ADVERTISEMENT

ചോദ്യം:

ഞാൻ ഒരു പെൻഷനർ ആണ്. എന്റെ മകൻ (43 വയസ്സ്) ഒരു ധനകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കോവിഡ് സാഹചര്യത്തിൽ വീട്ടിലിരുന്നാണ് ജോലി. ആളുകളെ നേരിൽ കാണാനുള്ള സാഹചര്യം കുറവായതുകൊണ്ട് ബിസിനസ് നടക്കുന്നില്ല. സ്ഥാപനം ചിലപ്പോൾ പകുതി ശമ്പളം കൊടുക്കുന്നു. മിക്കപ്പോഴും ഒന്നുമില്ല. ഈ പരിസ്ഥിതിയിൽ ഞാനാണ് മകനെ സഹായിക്കുന്നത്. 

ജോലിയിൽനിന്നു വിരമിക്കുമ്പോൾ പെൻഷനില്ല. കാര്യമായ ഗ്രാറ്റുവിറ്റിക്കും സാധ്യതയില്ല. ഈ സാഹചര്യത്തിൽ മകന് 60 വയസ്സിനുശേഷം ഒരു പെൻഷൻ വരുമാനം ഉണ്ടാകുന്നതിന് (സ്ഥിരമായ ഒരു ചെറിയ വരുമാനമെങ്കിലും) എനിക്ക് എന്തു െചയ്യാൻ കഴിയും എന്നാണ് അറിയേണ്ടത്. അതിനു പറ്റിയ ഏതെങ്കിലും സ്കീമുണ്ടെങ്കിൽ 15 ലക്ഷം രൂപവരെ ഇപ്പോൾ ഡിപ്പോസിറ്റ് ചെയ്യാൻ ഞാൻ തയാറാണ്. 

മറ്റു പോംവഴികൾ എന്തെങ്കിലുമുണ്ടെങ്കിൽ അതും പരിഗണിക്കാം (മകൻ സ്വന്തം നിലയ്ക്ക് റിട്ടയർമെന്റ് പ്ലാൻ ഉണ്ടാക്കട്ടെ എന്നു കരുതി അവൻ അറിയാതെ ചെയ്യാനാണ് താൽപര്യം). ഈ കാര്യത്തിൽ താങ്കളുടെ ഉപദേശം അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.

ഗോവിന്ദൻ, തൃശൂർ

ഉത്തരം:

പെൻഷൻ ലഭിക്കുന്ന അച്ഛനമ്മമാരിൽ പലരുടെയും ആശങ്കയാണ് താങ്കളും പങ്കുവയ്ക്കുന്നത്. ചോദ്യകർത്താവിന്‍റെ ആവശ്യം നിറവേറുന്നതിനുള്ള ഒരു മാർഗനിർദേശമാണ് താഴെ കൊടുക്കുന്നത്. വിശദവിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ നിർദേശം അൽപം സാങ്കേതികമാണ്.

മകന്‍റെ പെൻഷനു വേണ്ടി കരുതാവുന്ന 15 ലക്ഷം രൂപ ആദ്യമായി ഡൈനാമിക് അസെറ്റ് അലോക്കേഷൻ വിഭാഗത്തിലുള്ള മൂന്നു ഫണ്ടുകളിൽ നിക്ഷേപിക്കണം. മകൻ ആയിരിക്കണം നോമിനി. ഈ ഫണ്ടുകളിൽനിന്നു 13,600 രൂപ വീതം (ആകെ) ഓരോ മാസവും ഓരോ ഫ്ലെക്സിക്യാപ് ഇക്വിറ്റി ഫണ്ടുകളിലേക്ക് മാറ്റണം. സിസ്റ്റമാറ്റിക് ട്രാൻസ്‌ഫർ എന്നാണ് ഇതിനു പേര്. 11 മാസത്തിനുശേഷം അടുത്ത 25 മാസം കൊണ്ട് ഡൈനാമിക് അസെറ്റ് അലോക്കേഷൻ ഫണ്ടുകളിൽ ബാക്കിയുള്ള തുകയും ഫ്ലെക്സിക്യാപ് ഫണ്ടുകളിലേക്ക് മാറത്തക്ക തരത്തിൽ കണക്കുകൂട്ടി മാസാമാസം മാറ്റണം. 

