ലോകം മാന്ദ്യത്തിന്റെ വക്കില്‍ മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയും

HIGHLIGHTS
  • അമേരിക്കയിലെ അഞ്ച് സൂചകങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ലോക മാന്ദ്യത്തിലേയ്ക്ക്
global-recession-1
Image Source: Gilang Prihardono | Shutterstock
SHARE

റഷ്യ യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ ഇന്ധനവിലക്കയറ്റം ആഗോളതലത്തില്‍ എല്ലാ രംഗങ്ങളിലേക്കും പടരുകയാണ്. ഇതോടെ ഭക്ഷണം, യാത്ര, അടിസ്ഥാനാവശ്യങ്ങള്‍ എന്നിവയുടെ ചെലവേറിയത് അമേരിക്കയിലും യൂറോപ്പിലും യുകെയിലും സാധാരണ ജനജീവിതം ദുസ്സഹമാക്കി മാറ്റിയിരിക്കുന്നു.  ശുഭവാര്‍ത്തകളല്ല സാമ്പത്തിക ലോകത്തു നിന്നും ഇപ്പോള്‍ വരുന്നത്.  പലിശ വര്‍ധന അടക്കം വീണ്ടു വിചാരമില്ലാതെ നടപ്പാക്കുന്ന കേന്ദ്ര ബാങ്കുകളുടെ നയങ്ങള്‍  ഇനിയും സ്ഥിതി രൂക്ഷമാക്കുമെന്ന താക്കീതാണ്  ലോക വ്യാപാര സംഘടന, അന്താരാഷ്ട്ര നാണയ നിധി, ഐക്യരാഷ്ട്ര സംഘടന തുടങ്ങിയവ  നല്‍കുന്നത്.  

അതുകൂടാതെ ആഗോള നിക്ഷേപക ബാങ്കായ ക്രെഡിറ്റ് സ്യൂയിസ് തകരുന്നു എന്ന ഊഹാപോഹവും  'മാന്ദ്യത്തിനു തിരി കൊളുത്തിക്കഴിഞ്ഞുവെന്ന ഭയപ്പാടിലേക്ക്  വീണ്ടും ലോകത്തെ നയിക്കുകയാണ്.  യൂറോപ്പിലെ ബാങ്ക് ഓഹരികളുടെ തകര്‍ച്ച ഇതിനു മുന്നോടിയാണെന്നും പറയുന്നു.  ക്രെഡിറ്റ് സ്യൂയിസിലെ പ്രശ്‌നത്തിന്റെ  വലുപ്പം എത്രയാണെന്ന് ഇപ്പോള്‍ ആര്‍ക്കുമറിയില്ലെങ്കിലും  നിക്ഷേപകരുടെ സമ്പത്ത് വളര്‍ത്താന്‍ സഹായിക്കുന്ന ക്രെഡിറ്റ് സ്യൂയിസ് പോലുള്ള സാമ്പത്തിക സ്ഥാപനം തകര്‍ന്നാല്‍ കുറുന്തോട്ടിക്ക് വാതം  പിടിച്ച അവസ്ഥയിലാകും ആഗോള സാമ്പത്തിക ലോകം. ലോക സമ്പദ് വ്യവസ്ഥയുടെ പോക്ക് അത്ര ശരിയല്ല എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായെങ്കിലും എന്തുകൊണ്ടാണ് സാമ്പത്തിക വിദഗ്ധര്‍ ഇങ്ങിനെ പറയുന്നത് എന്ന കാര്യം സാധാരണക്കാര്‍ക്ക് പിടികിട്ടിയിട്ടില്ല. എന്നാല്‍ മാന്ദ്യം തുടങ്ങിയോ, ഇല്ലയോ എന്നുള്ള ചൂട് പിടിച്ച ചര്‍ച്ചയാണ് എല്ലായിടത്തും.  ലോകമാധ്യമങ്ങളിലും  സോഷ്യല്‍ മീഡിയയിലും  ഇതു  സംവാദ വിഷയമായിട്ട് നാളുകളായി.  

ചരിത്രപരമായി മാന്ദ്യത്തെ മനസിലാക്കാനുള്ള സൂചകങ്ങള്‍ വിശകലനം ചെയ്യുന്ന ബ്ലോഗുകളും മറ്റ് അഭിപ്രായപ്രകടനങ്ങളും  ഇന്റര്‍നെറ്റില്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയ 'വിദഗ്ധരെ'  അപേക്ഷിച്ച് സാമ്പത്തിക വിദഗ്ധര്‍ മാന്ദ്യത്തെ കുറിച്ചുള്ള പ്രസ്താവനകള്‍ നടത്തുമ്പോള്‍ നിലവിലുള്ള സ്ഥിതി വിവര കണക്കുകളുടെ  പിന്‍ബലവും, സൂചകങ്ങളുടെ നിജസ്ഥിതിയും പരിഗണിക്കും. ഇവയില്‍ ചില അമേരിക്കന്‍  സൂചകങ്ങളും വിരല്‍ ചൂണ്ടുന്നത് ലോകത്ത് മാന്ദ്യം ആസന്നമാകുകയാണെന്നാണ്.

1. അതിശക്തമായ അമേരിക്കന്‍ ഡോളര്‍

അമേരിക്കന്‍ ഡോളര്‍ വിവിധ രാജ്യങ്ങളുടെ കറന്‍സികളുമായുള്ള വിനിമയ നിരക്കില്‍ രണ്ടു പതിറ്റാണ്ടുകള്‍ക്കിടെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തിയിരിക്കുന്നു. അമേരിക്ക പലിശ നിരക്കു  ഉയര്‍ത്തുമ്പോള്‍ നിക്ഷേപകര്‍ക്ക് ഡോളറിലുള്ള വിശ്വാസം വീണ്ടും കൂടുകയും ചെയ്യുന്നു. അതിശക്തരായ  യൂറോയും പൗണ്ടും യെന്നും യുവാനും എല്ലാം ഡോളറിനു മുന്നില്‍ അടിതെറ്റുകയാണ്.

ഡോളര്‍ വിനിമയ നിരക്കില്‍ തരിപ്പണമായ കറന്‍സികള്‍  (ശതമാന കണക്കില്‍)

global-recession

2. അമേരിക്കന്‍ വിപണികളിലെ ഡിമാന്‍ഡ്

ഒരു സമ്പദ് വ്യവസ്ഥയെ മുന്നോട്ടു ചലിപ്പിക്കുന്നത് ഉപഭോക്തൃ ഡിമാന്‍ഡ് ആണ്. കോവിഡ് സമയത്ത്  ഉണ്ടായിരുന്ന  ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍  പോലും ഇപ്പോള്‍ തണുത്തുറഞ്ഞിരിക്കുന്നു എന്നാണ്  അമേരിക്കയില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. തൊഴിലില്ലായ്മ കൂടുന്നതും, ശമ്പളം കുറയുന്നതും ഈ പ്രവണതക്ക് ആക്കം കൂട്ടുന്നു.

വായ്പ നിരക്കുകള്‍ കുത്തനെ കൂട്ടിയത്  ആളുകളുടെ പക്കല്‍ ചെലവാക്കാനുള്ള പണം കുറച്ചു. ഇതാണ് സത്യത്തില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ലക്ഷ്യം വച്ചതും. പക്ഷേ ഈ നടപടി പരോക്ഷമായി സമ്പദ് വ്യവസ്ഥയെ താഴോട്ട് വലിക്കുകയാണ്.

3. കമ്പനികള്‍ മുണ്ടു മുറുക്കിയുടുക്കുന്നു

കോവിഡ് സമയത്ത് അമേരിക്കയിലെ സര്‍ക്കാര്‍ സംവിധാനം ജനങ്ങളുടെ കൈയ്യില്‍ പണമെത്തിക്കാന്‍ പല നടപടികളും സ്വീകരിച്ചു. അതുകൊണ്ടു തന്നെ ആ സമയത്ത് ഡിമാന്‍ഡ് കൂടുതലായിരുന്നു. എന്നാല്‍ പലിശ ഉയര്‍ത്തുന്നത് വ്യക്തികളെപോലെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കും തിരിച്ചടിയാകുകയാണ്. 86 ശതമാനം സി ഇ ഒകളും അമേരിക്കയില്‍ മാന്ദ്യം ആസന്നമായി എന്ന് സര്‍വേയില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

4. ഓഹരി വിപണി കരടി പേടിയില്‍

അമേരിക്കന്‍ ഓഹരി വിപണിയില്‍ നിന്നും പണം ബോണ്ട് വിപണിയിലേക്കും, മറ്റ് സ്ഥിര നിക്ഷേപ പദ്ധതികളിലേക്കും വഴി മാറി ഒഴുകുകയാണെന്നും കണക്കുകള്‍  വ്യക്തമാക്കുന്നു. അമേരിക്കന്‍ ഓഹരി വിപണിക്ക് കരടി പിടിയില്‍ നിന്നും വിട്ട് സ്വതന്ത്രമായി പറന്നുയരാന്‍ കഴിയാത്ത സാഹചര്യം ഇപ്പോഴുണ്ട്. ഐടി രംഗത്തെ മാന്ദ്യം മറ്റ് രാജ്യങ്ങള്‍ക്ക് അമേരിക്കയില്‍ നിന്നും ലഭിക്കുന്ന പ്രൊജക്റ്റുകളുടെ എണ്ണവും ഗണ്യമായി കുറയ്ക്കുകയാണ്.  

5. യുദ്ധം  ഉയര്‍ത്തുന്ന  വിലകള്‍

സാധനങ്ങള്‍ക്കും, സേവനങ്ങള്‍ക്കും വില കൂടുന്ന പ്രതിഭാസം  ഓരോ കാലഘട്ടത്തിലും സംഭവിക്കുന്നതാണെങ്കിലും, 2022 ലെ വിലക്കയറ്റം  എല്ലാ  അളവുകോലുകളേയും മറികടക്കുകയാണ്.  തുടക്കത്തില്‍ പറഞ്ഞതു പോലെ യുദ്ധം തുടങ്ങിയതോടെ ഇന്ധനവിലക്കയറ്റം  മൂലം  എല്ലാത്തിനും  ചെലവ് കുതിച്ചുയര്‍ന്നത്്  സാധാരണക്കാരുടെ ജീവിതം  താറുമാറാക്കിയിരിക്കുന്നു. ഇനി മാന്ദ്യം  ഉണ്ടായാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകും.

English Summary: Is a global recession coming? More experts are raising the alarm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}