ADVERTISEMENT

ജൂലൈ 31 ന് നല്‍കേണ്ടിയിരുന്ന 2020-21 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി രണ്ട് മാസം കൂടിയാണ് സമയം. ഡിസംബര്‍ 31നകം റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടിവരും. റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പുതുതായി ഏര്‍പ്പെടുത്തിയ പോര്‍ട്ടലിനെക്കുറിച്ച് സര്‍വത്ര സംശയങ്ങളും ആശയക്കുഴപ്പവും ഇപ്പോഴും നിലനില്‍ക്കുകയാണ്. കഴിഞ്ഞതവണത്തേക്കാള്‍ റിട്ടേണ്‍ സമര്‍പ്പണം എളുപ്പത്തിലായിട്ടുണ്ടെങ്കിലും നടപടികളിലെ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. തന്മൂലം പലരും റിട്ടേണ്‍ സമര്‍പ്പണത്തിന് മറ്റുള്ളവരുടെ സഹായം തേടുകയാണ്. എന്നാല്‍ ഏതാനും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കഴിഞ്ഞതവണത്തേക്കാള്‍ വേഗത്തിലും അനായാസവുമായി ഇത്തവണ റിട്ടേണ്‍ സമര്‍പ്പിക്കാം. റിട്ടേണ്‍ സമര്‍പ്പണത്തിനുമുമ്പായി ചില കാര്യങ്ങളില്‍ നിങ്ങള്‍ തീരുമാനം എടുക്കുകയും മുന്നൊരുക്കങ്ങള്‍ നടത്തുകയും വേണം. അതില്‍ ആദ്യത്തേത് നികുതി കണക്കാക്കുന്നതിന് ഇത്തവണ ഏതുരീതിയാണ് നിങ്ങള്‍ സ്വീകരിക്കുന്നതെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കണം എന്നതാണ്. രണ്ട് രീതികളില്‍ ആണ് ഇപ്പോള്‍ നികുതി കണക്കാക്കുന്നത്. പഴയ രീതിയും, പുതിയ രീതിയും. പഴയരീതിയില്‍ അതായത് കഴിഞ്ഞതവണ നിങ്ങള്‍ സ്വീകരിച്ച അതേ രീതിയാണ് പിന്തുടരുന്നതെങ്കില്‍ നികുതി കണക്കാക്കുന്നതില്‍ കാര്യമായ മാറ്റമൊന്നും ഇല്ല. എന്നാല്‍ പുതിയ രീതിയാണ് എങ്കില്‍ അടിസ്ഥാനപരമായ പല മാറ്റങ്ങളും ഉണ്ട് താനും. ഈ മാറ്റങ്ങള്‍ വിശദമായി മനസിലാക്കി അതിന് അനുസരിച്ചുള്ള നികുതി കണക്കുകൂട്ടല്‍ നടത്തി നിങ്ങള്‍ക്ക് പ്രയോജനപ്രദമെന്ന് തോന്നിയാല്‍ മാത്രമേ പുതിയ രീതി സ്വീകരിക്കാവൂ. അല്ലെങ്കില്‍ നഷ്ടം വരാം.

രണ്ട് രീതികളുടെയും നേട്ടവും കോട്ടവും

1. നികുതി നിരക്കില്‍ പുതിയ രീതി ലാഭകരം

പഴയരീതിയില്‍ നികുതി സ്ലാബ് നിരക്കുകള്‍ 5,20,30 എന്നീ നിരക്കുകളിലാണ്. പുതിയ രീതിയിലെ നികുതി സ്ലാബുകളാകട്ടെ 5,10,15,20,25,30 എന്നീ നിരക്കുകളിലും.  അതായത് പഴയ രീതി സ്വീകരിച്ചാല്‍ അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള വരുമാനത്തിന് 20 ശതമാനം സ്ലാബില്‍ നികുതി നല്‍കണം. എന്നാല്‍ പുതിയതില്‍ 5 ലക്ഷം മുതല്‍ 7.5 ലക്ഷം വരെയുള്ള വരുമാനത്തിന് 10 ശതമാനവും 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ളവരുമാനത്തിന് 15 ശതമാനവും  നല്‍കിയാല്‍ മതി.

