ADVERTISEMENT

അക്ഷയ തൃതീയക്ക് ഒരു തരി പൊന്നു വാങ്ങിയില്ലെങ്കിൽ പിന്നെന്ത്? സ്വർണം നിക്ഷേപമായി കാണുന്നവർക്ക് മികച്ച അവസരമാണിത്. സ്വർണത്തിൽ നിക്ഷേപം നടത്തുന്നത് ഒരിക്കലും നഷ്ടമാകില്ലെന്നതിനുള്ള തെളിവാണ് ഇപ്പോഴത്തെ സ്വർണവില. അവരവരുടെ പോർട്ടഫോളിയോയുടെ 10–15 ശതമാനം വരെ വിഹിതം ഉയർത്താനും അനുയോജ്യമായ സമയമാണിത്. 

സ്വർണം തിളങ്ങുന്നതെന്തുകൊണ്ട്

നിലവിലെ സാമ്പത്തിക പരിസ്ഥിതിയിൽ സ്വർണം വാങ്ങുന്നതിൽ അർഥമുണ്ടോ?. ഇതുവരെ നിക്ഷേപം നടത്തിയവർക്കു സ്വർണം മികച്ച നേട്ടമാണ് നൽകിയിരിക്കുന്നത്. യുദ്ധം, സാമ്പത്തികമായ അരക്ഷിതാവസ്ഥ, വിലക്കയറ്റം, എണ്ണവില തുടങ്ങിയവയെല്ലാം മഞ്ഞലോഹത്തിനു തിളക്കം കൂട്ടി. അതുകൊണ്ടുതന്നെ നിക്ഷേപർക്ക് അനുകൂലമാണ്.    

ആഭരണമായി വാങ്ങിയാൽ നഷ്ടം

അക്ഷയ തൃതീയക്ക് സ്വർണം വാങ്ങണം. എന്നാൽ നേരിട്ടു ഉരുപ്പിടിയായി വാങ്ങാതെ മറ്റു രീതിയിലും നിക്ഷേപിക്കാം. ആഭരണമായി വാങ്ങുമ്പോൾ പണിക്കൂലി, നികുതി ഇനത്തിൽ നല്ലൊരു ശതമാനം നഷ്ടം വരും. കാരണം ആഭരണത്തിന്റെ പണിക്കൂലി അടക്കമുള്ള വിലയുടെ 3 ശതമാനമാണ് ജിഎസ്ടി ആയി ഈടാക്കുന്നത്. പുതിയ ഫാഷനിൽ 30–35 ശതമാനം പണിക്കൂലിയിൽ 5 പവന്റെ ആഭരണം വാങ്ങിയാൽ നല്ലൊരു തുക നഷ്ടം വരും. അതായത് പണിക്കൂലി ഉയരുന്നതനുസരിച്ചു നികുതിയും കൂടും. സ്വർണമായി തന്നെ വാങ്ങണമെന്നുണ്ടെങ്കിൽ നാണയമായോ, ബാർ ആയോ വാങ്ങുക. 

പണിക്കൂലിയില്ല, നികുതി കുറവ്, മികച്ച നേട്ടം ഇ–ഗോൾഡ്

സ്വർണത്തിൽ നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏറ്റവും നല്ലത് ഇ–ഗോൾഡ് ആണ്. സോവറിൻ ഗോൾഡ് ബോണ്ട്, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ട്, ഡിജിറ്റൽ ഗോൾഡ് എന്നിവയിൽ നിക്ഷേപിക്കുകയാണെങ്കിൽ പണിക്കൂലി ഇനത്തിലുള്ള നഷ്ടം ഒഴിവാക്കാം.    

സോവറിൻ ഗോൾഡ് ബോണ്ട്

സ്വർണത്തിൽ നിക്ഷേപിക്കുന്നതിലൂടെ പലിശ വരുമാനം നേടാനുള്ള അവസരമാണ് സോവറിൻ ഗോൾഡ് ബോണ്ട്. കേന്ദ്രസർക്കാർ ഗാരന്റിയോടെ അവതരിപ്പിച്ചിട്ടുള്ള പദ്ധതിയാണിത്. 999 ശുദ്ധതയുള്ള ഒരു ഗ്രാം സ്വർണത്തിന്റെ വിലയിലാണ് ഇടപാടുകൾ. നിക്ഷേപത്തുകയുടെ 2.5% പലിശയിനത്തിൽ ലഭ്യമാകും. മുതലും പലിശയും സ്വർണമായല്ല പണമായാണ് ലഭിക്കുന്നത്. ജിഎസ്ടി, പണിക്കൂലി നഷ്ടങ്ങൾ ഒഴിവാക്കാം. വ്യക്തിക്ക് 4 കിലോഗ്രാം വരെ വാങ്ങാം. ട്രസ്റ്റ് ആണെങ്കിൽ 20 കിലോഗ്രാം വരെയാകാം. 8 വർഷമാണ് കാലാവധി. കാലാവധിക്കു മുൻപാണെങ്കിൽ നിക്ഷേപിച്ച ദിവസം മുതൽ 5,6,7 വർഷങ്ങളിലായി പിൻവലിക്കാം. കാലാവധി തീർന്നാൽ അന്നത്തെ വിപണി വില അനുസരിച്ചുള്ള തുക അക്കൗണ്ടിലെത്തും. 

5 വർഷത്തിനു മുൻപു പിൻവലിക്കണമെങ്കിൽ ബോണ്ട് സ്റ്റോക് എക്സ്ചേഞ്ചിലൂടെ വിൽക്കാം. ഡീമാറ്റ് അക്കൗണ്ട് നിർബന്ധമാണ്. മുതലിനു നികുതിയില്ലെങ്കിലും 2.5% പലിശയ്ക്ക് നികുതി ഈടാക്കും. 

ഗോൾഡ് ഇടിഎഫ് 

ഓഹരിയിൽ നിക്ഷേപിക്കുന്നതുപോലെയാണ് ഗോൾഡ് ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡ് ഫണ്ട്). എപ്പോൾ വേണമെങ്കിലും വാങ്ങുകയും വിൽക്കുകയും ചെയ്യാം. സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ എപ്പോൾ വേണമെങ്കിലും വാങ്ങുകയും വിൽക്കുകയും ചെയ്യാവുന്ന മ്യൂച്ചൽ ഫണ്ടുകളാണ് ഇടിഎഫുകൾ. ഇവയിൽ നിക്ഷേപിക്കാൻ ഡീമാറ്റ് അക്കൗണ്ട് വേണം. ആഭരണമായി വാങ്ങുമ്പോഴുള്ള പണിക്കൂലി, ജിഎസ്ടി എന്നിവ ഇല്ല. നിക്ഷേപിക്കുന്ന തുകയ്ക്കു തുല്യ മൂല്യമുള്ള ഇടിഎഫ് യൂണിറ്റുകളായാണ് കിട്ടുക. ഒരു ഗ്രാമായോ ഒരു ഗ്രാമിന്റെ നൂറിലൊന്നായിട്ടും ഇടിഎഫ് ട്രേഡ് ചെയ്യാം. 500 ന്റെ ഗുണിതങ്ങളായാണ് നിക്ഷേപം നടത്തേണ്ടത്. മൊബൈൽ ആപ് വഴി വാങ്ങുകയും വിൽക്കുകയും ചെയ്യാം. ഏതു സമയത്തും എവിടെയിരുന്നും വാങ്ങാം വിൽക്കാം. വിൽക്കുമ്പോൾ അന്നത്തെ സ്വർണ വിലയ്ക്കനുസരിച്ചാകും ട്രേഡിങ്. പണം നിങ്ങളുടെ അക്കൗണ്ടിലെത്തും. വിറ്റാൽ കിട്ടുന്ന ലാഭത്തിനു നികുതി ഈടാക്കും. 0.5–1% വരെ ബ്രോക്കറേജ് ഫീസ് ഈടാക്കാറുണ്ട്. എച്ച്ഡിഎഫ്സി ഗോൾഡ് ഇടിഎഫ്, എസ്ബിഐ ഇടിഎഫ് ഗോൾഡ്, ആക്സിസ് ഗോൾഡ് ഇടിഎഫ് തുടങ്ങി ഒട്ടേറെ ഫണ്ടുകളുണ്ട്. 

ഡിജിറ്റൽ ഗോൾഡ്

സ്വർണം ഡിജിറ്റൽ രൂപത്തിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനോടൊപ്പം ആവശ്യമെങ്കിൽ സ്വർണമായി തന്നെ കിട്ടുന്ന പദ്ധതിയാണിത്. സ്വർണക്കടയിൽ പോകാതെ കോയിൻ, ബിസ്ക്കറ്റ് രൂപത്തിൽ സ്വർണം വാങ്ങാം. നിക്ഷേപകർ വാങ്ങുന്ന സ്വർണം സേഫ് വോലറ്റിൽ കമ്പനി സൂക്ഷിക്കും. ആവശ്യപ്പെട്ടാൽ കുറിയർ വഴി വീട്ടിലെത്തിക്കുന്നു. 24 മണിക്കൂറും ഡിജി ഗോൾഡ് മാർക്കറ്റ് ഓപ്പൺ ആണ്. വളരെ ചെറിയ തുകയ്ക്കും നിക്ഷേപം നടത്താം. സേഫ്ഗോൾഡ്, എംഎടിസി–പാംപ്, ഓഗോമോണ്ട് ഗോൾഡ് ലിമിറ്റ് എന്നിവയാണ് ഡിജിറ്റൽ ഗോൾഡ് നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനികൾ. സ്വർണം സൂക്ഷിക്കാനും എത്തിക്കാനുമുള്ള ചെലവുകൾ വിൽപ്പന വിലയിൽനിന്ന് ഈടാക്കും.  

English Summary : Akshaya Tritiya and Gold Buying Methods

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com