കുടുംബ ബന്ധങ്ങളുടെ തകർച്ച: ശരിക്കും വില്ലൻ ലൈംഗിക പ്രശ്നങ്ങളോ, സാമ്പത്തിക പ്രശ്നങ്ങളോ?

HIGHLIGHTS
  • തലയ്ക്കു മുകളിൽ കടം കയറുമ്പോൾ മാത്രം ഉണ്ടാകുന്ന തുറന്നു പറച്ചിലുകളും, കൂട്ട ആത്മഹത്യകളും കേരളത്തിൽ പുത്തരിയല്ല
Happy
SHARE

പങ്കാളിയുടെ അവിഹിത ബന്ധങ്ങളും ലൈംഗിക അരാജകത്വവും ദാമ്പത്യത്തിലെ വിശ്വാസമില്ലായ്മയും സാധാരണയായി കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കാറുണ്ടെങ്കിലും ഇവിടെ പലരും അവഗണിക്കുന്ന ഒരു കാര്യമാണ് സാമ്പത്തിക അവിശ്വസ്തത. ഭാര്യ അറിയാതെ ഭർത്താവിന് മറ്റുള്ളവരുമായുള്ള പണമിടപാടുകളും, ഭർത്താവ് അറിയാതെ ഭാര്യ നടത്തുന്ന പണക്കൈമാറ്റങ്ങളും പലപ്പോഴും കുടുംബ ജീവിതം തകർക്കുന്നതിന് കാരണമാകുന്നില്ലേ? പല വിവാഹ മോചനങ്ങളുടെയും പിന്നിൽ സ്ത്രീധനം തൊട്ട് പങ്കാളികളുടെ പരസ്പര അറിവില്ലാതെയുള്ള പണമിടപാടുകൾ വരെ ഉണ്ടാകാറുണ്ട്. സാമ്പത്തികമായി ഒരുമിച്ചു പോകാത്തത് പലപ്പോഴും മാനസിക പ്രശ്നങ്ങളിലേക്കും, പിന്നീട് ബന്ധങ്ങളിലെ അകൽച്ചയിലേക്കും പോകുന്നുവെന്ന് വിവിധ സംഘടനകളുടെ   വിവാഹമോചന സർവ്വേകൾ സൂചിപ്പിക്കുന്നുണ്ട്. എന്നിട്ടും 'സാമ്പത്തിക അവിശ്വസ്തത'  എന്ന വലിയൊരു ഘടകത്തിന്റെ പങ്ക്  ദാമ്പത്യ ബന്ധങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ സാധാരണയായി കടന്നു വരാറില്ല. 

ആസ്തികൾ മറച്ചുവെക്കാറുണ്ടോ?

ഭർത്താവിന് ഭാര്യയറിയാതെയുള്ള സ്ഥലക്കച്ചവടങ്ങളും രഹസ്യ കടം കൊടുപ്പും ഉണ്ടാകാറുണ്ടോ? ഭാര്യക്ക് ഭർത്താവറിയാതെയുള്ള പണമിടപാടുകളും രഹസ്യ ബാങ്ക് അക്കൗണ്ടുകളുമുണ്ടോ? വിദേശ ഇന്ത്യക്കാർ മുതൽ നാട്ടിൽ സ്ഥിര താമസമാക്കിയിട്ടുള്ള പലർക്കും പല രഹസ്യ അക്കൗണ്ടുകളുള്ളത് മരണശേഷം പോലും പങ്കാളികൾ അറിയാറില്ല എന്നുള്ളതാണ് സത്യം. സ്വന്തം മക്കൾ പോലും അറിയാതെയുള്ള രഹസ്യ അക്കൗണ്ടുകളിലെ പണം പെട്ടെന്നുള്ള മരണശേഷം മിക്കവാറും നിഷ്ക്രിയ അക്കൗണ്ടുകളായി മാറി ആർക്കും ഉപകാരമില്ലാത്തതാകും. 

രഹസ്യ ക്രെഡിറ്റ് കാർഡുകൾ 

മറ്റുള്ളവരിൽ നിന്നും നേരിട്ട് കടം വാങ്ങിയില്ലെങ്കിലും, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. സമയാസമയങ്ങളിൽ തിരിച്ചടവ് മുടങ്ങുന്നത് കടുത്ത പലിശ ഭാരമായിരിക്കും കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിൽ വരുത്തുന്നത്. ഭർത്താവിന്റെ ശമ്പളം എത്രയെന്നു അറിയാതെ വീണ്ടും വീണ്ടും ആവശ്യങ്ങൾ നിരത്തുന്ന ഭാര്യയും, തന്റെ ശമ്പളം കുറവാണെങ്കിലും മറ്റുള്ളവരെ കാണിക്കാൻ ആഡംബര ജീവിതം നയിക്കുന്ന ഭർത്താവും, മറ്റുള്ളവരെ  കാണിക്കാനായി  തങ്ങളുടെ വരുമാനത്തിനപ്പുറം ചെലവ് ചെയ്യുന്ന ദമ്പതികളും കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ തോണ്ടുകയാണ്  ചെയ്യുന്നത്.

