മാന്ദ്യത്തിന്റെ എരിതീയിൽ ചൈന എണ്ണയൊഴിക്കുമോ?

HIGHLIGHTS
  • തായ്‌വാനെ വേറൊരു രാജ്യമായി ചൈന അംഗീകരിക്കുന്നില്ല
HONG KONG-CHINA-politics-CRIME-unrest-TAIWAN
(Photo by Philip FONG / AFP)
SHARE

യുഎസ് സെനറ്റർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ തുടർന്ന്  അമേരിക്കയും ചൈനയുമായി അസ്വാരസ്യം  ഉണ്ടായിരിക്കുകയാണ്. തീരെ കുഞ്ഞൻ ദ്വീപിനെച്ചൊല്ലി എന്തിനാണ് ചൈനയും അമേരിക്കയും കൊമ്പുകോർക്കുന്നത്? എന്താണ് അമേരിക്കയ്ക്കും, ചൈനക്കും തായ്‌വാനിലുള്ള താല്‍പ്പര്യത്തിന്  കാരണം ?

തായ്‌വാന്റെ പ്രത്യേകതകൾ 

തെക്ക് കിഴക്കൻ ചൈനയുടെ തീരത്ത് നിന്ന് ഏകദേശം 100 മൈൽ അകലെയുള്ള ഒരു ദ്വീപാണ് തായ്‌വാൻ. തായ്‌വാനെ വേർപിരിഞ്ഞ ഒരു  പ്രവിശ്യയായാണ് ചൈന കാണുന്നത്. തായ്‌വാനെ  വേറൊരു രാജ്യമായി ചൈന അംഗീകരിക്കുന്നില്ല. തന്ത്രപ്രധാന സ്ഥാനത്തുള്ള ദ്വീപായതിനാൽ തായ്‌വാനോട്‌  ഒരു പ്രത്യേക മമത പല രാജ്യങ്ങൾക്കുമുണ്ട്. കൂടാതെ  ഇലക്ട്രോണിക്സ്, മെറ്റൽ ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ  തുടങ്ങിയവക്കെല്ലാം പല രാജ്യങ്ങളും തായ്‌വാനെ ആശ്രയിക്കുന്നുണ്ട്.  ഇതിനൊക്കെ പുറമെ യുക്രെയ്നേക്കാൾ ശക്തമായ ഒരു സൈന്യവും തായ് വാനുണ്ട്. 

തായ്‌വാന്റെ സാമ്പത്തിക പ്രാധാന്യം

കുഞ്ഞൻ ദ്വീപ് ആണെങ്കിലും പല വലിയ രാജ്യങ്ങളെക്കാൾ കൂടുതൽ സാമ്പത്തിക പ്രാധാന്യം തായ്‌വാനുണ്ട്. തായ്‌വാന്റെ  സമ്പദ്‌വ്യവസ്ഥ ലോകരാഷ്ട്രങ്ങൾക്ക് വളരെ പ്രധാനമാണ്. ലോകത്തിലെ ദൈനംദിന ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഭൂരിഭാഗവും, ഫോണുകൾ മുതൽ ലാപ്‌ടോപ്പുകൾ, വാച്ചുകൾ, ഗെയിം കൺസോളുകൾ വരെ  തായ്‌വാനിൽ നിർമ്മിച്ച കമ്പ്യൂട്ടർ ചിപ്പുകളിൽ നിന്നാണ് പ്രവർത്തിക്കുന്നത്. അമേരിക്കയിലെ പല കമ്പനികൾക്കും ചിപ്പുകൾ നിർമ്മിക്കുന്നത് തായ്‌വാനിലാണ്.  

എന്തുകൊണ്ടാണ് തായ്‌വാൻ  അമേരിക്കയ്ക്ക് പ്രിയപ്പെട്ടതായിരിക്കുന്നത്?

പത്തൊൻപതാം നൂറ്റാണ്ടു മുതൽ തന്നെ അമേരിക്കയ്ക്ക് 'ഒരു കണ്ണുള്ള' ദ്വീപാണ് തായ്‌വാൻ. ചൈനയിൽ പോയി  ചൈനീസ് ഭാഷ പഠിക്കുവാൻ സാധിക്കാത്തതിനാൽ അമേരിക്കക്കാർ ആ ആവശ്യത്തിനും മുൻപ്  തായ്‌വാനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. 2018 ൽ അമേരിക്ക 'തായ്‌വാൻ ട്രാവൽ ആക്ട്' പാസാക്കിയതോടെ തായ്‌വാൻ അമേരിക്കയുടെ ഒരു പ്രധാന സഖ്യകക്ഷി ആയിരിക്കുകയാണ്.

