വിപണി ഇടിവ് തുടരും, എങ്കിലും ആസ്തി വകയിരുത്തല്‍ വേണ്ടെന്ന് വെക്കരുത്

HIGHLIGHTS
  • ചെറുകിട നിക്ഷേപകര്‍ മാറിനിൽക്കരുത്
family-finance
SHARE

പണപ്പെരുപ്പം പിടിച്ചു നിർത്താനായി രാജ്യങ്ങൾ പോരാടുന്നതിനൊപ്പം ആഭ്യന്തര പണപ്പെരുപ്പ നിരക്കുകള്‍ നേരെയാക്കാൻ റിസര്‍വ് ബാങ്കും നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇങ്ങനെയാകുമ്പോള്‍ ഹ്രസകാലത്തേക്ക് പലിശ നിരക്കുകള്‍ ഉയരാനാണ് സാധ്യത. ഉയര്‍ന്ന പലിശ നിരക്കുകളും ഉല്‍പന്ന വിലയിലെ വര്‍ധനവും കോര്‍പറേറ്റ് ഇന്ത്യയെ മൊത്തത്തില്‍ ബുദ്ധിമുട്ടിലാക്കും. ഇതിന്റെ സൂചനകള്‍ മാര്‍ച്ചില്‍ തന്നെ കണ്ടു തുടങ്ങി. ഓഹരി വിപണികളിൽ കനത്ത ചാഞ്ചാട്ടത്തിനു കാരണവും മറ്റൊന്നല്ല. 

നിക്ഷേപ എങ്ങനെയാകണം?

സമീപ കാലത്തെ തിരുത്തലിനു ശേഷം വിപണി മൂല്യങ്ങള്‍ മിതമായ നിലയിലാണ്. പക്ഷേ, വരാനിരിക്കുന്ന അനിശ്ചിത കാലം കണക്കിലെടുത്ത് വിപണി ചാഞ്ചാട്ടം അവഗണിക്കാനാവില്ല. എണ്ണ വില വര്‍ധനവ്, കര്‍ശനമായ പണ നിയന്ത്രണങ്ങള്‍, ആഗോള കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്കു വര്‍ധനവ്, തുടരുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം  തുടങ്ങിയ സാഹചര്യങ്ങള്‍ വിപണി ചാഞ്ചാട്ടമാണ് സൂചിപ്പിക്കുന്നത്.

ചാഞ്ചാട്ടം വരും നാളുകളില്‍ ഉയരും

ഇതിനിടെയുള്ള മറ്റൊരു ഘടകം ആഭ്യന്തര സ്ഥാപന നിക്ഷേപകരാണ്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഫലപ്രദമായി അതു സന്തുലനം ചെയ്തു. ഏപ്രില്‍ മാസത്തില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ 20,468 കോടി രൂപയുടെ വില്‍പന നടത്തിയപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ 22,371 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. അതു പോലെ മെയ് മാസത്തില്‍ വില്‍പന 37,663 കോടി രൂപയുടേതായിരുന്നു എങ്കില്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 27,360 കോടി രൂപയുടെ വാങ്ങല്‍ നടത്തി. വിപണി ചാഞ്ചാട്ടങ്ങള്‍ വരും നാളുകളില്‍ ഉയരുമെന്നതിനാല്‍ ചെറുകിട നിക്ഷേപകരുടെ പ്രതികരണം കാത്തിരിക്കേണ്ടതാണ്. ചെറുകിട നിക്ഷേപകര്‍ മാറിനിൽക്കാതെ നിക്ഷേപം തുടരുമെന്നാണ് പ്രതീക്ഷ.

ഇവിടെ മികച്ച നിക്ഷേപ തന്ത്രങ്ങളും ആസ്തി വകയിരുത്തലും ശ്രദ്ധിക്കണം. ഓഹരി, കടപ്പത്രം, സ്വര്‍ണം തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ നിക്ഷേപിക്കേണ്ടത് അനിവാര്യമാണ്. ആസ്തി വകയിരുത്തുകയോ വിവിധ ആസ്തി പദ്ധതികളില്‍ നിക്ഷേപിക്കുകയോ ചെയ്ത് ഇതു സാധ്യമാക്കാം. മുഴുവന്‍ തുകയും നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകനാണെങ്കില്‍ ആസ്തി വകയിരുത്തലോ മള്‍ട്ടി അസറ്റ് പദ്ധതികളോ പരിഗണിക്കാം.

∙എസ്‌ഐപി നിക്ഷേപം തുടരണം. വിപണിയിലുണ്ടാകുന്ന ഹ്രസ്വകാല സാഹചര്യങ്ങള്‍ അതിനെ ബാധിക്കരുത്. 

∙വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മിഡ്കാപ്, സ്‌മോള്‍കാപ് വിഭാഗത്തില്‍ ചില മേഖലകളില്‍ കുത്തനെയുള്ള തിരുത്തല്‍ ഉണ്ടായി. ഇവിടെ കൂടുതല്‍ ഇടിവിനുള്ള സാധ്യതയുണ്ട്. 

∙രൂപ ദുര്‍ബലമാകുന്നതില്‍ നിന്ന് കയറ്റുമതി അധിഷ്ഠിത കമ്പനികള്‍ നേട്ടമുണ്ടാക്കുന്നതിനാല്‍ കയറ്റുമതിയിലും സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികള്‍ നിക്ഷേപകര്‍ക്കു പരിഗണിക്കാം. 

∙ഡിവിഡന്റ് നേട്ടമാണ് മറ്റൊരു വിഭാഗം.  നിലവില്‍ കോര്‍പറേറ്റ് ബാലന്‍സ് ഷീറ്റുകള്‍ മെച്ചപ്പെട്ട രൂപത്തിലാണ്. അതുകൊണ്ട് ലാഭവിഹിതം നല്‍കുന്നത് വിപണികള്‍ അനിശ്ചിതത്വത്തില്‍ തുടരുന്ന കാലത്ത് നേട്ടമാണ്.

ലേഖകൻ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എഎംസിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമാണ്

English Summary: What Should be Your Investment Strategy in Uncertain Times

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS