ADVERTISEMENT

ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്.....പാല്‍ ശറാപറാന്ന്.....ശങ്കരാടിയുടെ ഡയലോഗ് എല്ലാവർക്കും ഓർമയുണ്ടാവും. വീട്ടില്‍ പശു ഉള്ളവർക്കും പണ്ട് വളർത്തിയവർക്കുമൊക്കെ കാലിത്തീറ്റ എന്നു കേള്‍ക്കുമ്പോള്‍ തന്നെ  ഗോപരിപാലനെത്തക്കുറിച്ച് ഒരുപാട് ഓർമകളുണ്ടാവും. ഈ കാലിത്തീറ്റ എന്നു പറയുന്നത് കുഞ്ഞുകാര്യമല്ലെന്ന് ചുരുക്കം. പെട്ടെന്നിതോർക്കാന്‍ കാരണം ബേസില്‍ ജോസഫ് അഭിനയിച്ച് തിയറ്ററുകളില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന പാല്‍തു ജാന്‍വർ സിനിമയാണ്. അതില്‍ അഭിനയിച്ച മൃഗങ്ങള്‍ക്ക് സമയത്ത് ഫുഡ് കൊടുക്കാനും മറ്റും പ്രൊഡക്ഷന്‍കാർ നന്നെ കഷ്ടപ്പെട്ടിട്ടുണ്ടാവും. എന്തായാലും അതിലെ കന്നുകാലി വിഭാഗത്തിന്‍റെ വിശപ്പിനെ ഒരു പരിധിവരെ പിടിച്ചുനിർത്താന്‍ കടയില്‍ നിന്നു റെഡിമെയ്ഡായി വാങ്ങിയ കാലിത്തീറ്റക്ക് കഴിഞ്ഞിട്ടുണ്ടാവും.

ഇന്ത്യയിലെ പ്രധാനപ്പെട്ട കാലിത്തീറ്റ നിർമാതാക്കള്‍ ആരൊക്കെയാണ്. അവരില്‍ത്തന്നെ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തത് ആര്. തകർപ്പന്‍ ആര്. കേരളത്തില്‍ നിന്നുള്ള കെ.എസ്.ഇ, പ്രൈമാ ബയോടെക്, അജൂണി ബയോടെക് എന്നിങ്ങനെ കുറച്ച് കമ്പനികള്‍ ഓഹരിവിപണിയിലുണ്ട്. പക്ഷേ, പാല്‍ കുടിക്കുമ്പോഴും അതില്‍ നിന്ന് മൂല്യവർധിത വസ്തുക്കളുപയോഗിക്കുമ്പോഴും ഒരു ഭാരതീയന്‍ ഒരിക്കലും മറക്കരുതാത്ത ഒരു കമ്പനിയുണ്ട്. 

അഗ്രിബിസിനസിലെ അഗ്രഗണ്യർ

ഗോദ്റെജ് അഗ്രോവെറ്റ്. അഗ്രിബിസിനസ് എന്നാണ് കമ്പനി സ്വയം വിളിക്കാനിഷ്ടപ്പെടുന്നത്. പ്രഥമലക്ഷ്യം ഇന്ത്യന്‍ കാർഷികമേഖലയുടെ ഉല്‍പ്പാദനക്ഷമത കൂട്ടുക എന്നതാണ്. വളർത്തുമൃഗങ്ങളുടെ ഭക്ഷണം, കാർഷികപുരോഗതിക്കായുള്ള ഗവേഷണം, ഭക്ഷ്യഎണ്ണ സംസ്കരണം, വിളസുരക്ഷക്കായുള്ള ഉല്‍പ്പന്നങ്ങള്‍, മീന്‍ത്തീറ്റ, അമേരിക്കന്‍ കമ്പനിയായ ടൈസണുമായി ചേർന്നു സംസ്കരിച്ച പൗള്‍ട്രി ഉല്‍പ്പന്നങ്ങളും കോഴിത്തീറ്റയും, ജഴ്സി ബ്രാന്‍ഡില്‍ ഡയറി ഉല്‍പ്പന്നങ്ങള്‍, ഉല്‍പ്പാദനക്ഷമത കൂടുതലുള്ള കാലി ഇനങ്ങള്‍ എന്നിങ്ങനെ ഈ മേഖലയിലെ സമസ്തകാര്യങ്ങളിലും ഗോദ്റെജ് അഗ്രോവെറ്റ് പങ്കാളിയാണ്. 

ഗോദ്റെജ് അഗ്രോവെറ്റിന്‍റെ സബ്സിഡയറി ആണ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ആസ്ടെക് ലൈഫ്സയന്‍സസ്. (ആസ്ടെകിന്‍റ നിലവിലെ ഓഹരി വില 1915 രൂപ) ആസ്ടെകിന്‍റെ ഉല്‍പ്പന്നങ്ങള്‍ 25 രാജ്യങ്ങളിലെക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഫംഗിസൈഡുകള്‍, ഇന്‍സെക്ടിസൈഡുകള്‍ എന്നിവയാണ് ആസ്ടെക്കിന്‍റെ പ്രധാന ഉല്‍പ്പന്നങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഗോദ്റെജ് അഗ്രോവെറ്റ് ഓഹരിയുടമയ്ക്ക് വിപണിയില്‍ തന്നെ ഉയർന്ന ലാഭക്ഷമതയുള്ള ഒരു കമ്പനിയുടെ കൂടെ നേട്ടം ലഭിക്കുകയാണ്. 2017ല്‍ ഐ.പി.ഒ അവതരിപ്പിച്ച് വിപണിയിലെത്തിയ ഗോദ്റെജ് അഗ്രോവെറ്റിന്‍റെ ഓഹരിക്ക് നിലവില്‍ 522 രൂപയാണ് വില. ഈയിടെ കമ്പനി ലാഭവിഹിതം നല്‍കിയിരുന്നു. 9 രൂപ 50 പൈസയാണ് ഓഹരി ഒന്നിന് ഡിവിഡന്‍റായി കമ്പനി നല്‍കിയത്. 

ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പാദക രാജ്യമാണ് ഇന്ത്യ. അപ്പോള്‍ തന്നെ ഈ മേഖലയുടെ സാധ്യതകള്‍ ഊഹിക്കാമല്ലോ. 

English Summary : Know More About Godrej Agrovet Shares

Disclaimer : ഇത് തികച്ചും അറിവു പകരാന്‍ ഉദ്ദേശിച്ചുള്ളത് മാത്രമാണ്. ലേഖകന് ഈ ഓഹരിയില്‍ വ്യക്തിപരമായി നിക്ഷേപമുണ്ട്. നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നവർ സെബി റജിസ്ട്രേഡ് സ്ഥാപനങ്ങളുമായി ബന്ധപ്പെടുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com