ADVERTISEMENT

കാര്യമായ നിക്ഷേപമുണ്ടെങ്കിലും ചിലപ്പോൾ കൈയിൽ കാശില്ലാതെ നട്ടം തിരിയേണ്ട അവസ്ഥ വന്നേക്കാം. തൽക്കാലത്തേക്കുള്ള ഈ പ്രതിസന്ധി കൈയിലെ നിക്ഷേപം പിൻവലിക്കാതെ തന്നെ പരിഹരിക്കാനായാല്‍ വലിയ ആശ്വാസമാണ്. നിങ്ങളൊരു മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപകനാണെങ്കില്‍ ഇങ്ങനെയുണ്ടാകുന്ന സാമ്പത്തിക വൈഷമ്യങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനാകും. അതിന് മ്യൂച്ച്വല്‍ ഫണ്ടുകള്‍ റിഡീം ചെയ്യുകയല്ല, മറിച്ച് അവ ഈടു നല്‍കി ഡിജിറ്റല്‍ വായ്പ വാങ്ങാം.

മ്യൂച്ച്വല്‍ ഫണ്ടുകളുടെ ബലത്തില്‍ ഡിജിറ്റല്‍ വായ്പകള്‍ ഇപ്പോള്‍ ഏതാണ്ടെല്ലാ ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്നുണ്ട്. രണ്ട് കോടി രൂപ വരെ വായ്പയായി ലഭിക്കും.

മ്യൂച്ച്വല്‍ ഫണ്ട് വായ്പ

മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ ഈടില്‍ വായ്പ ലഭിക്കുമ്പോഴുള്ള നേട്ടങ്ങള്‍ പലതാണ്. നിക്ഷേപമുണ്ട് എന്നാല്‍ തത്കാലത്തേക്കുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കൈയ്യില്‍ പണവുമില്ല. ഇത്തരം സാഹചര്യങ്ങളില്‍ പലരും ഫണ്ട് റിഡീം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കും. എന്നാല്‍ ദീര്‍ഘ കാല നേട്ടം ലക്ഷ്യമാക്കി നിക്ഷേപം നടത്തിയിട്ടുള്ള ഫണ്ട് ഇവിടെ റിഡീം ചെയ്യേണ്ട കാര്യമില്ല. അതേ സമയം നിങ്ങള്‍ക്ക് ഇതില്‍ എസ് ഐ പി തുടരുകയും ആകാം. ഓവര്‍ ഡ്രാഫ്റ്റ് വായ്പകള്‍ പോലെയാണ് ഇത് പ്രവര്‍ത്തിക്കുക. ഇക്വിറ്റി അല്ലെങ്കില്‍ ഹൈബ്രിഡ് മ്യൂച്ച്വല്‍ ഫണ്ട് ഈടായി നല്‍കി വായ്പകള്‍ വാങ്ങാം. പണം ഉണ്ടാകുന്ന മുറയ്ക്ക് പലിശ അടക്കം തിരിച്ചടച്ച് ബാധ്യതയില്‍ നിന്ന് ഒഴിവാകുകയുമാകാം.

പലിശ

money-count

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളാണ് ഇവിടെ വായ്പ നല്‍കുന്നതില്‍ മുന്‍ നിരയില്‍. സാധാരണ നിലയില്‍ 10-11 ശതമാനമാണ് പലിശ വരുന്നത്. നിങ്ങളുടെ തിരിച്ചടവ് ചരിത്രവും ക്രെഡിറ്റ് സ്‌കോറും ഉയര്‍ന്നതാണെങ്കില്‍ പലിശ നിരക്കില്‍ കുറവ് വരുത്തുവാനും വായ്പ സ്ഥാപനങ്ങള്‍ക്കാകും.

ഡിജിറ്റല്‍ വായ്പ

ഇതിന് മുന്നോടിയായി ഈട് നല്‍കുന്ന ഫണ്ട്‌ ഡോക്യുമെന്റ് വില്‍ക്കാനോ നിലനിര്‍ത്താനോ ബാങ്കിനെ അനുവദിക്കുന്ന ഉടമസ്ഥാവകാശം (ലീന്‍) ധനകാര്യ സ്ഥാപനത്തിന് കൈമാറേണ്ടതുണ്ട്. ഫണ്ട് ഹൗസുകളുമായി ബന്ധപ്പെട്ട് ധനകാര്യ സ്ഥാപനങ്ങളുടെ പേരില്‍ ഇത് വാങ്ങാം. ഡോക്യുമെന്റുകള്‍ എല്ലാം ഡിജിറ്റലായതിനാല്‍ വായ്പകള്‍ക്ക് ഇവിടെ താമസമുണ്ടാവില്ല എന്നതും നേട്ടമാണ്.

വായ്പ തുക

നിങ്ങളുടെ ഉടമസ്ഥതയിലുള്ള ഫണ്ടിന്റെ സ്വഭാവമനുസരിച്ചാകും വായ്പ തുക നിശ്ചയിക്കുക. ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകള്‍ക്ക് എന്‍ എ വി യുടെ 50 ശതമാനം വരെ വായ്പ ലഭ്യമാകും. എന്നാല്‍ ചില സ്ഥാപനങ്ങള്‍ കുറഞ്ഞതും കൂടിയതുമായ വായ്പാതുകയ്ക്ക് പരിധി നിശ്ചയിക്കാറുണ്ട്. വായ്പ പൂര്‍ണമായും അടച്ച് തീരുന്നതോടെ പണം നല്‍കിയ സ്ഥാപനം ഫണ്ട് ഹൗസിന് ലിന്‍ ഒഴിവാക്കാന്‍ റിക്വസ്്റ്റ് അയക്കും. ഇതോടെ ബാധ്യത ഒഴിവാകുകയും ചെയ്യും.

English Summary: How to Pledge Mutual Fund for Taking Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com