ADVERTISEMENT

ആഘോഷങ്ങള്‍ ഏതായാലും സ്വര്‍ണം വാങ്ങിക്കൂട്ടുന്ന ശീലത്തില്‍ മലയാളികള്‍ വളരെ മുന്നിലാണ്. കരുത്തുള്ള നിക്ഷേപമായതിനാലാണ് സ്വര്‍ണത്തോട് മലയാളിക്ക് ഇത്രയും കമ്പം. മക്കള്‍ക്കും ഭാവിക്കുമുള്ള കരുതലായും സ്വര്‍ണത്തെ കാണുന്നവരാണ് കൂടുതലും. കയ്യില്‍ വലിയ തുകയില്ലെങ്കിലും വലിയ ജൂവലറികളില്‍ പോകാതെയും സ്വര്‍ണം വാങ്ങാനാവും. ഗൂഗിള്‍പേ, ഫോണ്‍ പേ പോലുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉള്ള തുകയ്ക്ക് ആനുപാതികമായി ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാനാവും. ഭൗതീകമായി കയ്യിലില്ലെങ്കിലും ഡിജിറ്റല്‍ സ്വര്‍ണത്തിന്റെ മൂല്യത്തില്‍ യാതൊരു മാറ്റവുമില്ല. പണലഭ്യത അഥവാ ലിക്വിഡിറ്റിയും ഒരു പോലെ തന്നെയാണ്. ഡിജിറ്റല്‍ സ്വര്‍ണമാണെങ്കില്‍ വില്‍ക്കാന്‍ ഏറെ എളുപ്പവുമാണ്. പണം താനെ അക്കൗണ്ടിലേക്ക് വരികയും ചെയ്യും. ദീപാവലി ആഘോഷ വേളകളും സ്വര്‍ണം വാങ്ങാന്‍ നല്ല സമയമായി മിക്കവരും കരുതുന്നു. സാധാരണക്കാര്‍ക്കും ഒരു രൂപ മുതല്‍ നല്‍കി എത്ര വേണമെങ്കിലും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാം. 

ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

പേടിഎം, ആമസോണ്‍ പേ, ഗൂഗിള്‍ പേ, ഫോണ്‍പേ എന്നിവ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ വാലറ്റുകളിലൂടെ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാം. Augmont Gold, MMTC-PAMP India Pvt. Ltd, Digital Gold India Pvt. Ltd എന്നീ മൂന്നു കമ്പനികളാണ് പ്രധാനമായും ഡിജിറ്റല്‍ ഗോള്‍ഡ് വിറ്റഴിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള MMTC ലിമിറ്റഡ്, സ്വിസ് കമ്പനിയായ MKS PAMP എന്നീ കമ്പനികളാണ് MMTC-PAMP India Pvt. Ltd രൂപീകരിച്ചിരിക്കുന്നത്. സ്വര്‍ണത്തിന്റെ തൂക്കം, നിക്ഷേപിക്കുന്ന പണം എന്നിങ്ങനെ രണ്ടുതരത്തിലാണ് ഡിജിറ്റല്‍  സ്വര്‍ണം വാങ്ങാനാവുക. തൂക്കത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ കുറഞ്ഞത് 1 ഗ്രാം സ്വര്‍ണമെങ്കിലും വാങ്ങേണ്ടി വരും. നിക്ഷേപകന്റെ പേരിലാണ് ഡിജിറ്റല്‍  സ്വര്‍ണം കമ്പനികള്‍ സൂക്ഷിക്കുക. നിക്ഷേപിക്കാനുള്ള കാലാവധി ഓരോ കമ്പനിയിലും വ്യത്യസ്തവുമായിരിക്കും.

പരിശുദ്ധി

99.9 ശതമാനം പരിശുദ്ധിയുള്ള 24 കാരറ്റ് സ്വര്‍ണമാണ് ഡിജിറ്റലായി വില്‍ക്കപ്പെടുന്നത്. എങ്കിലും വാങ്ങുന്നതിന് മുമ്പ് സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തണം. ഇതോടൊപ്പം വില പരിധി, നികുതി, പരമാവധി കൈവശം വയ്ക്കാന്‍ കഴിയുന്ന കാലയളവ് എന്നിവയും ശ്രദ്ധിക്കണം.  

