ADVERTISEMENT

ജീവിതത്തിലെ ഏറ്റവും വിശ്വസ്തനായ സുഹൃത്താണു പണം. വര്‍ഷം മുഴുവന്‍, എല്ലാ ദിവസവും നമ്മുടെ പണം നിരന്തരം നമുക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. പക്ഷേ, പണം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് നാം അറിയണം. അല്ലെങ്കിൽ പണത്തിന്റെ ശത്രുക്കൾ അതിനെ നശിപ്പിക്കും.

പണത്തിന്റെ 3 ശത്രുക്കൾ 

പണപ്പെരുപ്പം, മോശം ബാധ്യതകള്‍, ആസൂത്രണമില്ലായ്മ എന്നിവയാണ് പണത്തിന്റെ മൂന്നു പ്രധാന ശത്രുക്കൾ.

1. പണപ്പെരുപ്പം

പണത്തെ കാർന്നു തിന്നുന്ന ചിതലാണിത്. വർഷങ്ങൾ കടന്നു പോകുന്നതനുസരിച്ച് ഈ ചിതൽ മൂലം നമ്മുടെ പണത്തിന്റെ മൂല്യം കുറയും. പണപ്പെരുപ്പത്തെ മറികടക്കുന്ന, വരുമാനം കിട്ടുന്ന മാർഗങ്ങളിൽ നിക്ഷേപിക്കുകയാണ് ഇതിനെ മറികടക്കാനുള്ള വഴി.

കിട്ടുന്ന പലിശയിൽനിന്നു പണപ്പെരുപ്പം കുറച്ചാൽ കിട്ടുന്നതാണ് യഥാർഥ നേട്ടം എന്നത് ഉൾക്കൊണ്ടു വേണം നിക്ഷേപപദ്ധതി തീരുമാനിക്കാൻ. അതായത്, 6% പലിശ കിട്ടുമെങ്കിലും 5% പണപ്പെരുപ്പം കfഴിച്ചാൽ യഥാർഥത്തിൽ 1% മാത്രമാണ് ആദായം. 

2. മോശം ബാധ്യതകൾ

ഇന്ന് വായ്പ എടുക്കാതെ ജീവിക്കാനാകില്ല. പക്ഷേ, വായ്പ രണ്ടു തരം ഉണ്ട്. നല്ലതും ചീത്തയും. മൂല്യം ഉയരുന്ന ആസ്തികൾക്കു വേണ്ടി എടുക്കുന്നത്, ദീര്‍ഘകാലയളവില്‍ വരുമാനം നല്‍കുന്നത്, ഭാവിയിൽ വരുമാനം ഉയര്‍ത്തുന്നത്, നികുതിയിളവ് ലഭിക്കുന്നത് എന്നിവയെല്ലാം നല്ല കടങ്ങളാണ്. ഉദാ: ഭവന വായ്പയും വിദ്യാഭ്യാസ വായ്പയും. 

അതേസമയം വേഗത്തില്‍ മൂല്യം കുറയുന്ന വസ്തുക്കള്‍ വാങ്ങാനോ ആഡംബര ചെലവുകൾക്കായോ എടുക്കുന്ന വായ്പകൾ ചീത്തക്കടങ്ങളാണ്. താങ്ങാനാവാത്ത മാസ തിരിച്ചടവ് ഉള്ളവയും നികുതിയിളവ് ലഭിക്കാത്ത വായ്പകളും ഇക്കൂട്ടത്തിൽപെടുത്താം. 

നല്ലതോ ചീത്തയോ ആയാലും എടുത്ത വായ്പ കൃത്യമായി തിരിച്ചടയ്ക്കണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കി, കൂടുതല്‍ പണം തിരിച്ചടവിന് ഉപയോഗിക്കാനും ശ്രമിക്കണം. 

പലിശയായി അടയ്ക്കുന്ന തുക കുറയ്ക്കണമെങ്കിൽ വേഗം വായ്പ തിരിച്ചടയ്ക്കുകയാണു വേണ്ടത്. കാലയളവ് കൂടിയ വായ്പകളിൽ മാസതവണ കുറവാണെങ്കിലും പലിശയിനത്തിൽ വൻതുക നൽകേണ്ടി വരും. വായ്പകൾ വിലയിരുത്തി ഉയര്‍ന്ന പലിശയുള്ളവ ആദ്യം അടച്ചുതീർക്കുക. അല്ലെങ്കിൽ, കുറഞ്ഞ പലിശയിലേക്കു മാറ്റാനുള്ള അവസരങ്ങൾ വിനിയോഗിക്കുക. 

3. ആസൂത്രണമില്ലായ്മ

നമ്മുടെ പണത്തിന്റെ മൂന്നാമത്തെ ശത്രു ആസൂത്രണമില്ലായ്മയാണ്. നമ്മുടെ കയ്യിലുളള വിഭവങ്ങള്‍ പരിമിതമാണ്. ജീവിതത്തിലെ ആവശ്യങ്ങള്‍ക്കാകട്ടെ പരിധികള്‍ ഇല്ല. അതുകൊണ്ട്, ഉള്ളതുകൊണ്ട് ആവശ്യങ്ങൾ നിറവേറ്റാൻ പ്ലാനിങ് വേണം, ലക്ഷ്യങ്ങൾ അറിഞ്ഞ് അതനുസരിച്ചു നിക്ഷേപിക്കണം.

പണ്ട്, കൂട്ടുകുടുംബത്തില്‍ ഉത്തരവാദിത്തങ്ങള്‍ പങ്കുവച്ചിരുന്നുവെങ്കിൽ ഇന്ന് അണുകുടുംബത്തില്‍ ഉത്തരവാദിത്തം ഒരാളില്‍ മാത്രമാണ്. അതിനാല്‍, പണം സംരക്ഷിക്കാനും അതില്‍നിന്നു വരുമാനം നേടാനും ശരിയായ ആസൂത്രണം ആവശ്യമാണ്.  

ലേഖകൻ മുംബൈയിലെ ഇംപീറ്റസ് വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും സ്ഥാപകനുമാണ്

English Summary: Save Your Money from these Three Enemies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com