ADVERTISEMENT

"അച്ഛാ എനിക്കൊരു ലാപ്ടോപ് വാങ്ങിത്തരാമോ?" പ്ലസ്ടുവിനു പഠിക്കുന്ന മകന്റെ ആവശ്യമാണ്. "മോനേ സറണ്ടർ കിട്ടുമ്പോൾ വാങ്ങിച്ചു തരാം". സറണ്ടർ കിട്ടി. പക്ഷേ എന്തു പ്രയോജനം? നാലു വർഷം കഴിഞ്ഞേ കാശു കിട്ടൂ. മോന് കൊടുത്ത വാഗ്ദാനം എങ്ങനെ നിറവേറ്റും? ഇത് കേവലം ഒരു ജീവനക്കാരന്റെ മാത്രം പ്രശ്നമല്ല. ജീവനക്കാരിൽ നല്ലൊരു വിഭാഗം ഇത്തരം കാര്യങ്ങൾക്ക് ആർജിതാവധി സറണ്ടർ ചെയ്തു കിട്ടുന്ന തുകയെയാണ് ആശ്രയിക്കുന്നത്.

മാർച്ച് 20 നു ശേഷം

സർക്കാർ ജീവനക്കാരുടെ 2022 - 23 വർഷത്തെ ആർജിതാവധി സറണ്ടർ തുക മാർച്ച് 20 നു ശേഷം പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുമെങ്കിലും 4 വർഷം കഴിഞ്ഞേ ഇത് പിഎഫ് അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ കഴിയൂ. ഈ സർക്കാറിന്റെ കാലത്ത് സറണ്ടർ തുക കൈയിലെത്തില്ല. സർക്കാറിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇക്കാര്യത്തിൽ വില്ലനായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2021-22 ) ആർജിതാവധി സറണ്ടർ ചെയ്യുന്നതിനും സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുക അനുവദിക്കുന്ന കാര്യത്തിലും വ്യക്തതയില്ല. 2021- 22 ലെ സറണ്ടർ ആനുകൂല്യം നഷ്ടപ്പെട്ട അവസ്ഥയിലാണ്. 2022-23 ലെ ഉത്തരവ് ഇറങ്ങിയ സ്ഥിതിക്ക് മുൻ വർഷത്തെ കാര്യം ഇനി പരിഗണിക്കാനിടയില്ല.

അത്യാവശ്യ കാര്യങ്ങൾ നടത്താൻ

തുടക്കത്തിൽ സൂചിപ്പിച്ചതുപോലുള്ള കാര്യങ്ങൾ നിർവഹിക്കാൻ പുതിയ വഴികൾ കണ്ടെത്തിയേ മതിയാകൂ. സർക്കാറിന്റെ സാമ്പത്തികനില മെച്ചപ്പെടുന്നതു വരെ ഇത്തരം നടപടികൾ തുടർന്നും പ്രതീക്ഷിക്കാം. കിട്ടാനുള്ള ശമ്പള പരിഷ്ക്കരണ കുടിശ്ശികയുടെ രണ്ടു ഗഡുക്കളും  ക്ഷാമബത്തയുടെ ഗഡുക്കളും ഇതു പോലെ പിഎഫിൽ ലയിപ്പിക്കാനേ വഴിയുള്ളൂ. 2021, 2022 വർഷങ്ങളിലെ നാലു ഗഡു (11 ശതമാനം) ക്ഷാമബത്തയും കുടിശ്ശികയാണ്. 2023 ജനുവരിയിൽ കേന്ദ്ര സർക്കാർ അടുത്ത ഗഡു ക്ഷാമബത്തയും അനുവദിച്ചേക്കും. അതോടെ 5 ഗഡു ക്ഷാമബത്ത സംസ്ഥാന ജീവനക്കാർക്ക് കുടിശ്ശികയാവും.

ലീവ് സറണ്ടർ ചെയ്ത് പണമാക്കുമ്പോൾ

ആർജിതാവധി പണമാക്കുമ്പോൾ ആ സംഖ്യയ്ക്ക് ആദായ നികുതി നൽകേണ്ടിവരും. പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരു ജീവനക്കാരൻ മിക്കവാറും 30% ടാക്സ്‌ സ്ലാബിലായിരിക്കും. അതിനാൽ സെസ് ഉൾപ്പെടെ മുപ്പതിനായിരത്തിലധികം രൂപ ആദായനികുതി ഇനത്തിൽ അധിക ഭാരം വന്നേക്കും. ടാക്സിനു വിധേയമായ സംഖ്യ മൊത്തം പത്തു ലക്ഷത്തിനു താഴെ ഒതുക്കാവുന്നവർ സറണ്ടർ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതോടെ 20 ശതമാനം സ്ലാബിൽ നിന്ന് 30 ശതമാനം സ്ലാബിലേക്ക് മാറാനും ഇടയുണ്ട്. അതിനാൽ മൊത്തം വാർഷിക വരുമാനം കണക്കാക്കി സറണ്ടർ ആനുകൂല്യം പ്രയോജനപ്പെടുത്തുകയാവും ഉചിതം. ക്രെഡിറ്റിൽ 300 ലീവിൽ കുറവുള്ളവർക്ക് തല്ക്കാലം സറണ്ടർ ചെയ്യാതിരിക്കാം. 300 ൽ അധികരിക്കുന്നവർക്ക് സറണ്ടർ ആനുകൂല്യം പ്രയോജനപ്പെടുത്തുകയേ തരമുള്ളൂ. ഇല്ലെങ്കിൽ 300 ൽ അധികരിക്കുന്ന ആർജിതാവധികൾ നഷ്ടപ്പെട്ടു പോകും.

വായ്പയെടുക്കാം

∙അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കാൻ പ്രോവിഡന്റ് ഫണ്ടിൽ നിലവിൽ പണമുള്ളവർക്ക് അതിൽ നിന്ന് വായ്പ എടുക്കാം.

∙താല്ക്കാലിക വായ്പയോ തിരിച്ചടയ്ക്കേണ്ടതില്ലാത്ത വായ്പയോ പ്രയോജനപ്പെടുത്താം.

∙പത്തു വർഷത്തെ സേവന കാലാവധിയുള്ളവർക്കു മാത്രമേ തിരിച്ചടയ്ക്കേണ്ടതില്ലാത്ത വായ്പ എടുക്കാൻ പറ്റൂ.

∙ഈ തുക എൻ.പി.എസ്, ഇ.എൽ.എസ്.എസ് നിക്ഷേപങ്ങളിലേക്ക് വക മാറ്റിയാൽ ആദായ നികുതി ഇളവും ലഭിക്കും.

English Summary: Know more About Leave Surrender and PF Investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com