ADVERTISEMENT

ശ്യാമളയും, രാധമ്മയും ഓഫീസിൽ നിന്നിറങ്ങി നടക്കുവാൻ തുടങ്ങി. "എത്ര വർഷങ്ങളായല്ലേ ശ്യാമളേ നമ്മളീ നടപ്പ് തുടങ്ങിയിട്ട്, ഇനിയും പത്തു വർഷം കൂടി നമ്മളിങ്ങനെ ഒരുമിച്ചു നടക്കുമായിരിക്കുമല്ലേ" രാധമ്മ ചോദിച്ചു. "ഒരുമിച്ചു പഠിച്ചു, ഒരുമിച്ചു ജോലിക്കു കയറി, ഇടയ്ക്കു പല സ്ഥലങ്ങളിലായി പോയെങ്കിലും, വീണ്ടും ഒരുമിച്ചു ഒരേ ഓഫീസിൽ തിരിച്ചെത്തി.. ജീവിതത്തിൽ നമ്മുടെ പോലെ കൂട്ടായിരുന്നവർ അധികം പേർ ഉണ്ടാകില്ലല്ലേ.." ശ്യാമള നിറഞ്ഞ സന്തോഷത്തോടെ രാധമ്മയുടെ മുഖത്ത് നോക്കി.

"നമ്മളാദ്യം മുതലേ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുകയും, എല്ലാ ദിവസവും സംസാരിക്കുകയും ചെയ്യുമായിരുന്നില്ലേ, റിട്ടയർ ചെയ്താലും നമുക്ക് എന്നും കാണണം" രാധമ്മ പറഞ്ഞു.

 "റിട്ടയർമെന്റിന്റെ കാര്യം പറഞ്ഞപ്പൊഴാ, ഓർത്തത്. ഇന്ന് ''അമ്മ ദിനം" ആയതുകൊണ്ട് ഇന്നലെ മകൻ എനിക്കൊരു സമ്മാനമായി ഒരു 'മ്യൂച്ചൽ ഫണ്ടിൽ' പുതിയ നിക്ഷേപം തുടങ്ങുന്നുണ്ടെന്നു പറഞ്ഞു. എനിക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതിലൊന്നും ചേരേണ്ട. നിനക്ക് എന്തെങ്കിലും തരണമെന്ന് തോന്നിയാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ ഇട്ടു തന്നാൽ മതി. എന്ന് ഞാൻ പറഞ്ഞു. ഒന്നുമില്ലെങ്കിലും പലിശയെങ്കിലും കിട്ടുമല്ലോ...

mutual-fund

എത്ര കഷ്ട്ടപെട്ടിട്ടാ നമ്മൾ ഇതുവരെ എത്തിയത്. പലതും വാങ്ങണമെന്ന് ആഗ്രഹമുണ്ടായിട്ടും ഒന്നും വാങ്ങാതെ, മിച്ചം പിടിച്ചല്ലേ നമ്മൾ വീട്ടു ചെലവുകൾ എല്ലാം നടത്തി ഇതുവരെ എത്തിയത്. ഓരോ പൈസയും കൂട്ടി വച്ച്, ചിട്ടി കൂടിയും റിക്കറിംഗ് ഡെപോസിറ്റിൽ ചേർന്നും അല്ലേ ഭാവി ആവശ്യങ്ങൾക്കായി സ്വരുക്കൂട്ടിയത്. ഇനിയും നമ്മൾ ഇതുപോലെയൊക്കെ ജീവിക്കും. മ്യൂച്ചൽ ഫണ്ടിലൊന്നും പൈസ നിക്ഷേപിച്ചുള്ള കളികൾക്ക് എനിക്ക് താൽപര്യമില്ല. അതുമല്ലെങ്കിലും മക്കൾക്കൊന്നും നമ്മുടെയത്ര വിവരമില്ല" ശ്യാമള നെടുവീർപ്പിട്ടു.

