകയില്ല. അക്കൗണ്ടിൽ കിടക്കുന്ന ഈ പണം ആകർഷകമായ നേട്ടം ലഭിക്കുന്ന സുസ്ഥിരമായ മേഖലകളിൽ കൃത്യമായി ദീർഘ കാലത്തേക്ക്  നിക്ഷേപിക്കുന്ന ശീലം തുടങ്ങണം. ഇതൊരു ദിനചര്യ പോലെ എടുക്കണം. എന്തു പ്രശ്നം വന്നാലും ഈ പണത്തിൽ നിന്ന് എടുക്കില്ല എന്ന് ദൃഢനിശ്ചയം എടുക്കണം. എസ്ഐപി( സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ ), ഓഹരി വിപണി, മ്യൂച്വൽ ഫണ്ടുകൾ, ക്രിപ്റ്റോ കറൻസി തുടങ്ങി വൻ നേട്ടം നൽകുന്ന നിക്ഷേപമാർഗങ്ങൾ ഇപ്പോൾ ഉണ്ട്. 21വയസ്സു മുതൽ മാസം തോറും ഇങ്ങനെ 1000 രൂപയെങ്കിലും മാറ്റിവയ്ക്കാൻ പറ്റുകയാണെങ്കിൽ 60-ാം വയസ്സിൽ അത് ഒരു കോടിയിലധികം നൽകാൻ പറ്റുന്ന നിക്ഷേപമാർഗങ്ങൾ ഇന്നുണ്ട്.

കൃത്യമായ പ്ലാനിങ് സമ്പാദ്യ ശീലത്തിന്

പണം മിച്ചം വച്ച് നിക്ഷേപം തുടങ്ങുക എന്നത് പറയുന്നതുപോലെ അത്ര എളുപ്പമല്ല. സമ്പാദിക്കണമെന്ന് ആഗ്രഹമൊക്കെയുണ്ടാകുo. പക്ഷേ മാസാവസാനമാകുമ്പോഴേക്കുo ചെലവു കിഴിച്ച് പത്തു രൂപ എടുക്കാൻ പറ്റാത്ത അവസ്ഥയാകും ഉണ്ടാവുക. കൃത്യമായ ആഗ്രഹവും പ്ലാനിങ് ഉണ്ടെങ്കിലേ നല്ലൊരു സമ്പാദ്യ ശീലം വളർത്തിയെടുക്കുവാൻ കഴിയൂ. മിച്ചം വയ്ക്കുന്നത് ഒരു ശീലമായി കഴിഞ്ഞാൽ പിന്നീട് അതു തുടരുന്ന പണി തലച്ചോർ തന്നെ നോക്കിക്കോളും. 

അത്യാവശ്യം ആവശ്യം അനാവശ്യം തിയറി പരിശീലിക്കുക

നിങ്ങൾക്ക് വേണ്ടതെല്ലാം ഒരു കടലാസിൽ എഴുതുക. ഓരോന്നും എപ്പോഴാണ് വേണ്ടത്, ഉടനടി വേണോ, അതിനു ബദൽ ഉണ്ടോ, വിലയെത്ര, അതില്ലെങ്കിലും ജീവിക്കാൻ പറ്റുമോ തുടങ്ങി ഒത്തിരി കാര്യങ്ങൾ ചിന്തിക്കണം. ലിസ്റ്റിൽ എഴുതിയതിൽ നിന്നും ഏറ്റവും അത്യാവശ്യമുള്ളത് കണ്ടെത്തുക. വളരെ അത്യാവശ്യമുള്ളതാണെങ്കിൽ വാങ്ങാതെ നിവൃത്തിയില്ല. കാര്യമായ ആവശ്യം ഇല്ലാത്തതാണെങ്കിൽ വാങ്ങൽ ഉപേക്ഷിക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്യുക. ഓഫറിൽ വില കുറച്ചു കിട്ടിയാൽ വാങ്ങുകയും ചെയ്യാമല്ലോ. 

