നിങ്ങളുടെ വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിച്ചോ

HIGHLIGHTS
  • ആധാർ നമ്പർ നൽകിയിട്ടില്ലെങ്കിലും നിലവിലുള്ള ഒരു വോട്ടറുടെയും പേര് വോട്ടർ‌ പട്ടികയിൽ നിന്ന് നീക്കം ചെയ്യില്ല
Aadhaar
SHARE

വോട്ടർ ഐഡി കാർഡ് അഥവ ഇലക്ഷൻ ഫോട്ടോ ഐഡന്റിറ്റി കാർഡ് (EPIC) ആധാർ കാർഡുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പുരോഗമിച്ചു വരികയാണ്. കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്ര സർക്കാർ ആധാറും വോട്ടർ ഐഡിയും തമ്മിൽ  ബന്ധിപ്പിക്കുന്നതിനായി തിരഞ്ഞെടുപ്പ് നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്. ഈ വർഷം ജൂണിൽ കേന്ദ്രസർക്കാർ ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി.

∙വോട്ടർമാരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുകയും വോട്ടർ പട്ടികയിലെ റജിസ്റ്റർ ചെയ്യലുകളുടെ ആധികാരികത ഉറപ്പു വരുത്തുകയും ചെയ്യുക ഇതിലൂടെ  തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.  

∙ആധാർ കാർഡും വോട്ടർ ഐഡി കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത് ഒരേ വ്യക്തി ഒന്നിലധികം നിയോജകമണ്ഡലങ്ങളിൽ അല്ലെങ്കിൽ ഒരേ മണ്ഡലത്തിൽ ഒന്നിലധികം തവണ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് തിരിച്ചറിയാനും സഹായിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.

∙പക്ഷെ വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിക്കുന്നത്  തിരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധമാക്കിയിട്ടില്ല. ഒരു നിശ്ചിത സമയപരിധിയും പ്രഖ്യാപിച്ചിട്ടില്ല.

∙ആധാർ നമ്പർ നൽകിയിട്ടില്ലെങ്കിൽ നിലവിലുള്ള ഒരു വോട്ടറുടെയും പേര് വോട്ടർ‌ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയുമില്ല.

വോട്ടർഐഡിയും ആധാറും ബന്ധിപ്പിക്കുന്നത് എങ്ങനെ?

Aadhar

വോട്ടർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടില്ലെങ്കിലും ഈ സംരംഭത്തിൽ പരമാവധി പൊതുജന പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങളിലാണ് സർക്കാർ. മികച്ച സൗകര്യങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനായി ഒരുക്കിയിരിക്കുന്നത്. വോട്ടർ ഐഡി കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ മാർഗങ്ങൾ ഇതിനായി തിരഞ്ഞെടുക്കാം. ഫോൺ വഴിയും ഓൺലൈൻ വഴിയും  ഇത് സാധ്യമാകും. എൻവിഎസ്പി പോർട്ടൽ വഴിയും മൊബൈൽആപ്പ് വഴിയും നിങ്ങളുടെ വോട്ടർ ഐഡി ആധാറുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയും.


മൊബൈൽ ആപ്പ് വഴി ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് പിന്തുടരേണ്ട ഘട്ടങ്ങൾ:

ഘട്ടം 1: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ‘വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ്’ ഡൗൺലോഡ് ചെയ്യുക.
ഘട്ടം 2: ആപ്പ് ഓപ്പൺ ചെയ്തതിന് ശേഷം , 'I agree'  എന്നതിൽ ക്ലിക് ചെയ്യുക, അതിന് ശേഷം 'Next'  എന്നതിൽ ക്ലിക് ചെയ്യുക .
ഘട്ടം 3: 'വോട്ടർ റജിസ്ട്രേഷൻ' ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഘട്ടം 4: ഇലക്ടറൽ ഓതന്റിക്കേഷൻ ഫോമിൽ  (ഫോം 6ബി) ക്ലിക്ക് ചെയ്യുക.
ഘട്ടം 5: ‘Let’s Start‘ എന്ന ഓപ്‌ഷനിൽ ക്ലിക് ചെയ്യുക.
ഘട്ടം 6: ആധാറിൽ റജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പർ നൽകി 'Send OTP'  എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 7: ‘Yes I have voter ID’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘Next’ ക്ലിക്ക് ചെയ്യുക.
ഘട്ടം 8: നിങ്ങളുടെ വോട്ടർ ഐഡി (EPIC) നമ്പർ നൽകുക,  അതിന്സം ശേഷം ’സംസ്ഥാനം’ തിരഞ്ഞെടുക്കുക, തുടർന്ന്  'വിശദാംശങ്ങൾ ലഭ്യമാക്കുക' എന്ന ഓപ്ഷനിൽ തിരഞ്ഞെടുക്കുക.
ഘട്ടം 9: 'Proceed' എന്നതിൽ ക്ലിക് ചെയ്യുക.
ഘട്ടം 10: നിങ്ങളുടെ ആധാർ നമ്പർ, റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകിയതിന് ശേഷം   'Done' എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്  ഫോം 6ബി-യുടെ പ്രിവ്യൂ  പേജ് ദൃശ്യമാകും.
ഘട്ടം 11:  ഇതിൽ  നിങ്ങളുടെ വിശദാംശങ്ങൾ വീണ്ടും പരിശോധിച്ചതിന് ശേഷം ഫോം 6ബി അന്തിമമായി സമർപ്പിക്കുന്നതിനായി 'Confirm' എന്നതിൽ ക്ലിക് ചെയ്യുക.

 നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടൽ (NVSP) വഴി  വോട്ടർഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്ന വിധം
1. നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലിന്റെ (NVSP) ഔദ്യോഗിക വെബ്സൈറ്റ് ആയ (www.nvsp.in) സന്ദർശിക്കുക.
2. യൂസർ നെയിമും പാസ്വേഡും നൽകി പോർട്ടലിൽ ലോഗിൻ ചെയ്യുക, ആദ്യമായി സന്ദർശിക്കുന്നവർ ആദ്യം റജിസ്റ്റർ ചെയ്യണം.
3. ലോഗിൻ ചെയ്തതിന് ശേഷം 'Forms' എന്നതിൽ ക്ലിക് ചെയ്യുക.
4. നിങ്ങളുടെ പേര്, നിങ്ങളുടെ നിയമസഭ/പാർലമെന്ററി മണ്ഡലത്തിന്റെ പേര്, EPIC നമ്പർ, മൊബൈൽ നമ്പർ/ഇമെയിൽ ഐഡി മുതലായവ പോലുള്ള വിശദാംശങ്ങൾ നൽകുക.
5. യുഐഡിഎഐയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കുന്നതിന് നിങ്ങളുടെ ആധാർ നമ്പർ നൽകുക,
6. ആധാർ വിശദാംശങ്ങൾ നൽകിയ ശേഷം, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ ഇമെയിലിലോ  ഒരു ഒടിപി ലഭിക്കും.
7.  ഒടിപി നൽകിയ ശേഷം Submit ബട്ടൺ ക്ലിക്ക് ചെയ്യുക.
8. അതിനു ശേഷം Authenticate എന്ന ഓപ്ഷനിൽ  ക്ലിക്ക് ചെയ്യുക.
റജിസ്ട്രേഷൻ വിജയകരമായാൽ അതേ കുറിച്ച് അറിയിപ്പ് ലഭിക്കും.
 
ഫോൺ വഴിയും ആധാറും വോട്ടർ ഐഡിയും  തമ്മിൽ ബന്ധിപ്പിക്കാം.

ഫോൺ വഴി ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് സൗകര്യം നൽകുന്നതിനായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ നിരവധി കോൾ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് 1950 എന്ന നമ്പറിലേക്ക് ഫോൺ വിളിക്കുകയും ആധാർ നമ്പർ സഹിതം വോട്ടർ ഐഡി വിശദാംശങ്ങൾ നൽകുകയും വേണം. സേവനം പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ലഭ്യമാണ്.

എസ്എംഎസ് അയയ്ക്കാം

ഇതിന് പുറമെ , വോട്ടർമാർക്ക് എസ്എംഎസ് അയച്ചും ആധാർ നമ്പറുമായി വോട്ടർ ഐഡി ബന്ധിപ്പിക്കാൻ കഴിയും. ഇതിനായി, നിങ്ങളുടെ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 166 അല്ലെങ്കിൽ 51969 എന്ന നമ്പറിലേക്കാണ്  എസ്എംഎസ് അയക്കേണ്ടത്. എസ്എംഎസ് അയക്കേണ്ട  ഫോർമാറ്റ് ECILINK<SPACE><വോട്ടർ ഐഡി നമ്പർ >< SPACE>ആധാർ നമ്പർ> എന്നതായിരിക്കണം.

ബൂത്ത് ലെവൽ ഓഫീസർ

ബന്ധപ്പെട്ട ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വഴിയും നിങ്ങളുടെ ആധാർ കാർഡുകൾ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കാം. ഇതിനായി നിങ്ങളുടെ ആധാറിന്റെയും വോട്ടർ ഐഡിയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ബിഎൽഒയ്ക്ക് കൈമാറാണം.
വോട്ടർഐഡി കാർഡുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു കമ്മീഷൻ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഈ ക്യാമ്പുകൾ സന്ദർശിച്ചും ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ അറിയാൻ കഴിയും. 

English Summary : Different Ways to Link Aadhar and Voter ID

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS