ADVERTISEMENT

ഇന്ന് ലോകസമ്പാദ്യദിനം. പ്രീയപ്പെട്ട കഥാകാരൻ എംടിയുടെ പ്രശസ്തമായ ദയ എന്ന പെൺകുട്ടിയാണ് ഓർമയിലേയ്ക്ക് വരുന്നത്.   

കുട്ടികൾക്കു വേണ്ടിയുള്ള മനോഹരമായ ഒരു  കഥ. പ്രശസ്ത ഛായാഗ്രാഹകൻ  വേണു 'ദയ' എന്ന പേരിൽ  ഇതു ചലചിത്രമാക്കിയിട്ടുമുണ്ട്. 

അതിൽ അതിസമ്പന്നനായ പിതാവിന്റെ മരണാനന്തരം, കുറഞ്ഞ നാളുകൊണ്ട് എല്ലാം നഷ്ടപ്പെടുത്തി ഉടുതുണി മാത്രമായി കൊട്ടാരം വിട്ട് തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വന്നു മൻസൂർ എന്ന യുവാവിന്.  

ആ സമയത്ത് കൗമാരം വിടാത്ത മൻസൂർ തികച്ചും നിഷ്ക്കളങ്കമായി ഒരു ചോദ്യം ചോദിക്കുന്നുണ്ട്. " മൂന്നു തലമുറയ്ക്ക് വേണ്ട മുതലുണ്ടെന്നല്ലേ പിതാവ് പറഞ്ഞിരുന്നത്, എന്നിട്ടിപ്പോൾ എന്താ ഇങ്ങനെ? " 

അതിനു പിതാവിന്റെ സുഹൃത്ത് നൽകുന്ന മറുപടി ഇതാണ്. "കരുതലോടെ കൈകാര്യം ചെയ്താൽ, ഒന്നും അധികമാകാതെ അനുഭവിച്ചാൽ എന്നു കൂടി അദ്ദേഹം പറഞ്ഞിരുന്നു"   

സമ്പത്ത് ഇല്ലാതാകാൻ അൽപസമയം

അതെ. മക്കൾ ജീവിതകാലം മുഴുവൻ സുഖസമൃദ്ധിയോടെ ജീവിക്കണം എന്നാഗ്രഹിച്ച് കോടികളുടെ സമ്പത്ത് ഉണ്ടാക്കിയിട്ടു കാര്യമൊന്നുമില്ല. എത്ര സമ്പത്തുണ്ടായാലും അതെല്ലാം ഇല്ലാതാകാൻ അൽപസമയം മതി. 

സ്വന്തം മക്കൾ എന്നും  സന്തോഷത്തോടെ സുഖ ജീവിതം നയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ മാതാപിതാക്കളും. അതിനായി  അവർ ജീവിതകാലം മുഴുവൻ അധ്വാനിക്കുകയും തങ്ങളുടെ ആവശ്യങ്ങൾ പോലും മാറ്റി വെച്ച് മിച്ചം പിടിച്ച് വിവിധ തരത്തിൽ സമ്പത്ത് വളർത്തി മക്കൾക്കായി നൽകുകയും ചെയ്യുന്നു. പക്ഷേ അതുകൊണ്ട് അവർ സുഖമായി ജീവിക്കുമോ?. ഒരു ഉറപ്പും ഇല്ല, കഥയിൽ പറയുന്ന പോലെ എല്ലാം പെട്ടെന്ന് ഒഴുകി തീരാം.

മറിച്ച്, അവർക്ക് നൽകേണ്ടത് പണത്തിന്റെ പ്രാധാന്യത്തെ കുറിച്ച്, അതെങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള അറിവാണ്.  

kid-planning

 കുട്ടിക്കാലത്തേ പഠിപ്പിക്കാം

ആ അറിവ് കുട്ടിക്കാലത്ത് തന്നെ മക്കൾക്ക്  നൽകാൻ കഴിഞ്ഞാൽ അതായിരിക്കും അവർക്കായി നിങ്ങൾക്ക് നൽകാവുന്ന ഏറ്റവും വിലപിടിച്ച സമ്മാനം. അതുകൊണ്ട് അവർക്ക്  ജീവിതകാലം മുഴുവൻ അവർ സുഖമായി ജീവിക്കാനാകും. അധ്വാനിച്ചുണ്ടാക്കാനും കിട്ടുന്നതുകൊണ്ട് എന്നും സ്വർഗതുല്യമായ ജീവിതം നയിക്കാനും അവർക്കു കഴിയും.   