എന്റെ കാശ് കൊണ്ടാണ് നിങ്ങൾ ജീവിക്കുന്നത് 

എന്റെ കാശു കൊണ്ടാണ് നിങ്ങൾ ജീവിക്കുന്നത് എന്ന ഭർത്താവിന്റെയോ, ഭാര്യയുടെയോ അഹങ്കാരം നിറഞ്ഞ പറച്ചിലുകളും കുടുംബ ബന്ധങ്ങളിൽ വിള്ളൽ വരുത്താറില്ലേ? സാമ്പത്തിക സ്വാതന്ത്ര്യം അഹംഭാവമായി മാറുന്ന ഒരവസ്ഥ പലപ്പോഴും ഒരാളുടെ മാത്രം വരുമാനം കൊണ്ട് കഴിയുന്ന പല കുടുംബങ്ങളിലുമുണ്ടാകാറുണ്ട്. 

കട ബാധ്യത 

പങ്കാളികളെ അറിയിക്കാതെയുള്ള കടം വാങ്ങലും, തലയ്ക്കു മുകളിൽ കടം കയറുമ്പോൾ മാത്രം ഉണ്ടാകുന്ന തുറന്നു പറച്ചിലുകളും, കൂട്ട ആത്മഹത്യകളും കേരളത്തിൽ പുത്തരിയല്ല. വരവറിയാതെയുള്ള ചെലവ് ചെയ്യലും, എങ്ങനെയെങ്കിലും കാര്യങ്ങൾ നടക്കുമെന്ന അലസ മനോഭാവവും ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കും.

family-budget (2)

ബന്ധുക്കൾക്കുള്ള രഹസ്യ കൊടുക്കലുകൾ 

ഭാര്യയറിയാതെ സഹോദരങ്ങൾക്ക് സ്ഥിരമായി പണം കൊടുക്കുന്നവരും, ഭർത്താവറിയാതെ ബന്ധുക്കൾക്ക് പണം കൊടുക്കുന്ന ഭാര്യയും.. പങ്കാളികളറിയാതെ രഹസ്യ പണം വാങ്ങലുകൾ നടത്തുന്നതും കുടുംബ ബന്ധങ്ങൾ വഷളാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

സാമ്പത്തിക അവിശ്വസ്തത ഒരു അവിഹിത ബന്ധത്തേക്കാൾ ദോഷം ചെയ്യുന്നതാണ് എന്ന് ദമ്പതികൾ തിരിച്ചറിയണം. പല വിവാഹ മോചന കേസുകളിലും, പുറത്തു പറയുന്ന പ്രശ്നങ്ങളെക്കാൾ 'സാമ്പത്തിക ഇടപാടുകൾ'  നല്ലൊരു പങ്കു വഹിക്കുന്നുണ്ടെന്ന് വിദഗ്‌ധർ പറയുന്നു. ഒരു കൂരക്ക് കീഴിൽ എല്ലാ കാര്യങ്ങളും പങ്കുവെച്ചു ജീവിക്കുന്നവർക്കിടയിലും സാമ്പത്തിക തീരുമാനങ്ങളും ചെലവുകളും ചർച്ച ചെയ്യപ്പെടാതിരിക്കുന്നത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും. കാറുകളോ, വിദേശ അവധിയാഘോഷങ്ങളോ, എപ്പോഴും പുറത്തുനിന്നുള്ള ഭക്ഷണവും കഴിക്കലോ ഇല്ലെങ്കിലും മിച്ചം പിടിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമ്മുടെ ചെലവഴിക്കുന്ന രീതി മാറ്റണം എന്ന് പറയാനുള്ള ആർജവം പങ്കാളികളിൽ ആരെങ്കിലും കാണിച്ചാൽ, ദീർഘകാലത്തിൽ ദാമ്പത്യ കെട്ടുറപ്പ് മാത്രമല്ല സമ്പത്തും അറിയാതെ വളരും.

English Summary : Financial Reasons Behind Family Problems

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS