ADVERTISEMENT

ഇനി വരുന്നത് തിരക്കിട്ട നികുതി ആസൂത്രണത്തിന്റെ ദിനങ്ങളാണ്. എവിടെ നിക്ഷേപിച്ചാൽ കൂടുതൽ ഇളവ് നേടാനാകും എന്നതാണ് പ്രധാനം. ആദായ നികുതിയിൽ 80C ക്ക് അപ്പുറം ഇളവു ലഭിക്കുന്ന നിക്ഷേപ മാർഗങ്ങൾ അന്വേഷിക്കുകയാണോ നിങ്ങളും? എങ്കിൽ കേന്ദ്ര സർക്കാറിന്റെ ഈ നിക്ഷേപ പദ്ധതിയെക്കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം

80C ക്ക് അപ്പുറം ആദായ നികുതി ഇളവു ലഭിക്കുന്ന ഒരേയൊരു നിക്ഷേപമാർഗമാണ് ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ് ).18 വയസ്സു മുതൽ 70 വയസ്സുവരെയുള്ള ആർക്കും ഈ പദ്ധതിയിൽ അംഗമാകാം. 60 വയസ്സിനു ശേഷം ജീവിതകാലം മുഴുവൻ ഉറപ്പായ പ്രതിമാസ പെൻഷൻ ലഭിക്കും. ഇതിൽ നിക്ഷേപിക്കുന്ന തുക ഓഹരി അടക്കമുള്ള വിവിധ സാമ്പത്തിക ആസ്തികളിൽ വീതിച്ച് നിക്ഷേപിക്കാനും കഴിയും. സർക്കാർ, ബാങ്ക് ഉദ്യോഗസ്ഥർ ശമ്പളത്തിന്റെ 10% നിക്ഷേപിക്കുമ്പോൾ 14% തുക സർക്കാരും നിക്ഷേപിക്കും.കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുന്ന ജീവനക്കാരുടെ ശമ്പളത്തിന്റെ 10% മാണ് സർക്കാർ എൻപിഎസിൽ നിക്ഷേപിക്കുന്നത്. രാജ്യത്ത് നിലവിലുള്ള പെൻഷൻ പദ്ധതികളിൽ താരതമ്യേന മെച്ചപ്പെട്ട ആദായം തരുന്ന ഈ പദ്ധതിയിലൂടെ വിപണി ബന്ധിത നേട്ടവും ആദായ നികുതിയിളവും സ്വന്തമാക്കാം.

ഇളവുകൾ എങ്ങനെയെല്ലാം?

ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C അനുസരിച്ച് എൻപിഎസ് നിക്ഷേപത്തിന് 1.5 ലക്ഷം രൂപയുടെ ഇളവു ലഭിക്കും. ഇതിനു പുറമെ എൻപിഎസിലെ 50,000 രൂപ വരെയുള്ള അധിക നിക്ഷേപത്തിന് 80CCD (1B) പ്രകാരം ഇളവിന് അർഹതയുണ്ട്. തൊഴിലുടമയുടെ വിഹിതമായി അടയ്ക്കുന്ന തുകയ്ക്ക് 80CCD (2) അനുസരിച്ച് സ്ഥാപനത്തിനു നികുതിയിളവ് നേടാം.

പോയിന്റ് ഓഫ് പ്രസൻസ്(POP)കൾ എന്നറിയപ്പെടുന്ന അംഗീകൃത സേവനദാതാക്കൾ വഴി പദ്ധതിയിൽ അംഗമാകാം. രാജ്യത്തെ മിക്ക പൊതുമേഖലാ ബാങ്കുകളും പോസ്റ്റാഫീസുകളും അംഗീകൃത സേവന ദാതാക്കളാണ്. അവിടെ നിന്നു ലഭിക്കുന്ന നിർദ്ദിഷ്ട ഫോറം പൂരിപ്പിച്ച് അനുബന്ധ രേഖകൾക്കൊപ്പം സമർപ്പിച്ച് പദ്ധതിയിൽ പേര് റജിസ്റ്റർ ചെയ്യാം.

ഓൺലൈനായി അക്കൗണ്ടു തുറന്ന് നേരിട്ടും നിക്ഷേപം നടത്താം. സെൻട്രൽ റെക്കോഡ് കീപ്പിങ് ഏജൻസി (CRA) യുടെ പോർട്ടലായ enps.nsdl.com ൽ പ്രവേശിച്ച് നിർദ്ദേശാനുസരണം റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. കൂടുതൽ വിവരങ്ങൾ NPS സൈറ്റിൽ നിന്നു ലഭിക്കും. പദ്ധതിയിൽ ചേരുന്നവർക്ക് എടിഎം കാർഡിനു സമാനമായ ഒരു പ്രാൺ (PRAN - പെർമെനന്റ് അക്കൗണ്ട് നമ്പർ ) കാർഡ് അനുവദിക്കും.

English Summary : National Pension Scheme will Give more Income Tax Benefits than NPS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com