നികുതികള്‍

gold

സ്വര്‍ണം നേരിട്ട് കൈവശം വെച്ചാലും ഡിജിറ്റലായി സൂക്ഷിച്ചാലും നികുതിയില്‍ വ്യത്യാസം വരില്ല. സ്വര്‍ണം കൈവശമുള്ള കാലാവധി അടിസ്ഥാനമാക്കി  നികുതി അടയ്‌ക്കേണ്ടി വരും. 36 മാസത്തില്‍ കുറഞ്ഞ കാലാവധിയില്‍ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയാണെങ്കില്‍ മൂലധനത്തിന്മേലുള്ള നേട്ടം ഹ്രസ്വകാലത്തേക്കാണ് കണക്കാക്കുക. 36 മാസത്തിന് ശേഷമാണ് ഡിജിറ്റല്‍  സ്വര്‍ണം വില്‍ക്കുന്നതെങ്കില്‍ ദീര്‍ഘകാലത്തെ അടിസ്ഥാനപ്പെടുത്തിയാണ് മൂലധന നേട്ടം കണക്കാക്കുക. അതായത് മൂലധനത്തിന്മേല്‍ ലഭിച്ച ലാഭത്തിന്റെ 20 ശതമാനം നികുതിയൊടുക്കേണ്ടി വരും. കൂടാതെ 4 ശതമാനം അധിക സെസും നല്‍കേണ്ടി വരും. ഡിജിറ്റലായി വാങ്ങിയ സ്വര്‍ണം ഭൗതിക രൂപത്തിലേക്ക് മാറ്റിയെടുക്കാനും ചില കമ്പനികള്‍ അവസരം നല്‍കുന്നുണ്ട്.

പണലഭ്യത (ലിക്വിഡിറ്റി) 

ഭൗതിക സ്വര്‍ണം പോലെ തന്നെ ഡിജിറ്റല്‍ സ്വര്‍ണത്തിനും ഒരുപോലെ പണലഭ്യതയുണ്ട്. ഏതു സമയത്തും ഡിജിറ്റല്‍ സ്വര്‍ണം വിറ്റ് കാശാക്കുകയും ചെയ്യാം. ഇതിന് വിപണി വില തന്നെ ലഭിക്കുകയും ചെയ്യും. ഡിജിറ്റല്‍ സ്വര്‍ണം സൂക്ഷിക്കുകയാണെങ്കിലും മുന്‍വര്‍ഷങ്ങളിലെ വില താരതമ്യം ചെയ്തു നോക്കിയാല്‍ മൂല്യം കൂടുകയേയുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ നാല്‍പ്പത് ശതമാനമാണ് മൂല്യവര്‍ദ്ധന. ശരാശരി കണക്ക് പരിശോധിച്ചാല്‍ പത്തു മുതല്‍ പതിനഞ്ച് ശതമാനം വരെ മൂല്യവര്‍ദ്ധന ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള താല്‍പര്യം കൂടിയതിനാല്‍ വിപണിയില്‍ ഡിമാന്റ് കുറയാതെ നില്‍ക്കുകയുമാണ്.

ജൂവലറികളിലും ഡിജിറ്റല്‍ ഗോള്‍ഡ്

ജൂവലറികളിലും ഡിജിറ്റല്‍ ഗോള്‍ഡ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ ജൂവലറി ഗ്രൂപ്പ്് ഉള്‍പ്പടെ രാജ്യത്തെ പല ജൂവലറികളും ചെറിയ തുകയ്ക്ക് ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നുണ്ട്. ജൂവലറികളില്‍ നേരിട്ട് ചെന്നും ഓണ്‍ലൈനായുമൊക്കെ ഡിജിറ്റല്‍ ഗോള്‍ഡ്  വാങ്ങാന്‍ കഴിയും. കോവിഡ് മഹാമാരി കാലത്താണ് ജൂവലറികളും ഈ വഴി തെരഞ്ഞെടുത്തത്.

English Summary: Know the Details of Digital Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com