ADVERTISEMENT

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി പതിനൊന്ന് ദിവസമാണുള്ളത്. സങ്കീര്‍ണമായ നികുതി കണക്കു കൂട്ടലുകളൊന്നും ഇല്ലാത്ത സാധാരണ നികുതിദായകരില്‍ പലര്‍ക്കും ഇതിനായി അവസാന ദിവസം വരെ കാത്തിരിക്കുന്ന ശീലമുണ്ട്. അവസാന ദിനങ്ങളില്‍ സര്‍വറില്‍ അനുഭവപ്പെടുന്ന തിരക്കു മുതല്‍ തെറ്റുകള്‍ക്കുള്ള സാധ്യത വരെ നിരവധി പ്രശ്‌നങ്ങള്‍ ഇങ്ങനെ അവസാന ദിനങ്ങളില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ശ്രമിക്കുന്നതു മൂലം ഉണ്ടാകാം.

തെറ്റായി റിട്ടേണ്‍ സമര്‍പ്പിക്കുന്നതും റിട്ടേണ്‍ സമര്‍പ്പിക്കാത്തതും ഏതാണ്ട് ഒരു പോലെ

സാധാരണക്കാരായ നികുതിദായകര്‍ക്ക് പലപ്പോഴും സംഭവിക്കുന്ന ഒരു അബദ്ധമാണ്  അസസ്സ്‌മെന്റ് വര്‍ഷം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഉണ്ടാകുന്ന പിശക്. അസസ്സ്‌മെന്റ് വര്‍ഷം എന്നതും സാമ്പത്തിക വര്‍ഷം എന്നതും ഒന്നു തന്നെ എന്നു ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫയല്‍ ചെയ്യുന്നത് 2022 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ വരുമാനത്തിന്റെ കണക്കുകളാണ്. അതായത് 2021-22 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍. ഇതിന്റെ അസസ്സ്‌മെന്റ് വര്‍ഷം എന്നത് 2022-23 ആണ്. ഏതു സാമ്പത്തിക വര്‍ഷത്തേക്കാണോ അതിന് അടുത്ത വര്‍ഷമായിരിക്കും അസസ്സ്‌മെന്റ് വര്‍ഷം എന്നത് ഓര്‍ത്തു വെച്ചാല്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കും. അസസ്സ്‌മെന്റ് വര്‍ഷം തെറ്റായി തെരഞ്ഞെടുത്താണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതെങ്കില്‍ അതിനു സാധുതയുണ്ടാകില്ല.

കൃത്യമായ ഫോം തെരഞ്ഞെടുക്കണം

അസസ്സ്‌മെന്റ് വര്‍ഷം പോലെ തന്നെ പലര്‍ക്കും സംഭവിക്കുന്ന തെറ്റാണ് ഫോം തെരഞ്ഞെടുക്കുന്നതില്‍ സംഭവിക്കാറുള്ളത്.  കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏതെല്ലാം സ്രോതസുകളില്‍ നിന്നു വരുമാനം ലഭിച്ചിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഏതു ഫോമിലാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതെന്നു നിശ്ചയിക്കുന്നത്. സൈറ്റില്‍ ലഭ്യമായ ഫോമുകളും അതിന്റെ വിവരണങ്ങളും ശ്രദ്ധയോടെ വായിച്ചു നോക്കിയാല്‍ വളരെ എളുപ്പത്തില്‍ ഇതു തെരഞ്ഞെടുക്കാനാവും. എന്നാല്‍ അവസാന നിമിഷത്തില്‍ തിരക്കിട്ടു റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ഇക്കാര്യത്തിലും അബദ്ധം പറ്റാന്‍ സാധ്യതയുണ്ട്.  

ഇ-വെരിഫിക്കേഷന്‍ മറക്കേണ്ട

ഓണ്‍ലൈനായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ ആ പ്രക്രിയ പൂര്‍ത്തിയാകണമെങ്കില്‍ അത് ഇ-വെരിഫിക്കേഷന്‍ നടത്തണം. ആധാര്‍ ഒടിപി ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് വഴിയോ ഡീമാറ്റ് അക്കൗണ്ടിലൂടെയോ ഇതു വളരെ ലളിതമായി ചെയ്യാം. എന്നാല്‍ അവസാന ദിവസങ്ങളില്‍ തിരക്കിട്ട് ഫയല്‍ ചെയ്ത ശേഷം വെരിഫിക്കേഷന്‍ നടത്താന്‍ മറന്നു പോകാന്‍ സാധ്യത ഏറെയാണ്. ഇ വെരിഫിക്കേഷന്‍ നടത്തിയില്ലെങ്കില്‍ സാങ്കേതികമായി അതു റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിനു തുല്യമാണെന്നും ഓര്‍മിക്കണം.

നികുതി ആനുകൂല്യങ്ങളെല്ലാം പ്രയോജനപ്പെടുത്തിയോ?

ഒന്നര ലക്ഷം രൂപ വരുന്ന 80 സി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ആരും മറക്കാറില്ല. എന്നാല്‍ അവസാന സമയത്ത് തിരക്കിട്ടു ഫയല്‍ ചെയ്യുമ്പോള്‍ മറ്റ് വകുപ്പുകള്‍ പ്രകാരം ലഭിക്കേണ്ട ഇളവുകളുടെ കാര്യം വിട്ടു പോകാന്‍ സാധ്യതകള്‍ ഏറെയാണ്.  തൊഴിലുടമ വഴിയായിരിക്കില്ല ഇവയില്‍ പലതും നല്‍കിയിട്ടുണ്ടാകുക എന്നതിനാല്‍ ഫോം 16-ല്‍ ഇവ ഉണ്ടാകില്ല എന്നതാണ് വിട്ടു പോകാനുള്ള സാധ്യതയ്ക്ക് കാരണമാകുന്നത്. നിങ്ങളുടെ നിക്ഷേപങ്ങള്‍, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, മെഡിക്കല്‍ ചെലവുകള്‍, സംഭാവന തുടങ്ങിയവ സംബന്ധിച്ച ഒരു പട്ടിക തയ്യാറാക്കി റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ ഇത്തരം വിട്ടുപോകലുകള്‍ ഒഴിവാക്കാം. ചില സന്ദര്‍ഭങ്ങളില്‍ നൂറോ ഇരുന്നൂറോ രൂപയുടെ ഇളവുകള്‍ പോലും നിങ്ങള്‍ക്ക് മൊത്തത്തില്‍ വന്‍ നികുതി ആനുകൂല്യം നേടാന്‍ സഹായകമാകും.

എല്ലാ വരുമാനവും ഉള്‍പ്പെടുത്തണം

ചെലവുകളും നികുതി ആനുകൂല്യങ്ങളും അബദ്ധത്തില്‍ വിട്ടു പോകുന്നതു പോലെ തന്നെ വരുമാനവും വിട്ടു പോയേക്കാം. എസ്ബി അക്കൗണ്ടിലെ പലിശ ഉള്‍പ്പെടെയുള്ളവയാണ് ഇങ്ങനെ വിട്ടു പോകാന്‍ സാധ്യത. ഇങ്ങനെ എല്ലാ വിധത്തിലുമുള്ള വരുമാനങ്ങളും റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഉള്‍പ്പെടുത്തേണ്ടത് നിങ്ങളുടെ ബാധ്യതയാണ്. ശ്രദ്ധിക്കേണ്ട മറ്റൊന്ന് ഫോം 16 ആണ്്. അതിലുള്ള വിവരങ്ങള്‍ ഫോം 26 എഎസുമായി ഒത്തുപോകുന്നുണ്ടോ എന്നു പരിശോധിക്കണം. നിങ്ങളില്‍ നിന്ന് ഈടാക്കിയ ടിഡിഎസ് കൃത്യമായി അടച്ചിട്ടുണ്ടോ എന്ന് അറിയാന്‍ ഇതു സഹായിക്കും. അവസാന ദിവസങ്ങളിലേക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതു നീക്കി വെക്കുന്നവര്‍ക്ക് ഇതിനെല്ലാം ആവശ്യമായ സമയം കിട്ടില്ലെന്നത് ഉറപ്പാണല്ലോ.

English Summary : File Your Income Tax Return as early as Possible

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com