ADVERTISEMENT

ഇന്ന് സ്വാമി വിവേകാനന്ദന്റെ ജന്മദിനം. രാജ്യമത് യുവജനദിനമായി ആഘോഷിക്കുന്നു. യുവത്വത്തിന്റെ ഊര്‍ജം രാഷ്ട്രപുനര്‍നിര്‍മാണത്തിനായാകണം പ്രസരിക്കേണ്ടതെന്ന് ആഹ്വാനം ചെയ്ത, അതിനായി യത്‌നിച്ച, അത് സാധ്യമാക്കിയ സന്യാസി. സ്വാമി വിവേകാനന്ദന്‍ പലര്‍ക്കും പലതായിരുന്നു. ആത്മീയ, ഗാന്ധിയന്‍, സോഷ്യലിസ്റ്റ് വിപ്ലവധാരങ്ങളെ ഒരുപോലെ സ്വാധീനിച്ച മറ്റൊരു നേതാവിനെ ചരിത്രത്തില്‍ കണ്ടെത്തുക ശ്രമകരം. ആധുനിക ഇന്ത്യയുടെ ശബ്ദവും ദര്‍ശനവും ആഗോളഭൂപടത്തില്‍ അടയാളപ്പെടുത്തിയ സ്വാമി വിവേകാനന്ദന്റെ സാമ്പത്തിക ദര്‍ശനം, എന്നാല്‍ എന്തായിരുന്നു.

വിവേകാനന്ദന്റെ രാഷ്ട്രീയ ആദര്‍ശങ്ങളെക്കുറിച്ചും ആത്മീയ ദര്‍ശനങ്ങളെപ്പറ്റിയും യോഗ ദര്‍ശനങ്ങളെക്കുറിച്ചുമെല്ലാം ഒരുപാട് കേട്ടിട്ടുണ്ട് ലോകം. എന്തായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ച സാമ്പത്തിക ചിന്താ പദ്ധതി? അല്ലെങ്കില്‍ അങ്ങനെയൊന്നുണ്ടോ? പ്രഭാഷണങ്ങളില്‍ ആഘോഷിക്കപ്പെട്ടിരുന്നില്ലെങ്കിലും അതിശക്തമായ സാമ്പത്തിക വീക്ഷണവും അദ്ദേഹത്തിനുണ്ടായിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യയും ആഗോളവല്‍ക്കരണവും സാമ്പത്തിക സ്വാതന്ത്ര്യവുമെല്ലാം വിവേകാനന്ദ ചിന്താ പദ്ധതികളില്‍ അന്തര്‍ലീനമായിരുന്നു. സമ്പത്തുള്ളവനെയോ സമൂഹത്തില്‍ വിജയിച്ചവനെയോ താഴെ വലിച്ചിറക്കുകയല്ല, മറിച്ച് ഓരോ സാധാരണക്കാരനും കൂടുതല്‍ സമ്പത്താര്‍ജിച്ച് ശാക്തീകരിക്കപ്പെട്ടാലേ നാട് വികസിക്കൂ എന്നതായിരുന്നു സ്വാമിജിയുടെ കാഴ്ച്ചപ്പാട്. 

സമ്പത്തിന്റെ മൂല്യം

ധനമുണ്ടാക്കുന്നതും ആസ്തി വര്‍ധിപ്പിക്കുന്നതുമെല്ലാം എന്തോ തെറ്റായ കാര്യമാണെന്ന മിഥ്യാധാരണ കാലങ്ങളിലായി നമ്മള്‍ കേരളയീരുടെ മനസില്‍ ചേക്കേറിയിരുന്നു. കാലാന്തരത്തില്‍ അതിന് മാറ്റം സംഭവിക്കുന്നുണ്ടെങ്കിലും ലാഭമുണ്ടാക്കുന്നത് തെറ്റാണെന്ന കാഴ്ചപ്പാട് നിലനിന്നിരുന്നു എന്നത് വാസ്തവമാണ്. എന്നാല്‍ ഇന്ത്യന്‍ സംസ്‌കൃതിയുടെ അടിവേരുകള്‍ കുടികൊള്ളുന്ന വേദങ്ങള്‍ ആഹ്വാനം ചെയ്യുന്നത് സമ്പത്തുണ്ടാക്കാന്‍ തന്നെയാണ്. വിവേകാനന്ദ സ്വാമിയും മുന്നോട്ടുവെച്ചത് ഈ ചിന്താപദ്ധതിയാണ്. ഭൗതികമായ അഭിവൃദ്ധിയില്ലാതെ, വിശപ്പകറ്റാന്‍ മാര്‍ഗമില്ലാതെ എന്ത് ആത്മീയത പറഞ്ഞിട്ടും കാര്യമില്ലെന്ന ഉറച്ച നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. 

vivekananda

ദാരിദ്ര്യം എന്ന വിപത്ത്

സാധാരണ സന്യാസിമാര്‍ ദാരിദ്ര്യത്തെക്കുറിച്ചോ സമ്പത്തിനെക്കുറിച്ചോ ഒന്നും സംസാരിക്കാത്ത കാലത്തായിരുന്നു വിവേകാനന്ദ സ്വാമികള്‍ അതുറക്കെ വിളിച്ചുപറഞ്ഞത്. ഇന്ത്യക്കാരുടെ കടുത്ത ദാരിദ്ര്യത്തിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് അദ്ദേഹം നിരത്തിയത്. ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ജനതയെയും ഇവിടുത്തെ വിഭവങ്ങളെയും ചൂഷണം ചെയ്യുന്നതാണ് അതില്‍ ഒന്നാമത്തേത്, രണ്ടാമത്തേത് ജന്മിത്വവ്യവസ്ഥിതി പാവപ്പെട്ടവരെ അടിച്ചമര്‍ത്തി മുതലെടുക്കുന്നതും. 

സാമ്പത്തികമായും സാമൂഹ്യമായും ജനത ശാക്തീകരിക്കപ്പെടണമെങ്കില്‍ അവര്‍ക്ക് വിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യവും നല്‍കുകയാണ് വേണ്ടതെന്ന് സ്വാമി വിവേകാനന്ദന്‍ ഉദ്‌ഘോഷിച്ചു. രാജ്യം സ്വതന്ത്രമാകണമെങ്കില്‍ വിദ്യാഭ്യാസത്തോടൊപ്പം സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷിയും ഓരോരുത്തരും കൈവരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു. വിവേകാനന്ദ ദര്‍ശനങ്ങളുടെ ചുവടുപിടിച്ചാണ് ഇന്ന് സ്‌കില്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നതും. 

വ്യവസായവല്‍ക്കരണം മാതൃക

1893 സെപ്റ്റംബര്‍ 11നായിരുന്നു സ്വാമി വിവേകാനന്ദന്റെ പ്രഖ്യാതമായ ഷിക്കാഗോ പ്രസംഗം. അതിനായി നടത്തിയ യുഎസ് സന്ദര്‍ശനത്തില്‍ വ്യവസായവല്‍ക്കരണത്തിന്റെ ഗുണങ്ങളെക്കുറിച്ച് സ്വാമിജിക്ക് ശരിക്കും ബോധ്യപ്പെട്ടു. ഇന്ത്യയുടെ വികസനത്തിന് വ്യവസായവല്‍ക്കരണം കൂടിയേ തീരൂവെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇന്ത്യയുടെ വിഭവസ്രോതസുകള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കപ്പെടേണ്ടത് വ്യാവസായിക വികസനത്തിന് അനിവാര്യമാണെന്ന് 1890കളിലേ അദ്ദേഹം ചിന്തിച്ചു. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ എണ്ണം കുറയ്ക്കണമെന്നും രാജ്യം കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യണമെന്നുമായിരുന്നു കാഴ്ച്ചപ്പാട്. ഇതുതന്നെയാണ് ഇന്ന് മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളിലൂടെ പ്രോല്‍സാഹിപ്പിക്കപ്പെടുന്നതും. 