പഴയ രീതിയില്‍ 10 ലക്ഷത്തില്‍ കൂടുതല്‍ വരുമാനത്തിന് 30 ശതമാനം നികുതി നല്‍കണമെങ്കില്‍ പുതിയതില്‍ 10 ലക്ഷത്തിനും 12.5 ലക്ഷത്തിനും ഇടയിലുള്ള വരുമാനത്തിന് 20 ശതമാനം നല്‍കിയാല്‍ മതി. പഴയതില്‍ 10 ലക്ഷം രൂപയ്ക്ക് മുകളില്‍ എത്ര വരുമാനം ഉണ്ടെങ്കിലും അതിനെല്ലാം 30 ശതമാനം നിരക്കില്‍ നികുതി നല്‍കണം. എന്നാല്‍ പുതിയ രീതിയില്‍ കുറച്ചുകൂടി ഇളവുണ്ട്. 12.5 മുതല്‍ 15 ലക്ഷം വരെയുള്ള വരുമാനത്തിന് 25 ശതമാനം നല്‍കിയാല്‍ മതി. ‌15 ലക്ഷത്തില്‍ കൂടുതല്‍ വരുമാനം ഉണ്ടെങ്കില്‍ മാത്രം പുതിയ സ്ലാബില്‍ 30 ശതമാനം നികുതി നല്‍കിയാല്‍ മതി.

txa-table

ഒന്നുകൂടി കാര്യങ്ങള്‍ ലളിതമായി പറഞ്ഞാല്‍ നിങ്ങള്‍ക്ക് അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെ നികുതി വിധേയ വരുമാനം ഉണ്ടെങ്കില്‍ പഴയ രീതിയില്‍ 20 ശതമാനം നികുതിയും 10 ലക്ഷത്തില്‍ കൂടുതല്‍ എത്രയുണ്ടെങ്കിലും അതിനെല്ലാം 30 ശതമാനം നികുതിയും നല്‍കണം. എന്നാല്‍ പുതിയ രീതിയാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ അഞ്ച്  ലക്ഷം മുതല്‍ 7.5 ലക്ഷം വരെയുള്ള വരുമാനത്തിന് 10 ശതമാനം മാത്രം നികുതി നല്‍കിയാല്‍ മതി. 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള വരുമാനത്തിന് 15 ശതമാനം നികുതി നല്‍കിയാല്‍ മതി. 10 മുതല്‍ 12.5 ലക്ഷം വരെ 15 ശതമാനവും 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 20 ശതമാനവും നികുതി നല്‍കിയാല്‍ മതി. 15 ലക്ഷത്തിനുമുകളിലുള്ള തുകയ്ക്ക് മാത്രമേ 30 ശതമാനം നികുതി നല്‍കേണ്ടിവരികയുള്ളൂ.

പഴയ രീതി സ്വീകരിച്ചാല്‍ 10 ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് 30 ശതമാനം നിരക്കില്‍ നികുതി നല്‍കേണ്ടിവരും. നികുതി സ്ലാബിന്റെയും നിരക്കിന്റെയും കാര്യത്തില്‍ പുതിയ രീതി സ്വീകരിക്കുന്നതാണ് ലാഭകരം എന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. പക്ഷേ പുതിയ നിരക്കിൽ  പല ഇളവുകളും കിഴിവുകളും ലഭിക്കുകയില്ല എന്ന കാര്യം മറക്കരുത്. അങ്ങനെ നഷ്ടപ്പെടുന്ന ഇളവുകളും കിഴിവുകളും ഏതൊക്കെയെന്ന് നോക്കാം.