പണം വെറുതെ കിട്ടുന്നതല്ലെന്നും അത് അധ്വാനത്തിന്റെ ഫലമാണെന്നും  അവർ ചെറുപ്പത്തിലെ മനസിലാക്കണം. പക്ഷേ അത്  അവർ സ്വയം മനസിലാക്കില്ല. മറിച്ച് അത് അവരെ അവരെ മനസിലാക്കേണ്ട ഉത്തരവാദിത്തം നിങ്ങൾ മാതാപിതാക്കൾക്കാണ്.   

family-4-

മിച്ചം വെക്കുവാനും, വിവേകത്തോടെ ചിലവാക്കാനും, നിക്ഷേപിക്കാനും ചെറുപ്പത്തിലേ പഠിപ്പിക്കുക. അതായിരിക്കും കുട്ടികളുടെ നല്ല ജീവിതത്തിനായി നിങ്ങൾക്കു കൊടുക്കാവുന്ന ഏറ്റവും മികച്ച സമ്മാനങ്ങളിലൊന്ന്. നാം ഭൂരിപക്ഷവും പണം തെറ്റായി കൈകാര്യം ചെയ്യുന്നവരാണ്. അതുമൂലം പലരും പലതരം സാമ്പത്തികപ്രശ്നങ്ങളിലുമാണ്. എന്താണ് ഇതിനു കാരണം? ചെറുപ്പത്തിൽ  പണം കൈകാര്യം ചെയ്യാനുള്ള പരിശീലനം നമുക്കു ലഭിച്ചിട്ടില്ല. ആ തെറ്റ് നാം മക്കളുടെ കാര്യത്തിൽ ആവർത്തിക്കരുത്. 

ആവശ്യങ്ങളും അത്യാവശ്യങ്ങളും അനാവശ്യങ്ങളും

പണം എവിടെനിന്നു വരുന്നു? എങ്ങനെ സൂക്ഷിക്കാം? ഭാവിയിലേക്ക് എങ്ങനെ കരുതിവെക്കാം?  ആവശ്യങ്ങളും അത്യാവശ്യങ്ങളും അനാവശ്യങ്ങളും  തിരിച്ചറിച്ച് അതനുസരിച്ച് എങ്ങനെ പണം ചെലവാക്കാം? ഇതെല്ലാം മക്കളെ  അറിയിക്കണം. പക്ഷെ  നമ്മുടെ സ്കൂളുകളിൽ ഇതൊന്നും പഠിപ്പിക്കുന്നില്ല.  സാമ്പത്തിക സാക്ഷരത ഇല്ലാത്തത് കുട്ടികളുടെ ഭാവിജീവിതത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. അതിനാൽ, മാതാപിതാക്കൾ മുൻകൈയെടുത്ത് ബോധപൂർവം, വിവേകത്തോടെ  പഠിപ്പിക്കണം.സ്വന്തം ജീവിതം വഴി  ഇക്കാര്യങ്ങളിൽ മാതൃക കാട്ടിക്കൊടുക്കുകയും വേണം. 

girl

 

സാമ്പത്തിക സാക്ഷരതയുടെ ആദ്യപാഠങ്ങൾ

ചെറുതിലെ തന്നെ  അവരുടെ ചെറിയ അധ്വാനങ്ങൾക്ക്  കൊച്ചുകൊച്ചു  പ്രതിഫലങ്ങൾ നൽകുക, അതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നിർദേശിക്കുക, മിച്ചം പിടിക്കാനും അതു നിക്ഷേപിക്കാനും പ്രേരിപ്പിക്കുക ഇതെല്ലാം സാമ്പത്തിക സാക്ഷരതയുടെ ആദ്യപാഠങ്ങളാക്കാം. വീട്ടിലെ സാമ്പത്തിക സ്ഥിതി  കുട്ടികളിൽ നിന്ന് മറച്ചു പിടിച്ച് അവരുടെ ആവശ്യങ്ങൾക്കും ആഡംബരങ്ങൾക്കുമെല്ലാം ചോദിക്കുന്ന പണം നൽകുന്നതു  ശരിയല്ല. മറിച്ച് വീട്ടിലെ അവസ്ഥ അറിഞ്ഞു വളരുന്ന  കുട്ടികൾ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. എന്നു മാത്രമല്ല കൂടുതൽ ഉത്തരവാദിത്ത ബോധം കാട്ടുകയും ചെയ്യും. പണം ശരിയായി മാനേജ് ചെയ്യാൻ അറിയുന്നവർക്ക് ഉള്ള പണം കൊണ്ട് സന്തോഷമായി ജീവിക്കാൻ ഒരിക്കലും ബുദ്ധിമുട്ടേണ്ടി വരില്ലെന്നതും വസ്തുതയാണ്. 

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊന്നു കൂടിയുണ്ട്. പണമാണ് എല്ലാം എന്ന തോന്നൽ ഒരിക്കലും അവർക്ക് പകർന്നു നൽകരുത്. അങ്ങനെ വന്നാൽ അവർ പണം വെട്ടിപ്പിടിക്കാൻ എന്തും ചെയ്തേക്കാം. അല്ലെങ്കിൽ പണം ചെലവാക്കാതെ പിശുക്കു കാട്ടി, ജീവിതം ആസ്വദിക്കാൻ  മറന്നു പോയേക്കാം. അധികമായാൽ അമൃതം വിഷം എന്നല്ലേ? പണത്തിന്റെ കാര്യത്തിൽ അതു തികച്ചും ശരിയുമാണ്.

English Summary : Teach Your Children about Money Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com