ADVERTISEMENT

ഉയർന്ന പലിശ തേടി ട്രഷറിയിൽ സ്ഥിരനിക്ഷേപം തുടങ്ങും മുൻപ് അതിലുണ്ടാകാവുന്ന ഒരു അപകടം തിരിച്ചറിയണം. ഒരു  വർഷം കിട്ടുന്ന പലിശ  എപ്പോൾ 5000 രൂപയിലധികമാകുന്നുവോ അപ്പോൾ മുതൽ കിട്ടുന്നതിന്റെ 10 മുതൽ 20 ശതമാനം വരെ പിടിക്കും. അതുകഴിഞ്ഞുള്ള  പലിശയെ നിങ്ങൾക്ക് കിട്ടൂ.  അതായത്  നിലവിലെ 7.5 ശതമാനം പലിശയ്ക്ക് 75,000 രൂപയിലധികം നിക്ഷേപിക്കുന്നവർക്കെല്ലാം  ഇതു ബാധകമാണ്.   

ഇതെന്താ ഇങ്ങനെ എന്നു സംശയിക്കേണ്ട.  വർഷം 5000 രൂപയിൽ കൂടുതൽ പലിശ വരുമാനം ആയാൽ 10 ശതമാനം മുൻകൂറായി സ്രോതസിൽ നിന്നു തന്നെ (ടിഡിഎസ്) പിടിക്കണമെന്നതാണ് ആദായനികുതി നിയമത്തിലെ ചട്ടം. അതു പാലിക്കേണ്ടത് ട്രഷറിയുടെ ഉത്തരവാദിത്തമാണ്. തീർന്നില്ല നിങ്ങൾ പാൻകാർഡ് നൽകിയിട്ടില്ലെങ്കിൽ 10നു പകരം 20% പിടിക്കും.  

സ്ഥിരനിക്ഷേപത്തിനു 40,000 രൂപ (60 കഴിഞ്ഞവർക്ക് 50,000 രൂപ) വരെയുള്ള പലിശയെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടല്ലോ?  എന്ന സംശയം ഇവിടെ സ്വാഭാവികമായും ഉയരാം. 

ടിഡിഎസിന്റെ  കാര്യത്തിൽ  ബാങ്ക്, പോസ്റ്റ് ഓഫീസ്, കോപ്പറേറ്റീവ് ബാങ്ക് എന്നിവയിൽ മാത്രമേ ഈ പരിധിയുള്ളൂ. ബാക്കി എല്ലാത്തിനും  വർഷം  5000 രൂപ പലിശ എന്നതാണ് പരിധി.   അതായത് ട്രഷറിയ്ക്ക്  മാത്രമല്ല  കെഎസ്എഫ്ഇ പോലുള്ള ചിട്ടി കമ്പനികൾ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലെ സ്ഥിരനിക്ഷേപ പലിശ 5000 രൂപ കടന്നാൽ ടിഡിഎസ് പിടിക്കും. 

ഒഴിവാകുന്നത് എങ്ങനെ?

എന്നാൽ  ആദായനികുതി നൽകാൻ ബാധ്യതയില്ലാത്തവർക്ക് ഇതു ഒഴിവാക്കാം.  വർഷത്തിൽ  2.5 ലക്ഷം രൂപയിൽ  കൂടുതൽ വരുമാനമില്ലാത്തതിനാൽ ആദായനികുതി ബാധ്യത ഇല്ലെന്നു കാണിക്കുന്ന പ്രത്യേക അപേക്ഷ, ഫോം15 ജി  പൂരിപ്പിച്ചു നൽകിയാൽ മതി.  അതുപോലെ  60  വയസ് കഴിഞ്ഞവർക്ക്  ഫോം 15 എച്ച്  കൊടുത്തും ഈ  ടിഡിഎസ് ഒഴിവാക്കാം. 

നിക്ഷേപപകർ നൽകുന്ന സത്യവാങ്മൂലമാണ്  15 ജി , 15 എച്ച് ഫോമുകൾ. ഒരു സാമ്പത്തിക വർഷം നിശ്ചിത പരിധി  കഴിഞ്ഞിട്ടും ഫോം  നൽകിയിട്ടില്ലെങ്കിൽ അപ്പോൾ മുതൽ ടിഡി എസ് പിടിച്ചു  ആദായനികുതി വകുപ്പിലേയ്ക്ക് അടയക്കേണ്ട ചുമതല നിക്ഷേപം സ്വീകരിച്ച സ്ഥാപനത്തിനുണ്ട്.  

ശ്രദ്ധിച്ചില്ലെങ്കിൽ  മറ്റൊരു അപകടം  ഇവിടേയും ഒളിഞ്ഞിരിപ്പുണ്ട്. ട്രഷറിയിലൊക്കെ  രണ്ടോ അതിലധികമോ വർഷത്തേയ്ക്കാകും  പൊതുവേ നിക്ഷേപിക്കുക.  നിക്ഷേപിക്കുമ്പോൾ  ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് അനുസരിച്ച് ഫോം പൂരിപ്പിച്ചു നൽകുകയും  ചെയ്യും.  അടുത്ത വർഷം ഉദ്യോഗസ്ഥർ നിങ്ങളെ ഇക്കാര്യം  ഓർമിക്കണം എന്നില്ല. അതായത്  നിക്ഷേപം തുടരുന്നിടത്തോളം  ഓരോ വർഷവും ഈ ഫോം നൽകേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അതു മറന്നാൽ  ടിഡിഎസ് പിടിക്കും.  

 അടച്ചത് തിരിച്ചു കിട്ടുമോ? 

തീർച്ചയായും അതിനുള്ള അവസരം ഉണ്ട്. പക്ഷേ അതിനു  നിങ്ങൾ ആദായനികുതി റിട്ടേൺ സമർപ്പിക്കണം. നിങ്ങൾ  റിട്ടേൺ സമർപ്പിക്കുമ്പോൾ  അർഹമായ വിവിധ തരം ഇളവുകൾ അതിൽ രേഖപ്പെടുത്തുമല്ലോ? ഇവിടെ  ടിഡിഎസ് പിടിച്ച ശേഷമുള്ള തുക നികുതിയായി അടച്ചാൽ മതി. ഇനി മൊത്തം കണക്കു നോക്കുമ്പോൾ  അധിക തുക ‍ടിഡിഎസായി  പിടിച്ചിട്ടുണ്ടെങ്കിൽ അത് റീഫണ്ടായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.  

അതായത് കൃത്യമായ പ്ലാനിങ്ങോടെ  പരമാവധി  ആദായനികുതിയിളവ്  നേടാൻ ആവശ്യമായതെല്ലാം ചെയ്താൽ  ടിഡിഎസ് ആയി അധികതുക പിടിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചു കിട്ടാൻ അവസരം ഉണ്ട്

English Summary : Know This Thing Before Investing in Treasury

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com