2. പുതിയ രീതി സ്വീകരിച്ചാല്‍ നഷ്ടപ്പെടുന്ന പ്രധാന ഇളവുകളും കിഴിവുകളും

∙ ലീവ് ട്രാവല്‍ അലവന്‍സ് പുതിയ ടാക്‌സ് രീതിയില്‍ കുറയക്കാന്‍ കഴിയില്ല.

∙.ശമ്പള വരുമാനക്കാര്‍ക്കുള്ള 50,000 രൂപയുടെ സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍്, അടച്ച പ്രൊഫഷണല്‍ ടാകസ്, ലഭിച്ച എന്റര്‍ടെയ്ന്‍മെന്റ് അലവന്‍സ് എന്നിവയൊന്നും പുതിയ ടാക്‌സ് സ്വീകരിച്ചാല്‍ വരുമാനത്തില്‍ നിന്ന് കുറയ്ക്കാന്‍ കഴിയില്ല.

∙ റെന്റ് അലവന്‍സ് കുറയ്കാന്‍ കഴിയില്ല.

∙കുട്ടികളുടെ വിദ്യാഭ്യസ ചിലവ് ഉൾപ്പെടില്ല

∙വീട് പണിയാന്‍ എടുത്ത ഭവന വായ്പയുടെ പലിശ കുറയ്ക്കാന്‍ കഴിയില്ല.

∙കുടുംബ പെന്‍ഷന്‍ വരുമാനം കുറയ്ക്കാന്‍ കഴിയില്ല.

∙സെക്ഷന്‍ 80 സി പ്രകാരം വരുമാനത്തില്‍ നിന്ന് കുറയ്ക്കാന്‍ പറ്റിയിരുന്നതൊന്നും പുതിയ രീതിയില്‍ കുറയ്ക്കാന്‍ കഴിയില്ല.

∙മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാന്‍ കഴിയില്ല.

∙9. വിദ്യാഭ്യാസ വായ്പയുടെ പലിശ അടവ് കുറയ്ക്കാന്‍ കഴിയില്ല.

∙10. മറ്റ് ഇളവുകളും കിഴിവുകളും ലഭിക്കുകയില്ല.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

3. പുതിയ ടാക്‌സ് രീതി സ്വീകരിച്ചാല്‍ വരുമാനത്തില്‍ നിന്ന് കുറയ്ക്കാന്‍ കഴിയുന്ന പ്രധാന കിഴിവുകളും ഇളവുകളും

∙അന്ധത, ബധിരത, മൂകത തുടങ്ങിയ ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്ക് ലഭിക്കുന്ന ട്രാന്‍സ്‌പോര്‍ട് അലവന്‍സ്,

∙ജോലിയുടെ ഭാഗമായി നടത്തുന്ന യാത്രകള്‍ക്ക് ലഭിക്കുന്ന ട്രാവല്‍ അലവന്‍സ്,

∙ടൂര്‍, ട്രാന്‍സ്ഫര്‍ ടി.എ

∙4. എന്‍.പി.എസിലേക്ക് തൊഴിലുടമ അടയ്ക്കുന്ന വിഹിതം

നിങ്ങളുടെ മൊത്തം നികുതി ബാധ്യത കണക്കാക്കുക. പുതിയ രീതി സ്വീകരിച്ചാല്‍ നഷ്ടപ്പെടുന്ന ഇളവുകളും കിഴിവുകളും എത്രയെന്ന് മനസിലാക്കുക. നികുതി ബാധ്യത എത്രയെന്ന്് രണ്ട് രീതികൾ അനുസരിച്ചും വിലയിരുത്തി നോക്കുക. ലാഭകരം ഏതാണോ അതിനനുസരിച്ചുള്ള തീരുമാനം എടുക്കുക. സ്വന്തമായി ലാഭം ഏത് രീതിയെന്ന്് കണ്ടുപിടിക്കാന്‍ കഴിയുന്നില്ല എങ്കില്‍  ഉദാഹരണ സഹിതം അടുത്ത ലേഖനത്തില്‍ വിശദമാക്കാം.

( പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com