ആവശ്യമുള്ളതാണെങ്കിലും ഇല്ലാത്തതാണെങ്കിലും കണ്ണിൽ കണ്ടതെല്ലാം വാങ്ങിക്കൂട്ടുന്നതാണ് പലരേയും ദരിദ്ര നാരായണന്മാരാക്കുന്നത്. കടമെടുത്തും ലോണെടുത്തും ഇഷ്ടമുള്ളതെല്ലാം വാങ്ങും. അങ്ങനെ വരുമാനത്തേക്കാൾ കൂടുതൽ ചിലവു വരുന്ന അവസ്ഥയാകും. അത് മാനേജ് ചെയ്യാൻ വീണ്ടും കടമെടുക്കും. ഒരിക്കലും കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ പറ്റാത്ത അവസ്ഥയാകുമ്പോൾ നിരാശയാകും, ഡിപ്രഷനിലേക്ക് പോകുo, ഒടുവിൽ ആത്മഹത്യയിലേക്ക് സ്വയം നീങ്ങും. 

ചെലവാക്കുന്നതിനു മുമ്പ് രണ്ടു വട്ടം ആലോചിക്കണം

വരുമാനത്തിൽ നിന്ന് കൃത്യം പത്തു ശതമാനം തന്നെ മാറ്റി വയ്ക്കാൻ പറ്റിയില്ലെങ്കിൽ പറ്റുന്നത് നീക്കി വയ്ക്കുക. നല്ലൊരു നിക്ഷേപം തുടങ്ങി അതിൽ എല്ലാ മാസവും പത്താം തിയതിക്കു മുമ്പ് നിക്ഷേപിക്കുന്നത് ശീലമാക്കുക. ഓരോ മാസം കഴിയുംതോറും മിച്ചം വയ്ക്കുന്ന തുകയും അതനുസരിച്ച് നിക്ഷേപവും കൂട്ടി ക്കൊണ്ടിരിക്കണം. ഉദാഹരണത്തിന് പ്രതിമാസം നിങ്ങൾക്ക്‌ പതിനായിരം രൂപ ശമ്പളം ഉണ്ട്. ഇതിൽ നിന്നും 10% മാറ്റി വച്ചാൽ 1000 രൂപയായി. പിന്നത്തെ മാസം ഈ 1000 രൂപയുടെ 10% വും കൂടി ചേർത്ത് 1100 രൂപ മാറ്റിവയ്ക്കണം. ഇങ്ങനെ ഓരോ മാസവും തലേമാസം മിച്ചം വച്ചതിന്റെ 10% കൂടി കൂട്ടി മിച്ചം വയ്ക്കുന്നത് തുടരണം. നിക്ഷേപിക്കുമ്പോഴും 10% തത്വം പാലിക്കണം. നിങ്ങൾക്ക് എത്ര കടങ്ങൾ ഉണ്ടെങ്കിലും അത് ഘട്ടം ഘട്ടമായി വീട്ടാനുള്ള പ്ലാൻ ആണ് ഉണ്ടാക്കേണ്ടത്. കടമുണ്ടെന്ന് പറഞ്ഞ് മിച്ചം വയ്ക്കുന്നത് മുടക്കരുത്. 

ഇതൊരു ശീലമായി കഴിയുമ്പോൾ സമ്പാദിക്കാനുള്ള ആഗ്രഹം കൂടി വരും.  ചെലവ് ചുരുക്കി ജീവിക്കാൻ വേണ്ട അഡ്ജസ്റ്റുമെന്റുകൾ നിങ്ങൾ തന്നെ സ്വാഭാവികമായി ചെയ്തു തുടങ്ങും. അനാവശ്യ ചെലവുകൾക്ക് കടിഞ്ഞാണിടും. ഒന്നു രണ്ടു വർഷത്തിനുള്ളിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി തന്നെ മാറും. 

ഇന്നുതന്നെ ഒരു അക്കൗണ്ട് തുടങ്ങുക, അതിലേക്ക് ആദ്യത്തെ 10% ഇട്ട് അക്കൗണ്ട് ആക്ടീവ് ആക്കുക. കിട്ടുന്ന അധിക വരുമാനമെല്ലാം അനാവശ്യമായി ചെലവാക്കാതെ ഈ അക്കൗണ്ടിൽ ഇട്ടോളൂ. എന്നിട്ട് മികച്ച നേട്ടം തരുന്ന സുരക്ഷിതമായ നിക്ഷേപമാർഗങ്ങളെക്കുറിച്ച് ഇപ്പോൾ തന്നെ അന്വേഷണം തുടങ്ങിക്കോളൂ.

English Summary : Know the Magic of 10 to Become a Billionaire

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com