1893ല്‍ ഷിക്കാഗോയിലേക്കുള്ള യാത്രയ്ക്കിടെ പ്രമുഖ വ്യവസായി ജംഷഡ്ജി ടാറ്റയുമായി സ്വാമി വിവേകാനന്ദന്‍ കണ്ടുമുട്ടുന്നുണ്ട്. എന്തിനാണ് ജപ്പാനില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതെന്നും ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ ശ്രമിച്ചുകൂടേയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഇന്ത്യന്‍ വ്യവസായത്തെക്കുറിച്ച് സ്വാമിജിക്കുള്ള സുവ്യക്തമായ കാഴ്ച്ചപ്പാടില്‍ ആകൃഷ്ടനായ ടാറ്റ ശാസ്ത്ര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളും ആ യാത്രയ്ക്കിടെ ചര്‍ച്ച ചെയ്തു. ജംഷഡ്ജി ടാറ്റയ്ക്ക് വിവേകാനന്ദനിലുള്ള താല്‍പ്പര്യം എത്രമാത്രമുണ്ടെന്ന് ദൃശ്യമായത് അഞ്ച് വര്‍ഷത്തിന് ശേഷം അദ്ദേഹം എഴുതിയ ഒരു കത്തിലാണ്. ഇന്ന് ഇന്ത്യന്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എന്നറിയപ്പെടുന്ന ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനം സ്ഥാപിക്കാന്‍ ടാറ്റയ്ക്ക് പ്രചോദനമായത് വിവേകാനന്ദനായിരുന്നു. അതിന്റെ നേതൃത്വം ഏറ്റെടുക്കാനായിരുന്നു കത്തിലൂടെ ടാറ്റ  ആവശ്യപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിന് അത് സ്വീകരിക്കാന്‍ സാധിക്കുന്ന സാഹചര്യമായിരുന്നില്ല. എന്നാല്‍ സിസ്റ്റര്‍ നിവേദിതയിലൂടെ ടാറ്റയ്ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കുകയുണ്ടായി. ശാസ്ത്ര സാങ്കേതിക വിദ്യ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ രാജ്യം ഉപയോഗപ്പെടുത്തണമെന്ന പക്ഷമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു സൂചി ഉണ്ടാക്കാനറിയാതെ ബ്രിട്ടീഷുകാരെ വിമര്‍ശിക്കാന്‍ ഇറങ്ങിത്തിരിച്ചിട്ട് എന്തുകാര്യം എന്നതായിരുന്നു ചിന്ത. 

വേണ്ടത് നിരവധി അനവധി ചെറുകിട സംരംഭങ്ങള്‍

vivekaknanda2

ശതകോടികള്‍ ലാഭം കൊയ്യുന്ന സംരംഭങ്ങള്‍ വേണം അതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ഇന്ത്യ പോലെ ജനസംഖ്യയും യുവാക്കളുടെ എണ്ണവും വളരെക്കൂടുതലായ രാജ്യത്ത് ഏറ്റവും പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത് സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്. ഇത് കാലങ്ങള്‍ക്ക് മുമ്പേ സ്വാമി വിവേകാനന്ദന്‍ ആഹ്വാനം ചെയ്തിരുന്നു. അതുകൊണ്ടാണ് നവീന ഭാരതം ഉടലെടുക്കേണ്ടത് സാധാരണക്കാരില്‍ നിന്നാണെന്ന് സ്വാമിജി പറഞ്ഞത്. 

'നവീനഭാരതം ഉടലെടുക്കട്ടേ! കലപ്പയേന്തുന്ന കര്‍ഷകന്റെ കുടിലില്‍ നിന്ന്, ചെരുപ്പുകുത്തികളുടെ, തൂപ്പുകാരുടെ, മീന്‍പിടുത്തക്കാരുടെ ചാളകളില്‍ നിന്ന്-നവീനഭാരതം ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ! ഉയരട്ടെ വഴിയരികില്‍ കടല വില്‍ക്കുന്നവരുടെയിടയില്‍ നിന്ന്, ചെറുകടകളില്‍ നിന്ന്! അവതരിക്കട്ടെ, ചന്തകളില്‍, അങ്ങാടികളില്‍, പണിപ്പുരകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെയിടയില്‍ നിന്ന്,' നവീനഭാരതം ഉയിര്‍ത്തെഴുനേല്‍ക്കട്ടെ എന്ന ലേഖനത്തില്‍ സ്വാമിജി എഴുതി. 

English Summary.The Economic Principles of Swami Vivekananda

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com