തായ്‌വാനെ ഒരു രാജ്യമായി അമേരിക്കയും ഔദ്യോഗികമായി അംഗീകരിക്കുന്നില്ല. എന്നാൽ തായ്‌വാൻ ചൈനയുടെ ഭാഗമാണെന്ന ബീജിങിന്റെ അവകാശവാദവും അംഗീകരിക്കുന്നില്ല. എന്നാൽ തായ്‌വാനുമായി കടുത്ത സാമ്പത്തിക, വാണിജ്യ, വ്യവസായ, വ്യാപാര ബന്ധങ്ങൾ നിലനിർത്തുന്നുണ്ട്. വർഷങ്ങളോളമായി തായ് വാനുമായി എല്ലാ മേഖലകളിലും നല്ല ബന്ധം സൂക്ഷിക്കുന്ന അമേരിക്കയ്ക്ക് തങ്ങളുടെ ബന്ധത്തിനുള്ളിൽ ചൈന ഇടപെടുന്നതും ഇഷ്ടമല്ല. അമേരിക്കയുടെ ആയുധ കച്ചവടത്തിന്റെ ഒരു നല്ല വിപണിയുമാണ് തായ്‌വാൻ. വ്യാപാര മൂല്യത്തിന്റെ കാര്യത്തിൽ തായ്‌വാൻ അമേരിക്കയുടെ എട്ടാമത്തെ വലിയ പങ്കാളിയാണ്. എന്നാൽ തായ്‌വാന് അമേരിക്കയാകട്ടെ രണ്ടാമത്തെ ഏറ്റവും ഉയർന്ന വ്യാപാരമൂല്യമുള്ള പങ്കാളിയാണ്. തായ്‌വാനിൽ  നിന്നുള്ളവർക്ക് വിസ കൊടുക്കുന്നതിലും അമേരിക്കയ്ക്ക് ഒരു മൃദു സമീപനമുണ്ട്. വർഷന്തോറും ആയിരക്കണക്കിന് തായ്‌വാൻകാരാണ് അമേരിക്കൻ സർവകലാശാലകളിൽ പഠിക്കുവാനായി എത്തുന്നത്. 

എന്തുകൊണ്ടാണ് തായ്‌വാനെ തൊട്ടുകളിക്കരുതെന്ന് ചൈന പറയുന്നത്?

ഒരു വാചകത്തിൽ ഒതുക്കാനാകാത്ത അതിസങ്കീർണമായ ആത്മബന്ധം ചൈനക്ക് തായ്‌വാനുമായുണ്ട്.  തങ്ങളുടെ അവിഭാജ്യ ഘടകം എന്ന് ചൈന കരുതുന്ന തായ് വാൻ പല കാര്യങ്ങളിലും സ്വതന്ത്ര തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ  അത് ചൈനയുടെ സുരക്ഷക്ക് ഭീഷണിയാകുമോ എന്ന പേടിയും ചൈനക്കുണ്ട്. അതുകൊണ്ടുതന്നെ തായ്‌വാന്റെ കാര്യത്തിൽ മറ്റു രാജ്യങ്ങൾ ഇടപെടുന്നത് ചൈനക്ക് തീരെ ഇഷ്ടമല്ല പല പ്രാവശ്യം ഈ അതൃപ്‌തി പല രാജ്യങ്ങളെയും ചൈന നേരിട്ട് അറിയിച്ചിട്ടുള്ളതാണ്. 

അതുകൊണ്ടാണ് തായ്‌വാനെ അംഗീകരിക്കാതിരിക്കാനും അല്ലെങ്കിൽ അംഗീകാരം നൽകുന്ന ഒന്നും ചെയ്യാതിരിക്കാനും ചൈന മറ്റ് രാജ്യങ്ങളിൽ ഗണ്യമായ നയതന്ത്ര സമ്മർദ്ദം ചെലുത്തുന്നത്.

എന്നാൽ മറ്റു രാജ്യങ്ങളോ, എന്തിനു ചൈനയോ, അമേരിക്കയോ പോലും തായ്‌വാനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചില്ലെങ്കിലും  സ്വന്തം ഭരണഘടനയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതാക്കളും ഉള്ള ഒരു സ്വതന്ത്ര രാജ്യമായാണ് തായ്‌വാൻ സ്വയം കാണുന്നത്.

തായ്‌വാന്റെ തന്ത്രപ്രധാന സ്ഥാനത്തോടുള്ള താല്‍പ്പര്യത്തിനു പുറമെ ചൈനീസ് നീരാളിപ്പിടുത്തത്തിൽ നിന്നും തായ്‌വാനെ വിടുവിക്കണമെന്ന ആഗ്രഹം അമേരിക്കയ്ക്കുണ്ട്. റഷ്യ യുക്രെയ്നെതിരെ യുദ്ധം തുടങ്ങിയപ്പോഴും, ചൈന റഷ്യയെ നിശബ്ദമായി പിന്താങ്ങിയതിനു പിന്നിലും 'തായ്‌വാൻ' താല്പര്യങ്ങളുണ്ടായിരുന്നു.ഒരു സ്വതന്ത്ര  ജനാധിപത്യ രാജ്യമായ  യുക്രെയ്ൻ യൂറോപ്യൻ യൂണിയനിൽ ചേരാൻ നോക്കിയത് റഷ്യയെ ചൊടിപ്പിച്ചതുപോലെ (ഇത്  റഷ്യയുടെ തൊടുന്യായം ആണെങ്കിലും) തങ്ങളുടെ സ്വന്തമാണെന്ന് ചൈന വിചാരിക്കുന്ന തായ്‌വാന്റെ  സ്വതന്ത്ര നിലപാടുകളും, പുരോഗമന  ആശയങ്ങളും  എത്ര നാളുകൾ വെച്ചുപൊറുപ്പിക്കുമെന്നു നോക്കിയിരുന്നു കാണാം.

English Summary : What is Happening in Taiwan?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}