മകന് 60 വയസ്സ് ആയ ശേഷം ഈ നിക്ഷേപത്തിൽ നിന്ന് ഓരോ വർഷവും ചെലവിനു വേണ്ടി തുക പിൻവലിക്കാൻ കഴിയും. ഈ തുക പിൻവലിക്കാൻ അന്നേക്ക് 6 വർഷം മുൻപു വേണ്ടിവരാവുന്ന തുക കണക്കുകൂട്ടി ഫ്ലെക്സിക്യാപ് ഫണ്ടിൽനിന്നു തിരിച്ച് ഡൈനാമിക് അസെറ്റ് അലോക്കേഷൻ ഫണ്ടിലേക്കും 3 വർഷങ്ങൾക്കുശേഷം ഡൈനാമിക് അസെറ്റ് അലോക്കേഷൻ ഫണ്ടിൽനിന്ന് ഒരു ഡെറ്റ് ഫണ്ടിലേക്കും മാറ്റണം. 

ഡെറ്റ് ഫണ്ടിൽനിന്നു വേണം പണം പിന്‍വലിക്കാൻ. ഡൈനാമിക് അസെറ്റ് അലോക്കേഷൻ ഫണ്ടിലേക്കും അവിടെനിന്നു ഡെറ്റ് ഫണ്ടിലേക്കുമുള്ള മുൻ‌കൂർ മാറ്റം വർഷാവർഷം തുടരണം. 

ഒരു വർഷത്തേക്ക് പിൻവലിക്കാവുന്ന തുക ഒരുമിച്ചോ മാസാമാസമോ പിൻവലിക്കാം. മാസാമാസം പിൻവലിക്കുന്ന രീതിക്ക് സിസ്റ്റമാറ്റിക് വിത്ഡ്രോവൽ (SWP) എന്നാണു പറയുക. 

സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറുടെ സഹായം തേടാം

പിൻവലിക്കാവുന്ന തുക കൃത്യമായി കണക്കുകൂട്ടാൻ കഴിയില്ല. കുറഞ്ഞത് എത്ര എന്നും കൂടിയത് എത്ര എന്നുമാണു സൂചിപ്പിക്കാൻ കഴിയുക. 60 വയസ്സു കഴിയുമ്പോൾ തുടക്കത്തിൽ കുറഞ്ഞത് ഒരു മാസം ഏകദേശം 42,800 രൂപയും കൂടിയത് 79,500 രൂപയും പിൻവലിക്കാം. ഈ തുകകൾ യഥാക്രമം ഇന്നത്തെ 18,700 രൂപയ്ക്കും 34,700 രൂപയ്ക്കും തുല്യമാണ്. വാർഷിക വിലക്കയറ്റം ഭാവിയിൽ 5% ആയിരിക്കാം എന്ന സങ്കല്‍പത്തിലാണു പിൻവലിക്കാവുന്ന തുകകൾ കണക്കാക്കിയിരിക്കുന്നത്. ഈ തുകകൾ യഥാക്രമം ഇന്നത്തെ 18,750 രൂപയ്ക്കും 34,700 രൂപയ്ക്കും തുല്യമാണ്. ഈ പ്രക്രിയ വർഷാവർഷം തുടരണം. 90 വയസ്സുവരെ, 30 വർഷക്കാലം പണം പിൻവലിക്കണമെന്നും കരുതിയിട്ടുണ്ട്. തൊണ്ണൂറാമത്തെ വയസ്സിൽ കുറഞ്ഞത് 1,85,000 രൂപയും കൂടിയത് 3,83,000 രൂപയും പിൻവലിക്കാം.  

സമയം ഇല്ലാത്തവരും, ഇത്തരം കാര്യങ്ങളിൽ വൈദഗ്ധ്യം ഇല്ലാത്തവരും ഒരു സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറുടെ സഹായം തേടുന്നതു നന്നായിരിക്കും.  ഇത്തരം ഫണ്ടുകളിൽ‌നിന്നു കഴിഞ്ഞകാലങ്ങളിൽ ലഭിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ പ്രതീക്ഷിക്കാവുന്ന കുറഞ്ഞ നേട്ടവും കൂടിയ നേട്ടവും കണക്കിലെടുത്താണ്  ഇവിടെ പിൻവലിക്കാവുന്ന തുകകൾ സൂചിപ്പിച്ചിട്ടുള്ളത്.  ഒപ്പം സമ്പദ്‌വ്യവസ്ഥയിൽ വൻ തകർച്ചകൾ ഒന്നും സംഭവിക്കില്ല എന്ന പ്രതീക്ഷയും ഉണ്ട്.

വേണം, കൃത്യമായ തന്ത്രങ്ങൾ 

ഏതാനും പതിറ്റാണ്ടുകൾക്കു മുൻപു വരെ നമ്മുടെ ആയുർദൈർഘ്യം കുറവായിരുന്നു. എന്നാലിപ്പോൾ സ്ഥിതിയാകെ മാറി. ജോലിചെയ്ത് വരുമാനം ഉണ്ടാക്കുന്ന കാലത്തെക്കാൾ കൂടുതൽ കാലം വിരമിച്ച ശേഷം ജീവിച്ചിരിക്കുന്നവർ ഏറെയാണ്. അഞ്ചു പതിറ്റാണ്ടിനു മുൻപ് ഇന്ത്യക്കാരന്റെ ശരാശരി ആയുസ്സ് 50 വയസ്സായിരുന്നത് ഇപ്പോൾ 70 ആണ്. മലയാളിയുടേത് 75 ഉം. 

ഇക്കാരണത്താൽ വിരമിച്ച‌ശേഷമുള്ള കാലത്തെ ചെലവിനും ആരോഗ്യപരിപാലനത്തിനും മറ്റുമുള്ള തുക കൂടി വരുമാനം ഉള്ള കാലത്ത് നിക്ഷേപമായി (ഇൻവെസ്റ്റ്മെന്റ്) കരുതണം. എത്ര നേരത്തേ തുടങ്ങുന്നോ അത്രയും നന്ന്. തുടങ്ങാൻ വൈകിയാൽ വേണ്ടത്ര തുക നേടിയെടുക്കാൻ ബുദ്ധിമുട്ടാകും. 

അതുകൊണ്ട് റിട്ടയർമെന്റ് കാലത്തെ ആവശ്യങ്ങൾ എന്തൊക്കെയെന്നും അതു നിറവേറ്റാൻ എന്തൊക്കെ ചെയ്യണമെന്നും മനസ്സിലാക്കുകയും, അതിനുള്ള പണം മുൻകൂട്ടി നിക്ഷേപിച്ചു തുടങ്ങുകയും വേണം. അതുപോലെ ആവശ്യമുള്ള സമയത്ത് ആവശ്യമുള്ളത്ര പണം പിൻവലിക്കാനും കഴിയണം. ഇതിനു പ്രത്യേക സ്ട്രാറ്റജികളും പ്ലാനും തയാറാക്കി മുന്നോട്ടു പോകുന്നതാണ് ഉചിതം.

ലേഖകൻ സിആർജി അക്കാഡമി ഏഫ് ഫിനാൻസിന്റെ സാരഥിയാണ്. ഫോൺ 98461 91300 Website - www.ceeyar.com

English Summary : Where to Invest for Retirement Planning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com