"മക്കൾക്ക് നമ്മുടെ പോലെ വിവരമില്ലെന്ന് നിനക്ക് വെറുതെ തോന്നുന്നതാ ശ്യാമളേ, പണ്ടു കാലത്തെപോലെയല്ല, ഇപ്പോഴത്തെ കുട്ടികൾ. എല്ലാ കാര്യങ്ങളെപ്പറ്റിയും നല്ല ബോധ്യമുണ്ട്. അതല്ലെങ്കിൽ നിന്റെ മോൻ ജോലി കിട്ടിയപ്പോൾ തന്നെ മ്യൂച്ചൽ ഫണ്ടിൽ ചേർന്ന് പൈസ സ്വരുകൂട്ടാൻ തുടങ്ങില്ലല്ലോ.

നമുക്ക് പ്രായമായതിനാൽ പുതിയ നിക്ഷേപത്തെ കുറിച്ചൊക്കെയുള്ള കാര്യങ്ങൾ ശരിക്കും അറിയില്ല എന്നതാണ് സത്യം. ശരിക്കു പറഞ്ഞാൽ നമ്മൾ മുൻപേ മ്യൂച്ചൽ ഫണ്ടിലൊക്കെ ചേരേണ്ടതായിരുന്നു. എന്റെ മോൾ നിസാര തുക വച്ച് ഒരു മ്യൂച്ചൽ ഫണ്ടിൽ മാസം നിക്ഷേപിച്ചിരുന്നു. ഇപ്പോൾ അവൾക്കു 25 ശതമാനം അതിൽ ആദായം കാണിക്കുന്നുണ്ടെന്നു അവൾ പറഞ്ഞു. ബാങ്കിലോ പോസ്റ്റ് പോസ്റ്റ് ഓഫിസീലോ നാം ഇടുന്ന ആർഡിയ്ക്ക് അതിന്റെ നാലിലൊന്നല്ലേ കിട്ടുന്നുള്ളൂ.

പണ്ടത്തെ കാലമല്ല ഇപ്പോൾ. നമ്മുടെ 250 രൂപ മാസ ശമ്പളം കൊണ്ട് എല്ലാ ചിലവും നടന്നിരുന്നതുപോലെ ഇപ്പോൾ 25000 രൂപ കൊണ്ട് പോലും ഒരു വീട് കഴിഞ്ഞുപോകില്ല. സാധനങ്ങൾക്ക് അത്രയ്ക്ക് വില കൂടുതലാണ്.അതുകാരണം നമുക്ക് കുറച്ചെങ്കിലും നല്ല ആദായം കിട്ടണമെങ്കിൽ മ്യൂച്ചൽ ഫണ്ടിൽ ചേരുന്നത് നല്ലതാണ്.പിന്നെ മകൻ പറയുന്നത് കേൾക്കുന്നത് കൊണ്ട് മോശമൊന്നുമില്ല കേട്ടോ " രാധമ്മ ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് ശ്യാമളയുടെ കൈയ്യിൽ പിടിച്ചു.

"നീ അങ്ങനെ വിചാരിക്കുന്നുണ്ടെങ്കിൽ മകൻ തന്ന 'മ്യൂച്ചൽ ഫണ്ട്' ഓഫറിനെക്കുറിച്ച് ഞാൻ ഒന്നുകൂടി ആലോചിക്കാം. അല്ലെങ്കിലും നമുക്ക് റിട്ടയർ ആകുമ്പോൾ ചിലവുകൾ കൂടുമല്ലോ. ഇപ്പോൾ തന്നെ ഷുഗറും, കൊളസ്ട്രോളുമെല്ലാം ഉണ്ട്. മരുന്നിനും നല്ലൊരു തുകയാകും.അവനെനിക്ക് ഒരു ആരോഗ്യ ഇൻഷുറൻസും എടുക്കുന്നുണ്ടെന്നു പറഞ്ഞു. ഞാൻ പക്ഷെ അതും കാര്യമായി ഗൗനിച്ചില്ല. എല്ലാ വർഷവും പൈസ അടക്കണം, അസുഖം വന്നാൽ മാത്രമല്ലേ തിരിച്ചു അതിന്റെ ഗുണം കിട്ടുകയുള്ളൂ." ശ്യാമള ചോദിച്ചു. "അയ്യോ നീ ആരോഗ്യ ഇൻഷുറൻസ് ഇത്ര നാളായിട്ടും എടുത്തില്ലായിരുന്നോ. ഞാൻ 45 വയസ്സിൽ തന്നെ എറണാകുളത്തേക്കു മാറ്റം വന്നു പോയ സമയത്ത് എടുത്തിരുന്നു. എല്ലാ വർഷവും പ്രീമിയവും അടക്കുന്നുണ്ട്. അസുഖം വന്നില്ലെങ്കിലും, നമുക്ക് ആരോഗ്യ ചെക്ക് അപ്പ് ഇടയ്ക്കു നടത്തുന്നതിന് ഇൻഷുറൻസുകാർ സൗകര്യം തരുന്നുണ്ട്. പിന്നെ അടയ്ക്കുന്ന പ്രീമിയത്തിനു ആദായനികുതി ഇളവും ക്ലെയിം ചെയ്യാം. ഹെൽത്ത് ഇൻഷുറൻസില്ലാതെ അടുത്ത കാലത്തു ജീവിക്കാൻ പറ്റില്ല ശ്യാമളേ . ഇത്രനാളും, നമ്മൾ കുട്ടികളുടെ കാര്യവും. അച്ഛനമ്മമാരുടെ കാര്യവും എല്ലാം ഭംഗിയായി നടത്തി. ഇനിയെങ്കിലും നമ്മൾ അമ്മമാർ നമുക്ക് വേണ്ടി ജീവിക്കണം. അത്യാവശ്യത്തിനു പെൻഷനും, ആരോഗ്യ ഇൻഷുറൻസുമുണ്ടെങ്കിൽ നമുക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കാമല്ലോ. വയസാം കാലത്തു അതും ഒരു സന്തോഷമല്ലേ. " രാധ ചോദിച്ചു.

 "ശരിയാ നീ പറഞ്ഞത്, നമുക്ക് വയസായിക്കൊണ്ടിരിക്കുന്ന കാര്യം ഞാൻ മറന്നു. മകന്റെ സമ്മാനങ്ങൾ ഒരു നല്ല കാര്യമാണെന്നാണെല്ലേ നീ പറഞ്ഞുവരുന്നത്.. മ്യൂച്ചൽ ഫണ്ടിൽ ചേരുകയും ഒരു ആരോഗ്യ ഇൻഷുറൻസ് എടുക്കുകയും ചെയ്യാം. നമുക്ക് സ്ത്രീകൾക്കും നമ്മുടേതായ ഒരു സാമ്പത്തിക സുരക്ഷിതത്വം വേണ്ടേ അല്ലേ.

വർഷങ്ങളായി ഞാൻ എന്റെ ശമ്പളം മുഴുവൻ ഭർത്താവിന് ആയിരുന്നു കൊടുത്തിരുന്നത്. കഴിഞ്ഞ ദിവസം ഓഫീസിൽ ലീന, അവൾ ആരുമറിയാതെ കുറച്ചു പണം വെച്ച് അടച്ചു മ്യൂച്ചൽ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ഉണ്ടാക്കി എന്ന് കേട്ടപ്പോൾ ഞാൻ അമ്പരന്നു പോയി. എന്തായാലും നമ്മൾ ഇന്നെങ്കിലും ഇതൊക്കെ സംസാരിച്ചത് നന്നായല്ലേ രാധേ. സംസാരിച്ച് വീടെത്തിയത് അറിഞ്ഞില്ല. അപ്പോൾ നാളെ കാണാം" കൂട്ടുകാരികൾ ചിരിച്ചു രണ്ടു പേരുടെയും വീടുകളുടെ ഇടവഴിയിലേക്ക് തിരിഞ്ഞു.

English Summary: Mother's Day 2022, Financial gifts you can give your mom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com