ADVERTISEMENT

ഒരു സമയത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വളരുന്ന സമ്പദ് വ്യവസ്ഥ എന്ന ലേബലുണ്ടായിരുന്ന ബംഗ്ലാദേശ് ഇപ്പോൾ പ്രശ്നങ്ങളുടെ നടുവിലാണ്. ശ്രീലങ്കയ്ക്കും, പാകിസ്ഥാനും ശേഷം ഐ എം എഫിനോട് സാമ്പത്തിക സഹായം ചോദിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ബംഗ്ലാദേശ്. സ്ഥിരമായ ധനക്കമ്മി, ഉൽപ്പാദന മേഖലയിലെ വൈവിധ്യവൽക്കരണത്തിന്റെ അഭാവം, ഫോറെക്സ് കരുതൽ ശേഖരം കുറയൽ, ഉയർന്ന പണപ്പെരുപ്പം, നികുതി വെട്ടിപ്പ്, അഴിമതി തുടങ്ങി വിവിധ ഘടകങ്ങൾ രാജ്യത്തിന്റെ  സാമ്പത്തിക വളർച്ചയെ മുരടിപ്പിക്കുകയാണ്. ഇന്ധന വില കുത്തനെ കൂടുന്നതിനാൽ സ്കൂളുകളുടെയും, ഓഫീസുകളുടെയും പ്രവർത്തന സമയം വരെ ഇപ്പോൾ വെട്ടി കുറച്ചിരിക്കുകയാണ്. 

തുണി വ്യവസായം 

തുണിത്തരങ്ങളുടെയും, റെഡിമെയ്ഡ് വസ്ത്രങ്ങളുടെയും ബിസിനസ് കൊണ്ട് പച്ചപിടിച്ച ബംഗ്ലാദേശ്  സമ്പദ് വ്യവസ്ഥയിൽ കുറച്ചു കാലം മുൻപ് വരെ ചെറുപ്പക്കാർക്ക് തൊഴിൽ കണ്ടെത്തുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നതിനായി പല വൻകിട ബ്രാൻഡഡ് കമ്പനികളും ബംഗ്ലാദേശിൽ അവരുടെ ഉൽപ്പാദന യൂണിറ്റുകൾ തുറന്നിട്ടുണ്ട്. അമേരിക്കൻ വിപണിയെ ലക്ഷ്യമാക്കി നടത്തുന്ന  ഇന്ത്യയിലെ ചില 'ബ്രാൻഡഡ്'  തുണിത്തരങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കമ്പനികളും കോവിഡ് മഹാമാരിയുടെ സമയത്ത് അടച്ചുപൂട്ടി ബംഗ്ലാദേശിലേക്ക് ഉല്പാദന യൂണിറ്റുകൾ മാറ്റുകയോ അല്ലെങ്കിൽ അവരുടെ ജോലിക്കാരെ ഇന്ത്യയിൽ നിന്നും നിർബന്ധമായി ബംഗ്ലാദേശിൽ ജോലി ചെയ്യാൻ അയക്കുകയോ ചെയ്തിട്ടുണ്ട്. വേതനം കുറച്ചു കൊടുത്ത് ഉൽപ്പാദനം കൂട്ടാനാണ് കമ്പനികൾ അങ്ങനെ ചെയ്യുന്നത്. വ്യവസായവൽക്കരണം കൊണ്ട് രാജ്യം വളർന്നെങ്കിലും അസമത്വം എന്നും ബംഗ്ലാദേശിൽ കൂടുതലായിരുന്നു. ചുഴലിക്കാറ്റുകളും,  വെള്ളപ്പൊക്കങ്ങളും സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ചപ്പോൾ അസമത്വം വീണ്ടും കൂടാനും അത് കാരണമായി. 

bangladesh4

പണപ്പെരുപ്പം 

റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷമാണ് കാര്യങ്ങൾ കൈവിട്ട് പോകാൻ തുടങ്ങിയത്. ഇന്ധന വില വർദ്ധനവ് മൂലം കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ മെരുക്കാൻ പാടുപെടുകയാണ് ബംഗ്ലാദേശ്. ഇപ്പോഴത്തെ പണപ്പെരുപ്പ നിരക്ക്  8.9 ശതമാനം ആണെങ്കിലും ഈ ഒരു ഔദ്യോഗിക പണപ്പെരുപ്പ നിരക്ക് വിശ്വസിക്കാൻ രാജ്യാന്തര ഏജന്‍സികളടക്കം ആരും തയ്യാറല്ല. കാരണം ഓഗസ്റ്റ് മാസത്തിൽ 51 ശതമാനമാണ് പെട്രോൾ വില വധിപ്പിച്ചത്. ഇതോടെ എല്ലാ വസ്തുക്കളുടെയും വില ബംഗ്ലാദേശിൽ കുതിച്ചുയർന്നു. സാധാരണക്കാർക്ക് ഭക്ഷണം പോലും വാങ്ങാൻ ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയായി. കാര്യങ്ങൾ ശ്രീലങ്കയുടെ അത്രയും വഷളായിട്ടില്ലെന്നു മാത്രം. 

അഴിമതി 

രാജ്യം വളർന്നപ്പോൾ കൂടുതൽ നിർമ്മാണ പദ്ധതികൾ നടത്തിയതിലെല്ലാം അഴിമതിയുടെ കറയായിരുന്നു കൂടുതൽ.  ലോകത്തിലേക്കും വെച്ച് റോഡ് നിർമാണത്തിന് ഏറ്റവും കൂടുതൽ ചെലവ് വരുന്നത് ബംഗ്ലാദേശിലെ റോഡുകൾ നിർമിക്കാനാണ് എന്നുള്ളതിൽ നിന്നുതന്നെ അഴിമതിയുടെ ഒരു ഏകദേശ രൂപം തെളിയുന്നില്ലേ. അതുകൊണ്ടുതന്നെയാണ് പല രാജ്യാന്തര റാങ്കിങ് സ്ഥാപനങ്ങളും ബംഗ്ലാദേശിനെ ലോകത്തിലെ ഏറ്റവും അഴിമതി കൂടിയ രാജ്യം എന്ന് വിശേഷിപ്പിക്കുന്നത്.

കൈക്കൂലി കൊടുക്കാതെ സർക്കാർ സ്ഥാപനങ്ങളിലെ ഒരു കാര്യങ്ങളും  ബംഗ്ലാദേശിൽ നടക്കില്ല എന്നത് പരസ്യമായ രഹസ്യമാണ്. ചൈനീസ് കമ്പനികളും എല്ലാ മേഖലയിലും അഴിമതി വളർത്തുന്ന  ഈ ഒരു പ്രവണതക്ക് വളം വെച്ച് കൊടുക്കുന്നുണ്ടെന്നും ആരോപണങ്ങളുണ്ട്. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 'മെയ്ഡ് ഇൻ ബംഗ്ലാദേശ്' എന്ന ലേബൽ ഒട്ടിച്ചു പോലമുള്ള നികുതി വെട്ടിപ്പ് ഒരു  ഉദാഹരണമാണെന്ന്‌ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബംഗ്ലാദേശിൽ മാത്രമല്ല ചൈനയുടെ ഇടപെടലുള്ള എല്ലാ രാജ്യങ്ങളിലും അനധികൃത  തട്ടിപ്പും, നികുതി വെട്ടിപ്പും ഉപയോഗിച്ച് ചൈനീസ് കമ്പനികൾ അന്യായ നേട്ടം ഉണ്ടാക്കുന്നുണ്ട്. 

bangladesh2

ചൈനയുടെ കടക്കെണി 

വികസ്വര രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തെ പദ്ധതികൾക്കായി ചൈനയിൽ നിന്ന് കടം വാങ്ങുന്നതിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ചൈനയുടെ കടം വാങ്ങി കൈപൊള്ളി ഇരിക്കുന്ന ബംഗ്ലാദേശ് ധനമന്ത്രി  മുന്നറിയിപ്പ് നൽകി. വികസന പദ്ധതികൾക്കായി കടം നൽകി രാജ്യത്തെ മൊത്തം സാമ്പത്തിക അവസ്ഥ തകരാറിലാക്കുന്ന ചൈനീസ് മോഡൽ കടക്കെണി ബംഗ്ലാദേശിനും തിരിച്ചടി ആയിരിക്കുകയാണ്. ബംഗ്ലാദേശിൽ  ആദായം നൽകാത്ത വെള്ളാനകളായിരിക്കുകയാണ് ചൈനയുടെ സഹായത്തോടെ നിർമിച്ച പലതും. ഇത്തരം പദ്ധതികളുടെ നിർമാണഘട്ടത്തിലും വൻ അഴിമതിയാണ് നടക്കുന്നത്. 

സാങ്കേതികവിദ്യ 

ഒരു രാജ്യത്തിന്റെ പുരോഗതിയിൽ സാങ്കേതിക വിദ്യയുടെ പങ്ക് ചെറുതൊന്നുമല്ല. എന്നാൽ ബംഗ്ലാദേശിൽ ഇപ്പോഴും ശമ്പളം കുറഞ്ഞ തൊഴിലാളികളെ വെച്ച് നടത്തുന്ന വ്യവസായങ്ങളാണ് ഭൂരിഭാഗവും. സാങ്കേതിക വിദ്യയിലെ  രാജ്യങ്ങളുടെ റാങ്കിങ്ങിൽ വളരെ പുറകിലാണ് ബംഗ്ലാദേശിന്റെ സ്ഥാനം. സാങ്കേതിക വിദ്യയിൽ മുന്നിട്ട് നിൽക്കുന്നതാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ  കഴിഞ്ഞ കുറെ വർഷങ്ങൾകൊണ്ട് വളരുവാൻ സഹായിച്ചത്. 

 

കോവിഡിന്റെ സമയത്ത് 2020 ൽ  ഇന്ത്യക്ക് പോലും നെഗറ്റീവ് വളർച്ച നിരക്ക് ഉണ്ടായപ്പോൾ 3.4 ശതമാനം വളർച്ച രേഖപ്പെടുത്തിയ രാജ്യമാണ് ബംഗ്ലാദേശ്. ആ അവസ്ഥയിൽ നിന്നാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചേർന്നത് എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമാണ്. 

ബംഗ്ലാദേശിന്റെ മികച്ച സാമ്പത്തിക സ്ഥിതിയെക്കുറിച്ചു പുകഴ്ത്തിയെഴുതിയിരുന്ന മാധ്യമങ്ങളൊക്കെ ഇപ്പോൾ തിരിച്ചെഴുതാൻ ഒരുങ്ങുകയാണ്. സാമ്പത്തികമായി സഹായിച്ചു രാജ്യങ്ങളെ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുന്ന 'ചൈനീസ് മോഡലിനും' ബംഗ്ലാദേശിന്റെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നല്ലൊരു പങ്കുണ്ടെന്നു ഈ രംഗത്തെ വിദഗ്ധർ പറയുന്നു. 

English Summary : Bangladesh is Facing Serious Economic Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com