ഈ സാമ്പത്തിക വർഷത്തെ ആദായ നികുതി പ്ലാനിങ് നടത്താൻ ഇനി അവശേഷിക്കുന്നത് 70 ദിവസങ്ങൾ മാത്രം! 2023 മാർച്ച് 31 ന് മുമ്പായി നടത്തുന്ന നിക്ഷേപങ്ങൾക്കും ചിലവുകൾക്കും മാത്രമാണ് ഈ സാമ്പത്തിക വർഷം ആദായ നികുതി ഇളവ് ലഭിക്കുക. ഇനിയുള്ള രണ്ടര മാസക്കാലം കൊണ്ട് എങ്ങനെയൊക്കെ ഇൻകം ടാക്സ് ലാഭിക്കാം എന്ന് വിശദീകരിക്കുന്ന ഒരു പരമ്പര ആരംഭിക്കുകയാണ്. ഇൻകം ടാക്സ് പ്ലാനിങിന്റെ എല്ലാ വിശദാംശങ്ങളും ലളിതമായി പ്രതിപാദിക്കുന്ന ഈ പരമ്പരയുടെ ആദ്യഭാഗത്ത് ലഭ്യമായ ഇളവുകളെക്കുറിച്ച് വിശദമാക്കാം.
ശമ്പളവരുമാനക്കാരായ ഇടത്തരക്കാർക്ക് ആദായ നികുതി ലാഭിക്കാൻ വളരെ പരിമിതമായ അവസരങ്ങളേ ഉള്ളൂ എന്നതിനാല്‍ അതില്‍ ഒന്നുപോലും പാഴാക്കികളയരുത്. എല്ലാ ഇളവുകളും പ്രയോജനപ്പെടുത്തി നികുതിവിധേയ മൊത്ത വരുമാനം അഞ്ച് ലക്ഷം രൂപയില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കണം. അഞ്ച് ലക്ഷം രൂപയില്‍ കൂടിയാല്‍ 2.5ലക്ഷം രൂപ മുതലുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടി വരുമെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കുക.
ആദായ നികുതി ലാഭിക്കാനുതകുന്ന നിക്ഷേപങ്ങള്‍ ഇതേവരെ ഇല്ലെങ്കിലോ അത്തരം അവസരങ്ങൾ ഏതെങ്കിലും ഇനിയും അവശേഷിക്കുന്നുണ്ടെങ്കിലോ ഇനിയുള്ള 70 ദിവസത്തിനിടയില്‍ അതിന് തയ്യാറെടുക്കണം. അതുപോലെ നികുതി ഇളവ് കിട്ടുന്ന ചിലവിനങ്ങള്‍ ബാക്കിയുണ്ട് എങ്കില്‍ അതും പ്രയോജനപ്പെടുത്തണം. വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ നികുതി ഇളവ് ലഭിക്കുന്ന വായ്പതന്നെ എടുക്കാന്‍ പറ്റുമോ എന്ന സാധ്യതയും പ്രയോജനപ്പെടുത്തണം. ഇവ ഓരോന്നും വിശദമായി പരിശോധിക്കാം.
1. 2022-23 സാമ്പത്തിക വര്‍ഷം നികുതി ഇളവ് കിട്ടുന്ന നിക്ഷേപങ്ങള്‍
പരമാവധി രണ്ട് ലക്ഷം രൂപയ്ക്കുവരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ആദായ നികുതി ഇളവ് ലഭിക്കുക. സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപയ്ക്ക് വരെ ഇളവുണ്ട്. 80 സിക്ക് പുറത്ത് 80 സിസിഡി(1ബി) വകുപ്പു പ്രകാരം 50,000 രൂപവരെയും ആദായി നികതി ഉളവ് ലഭിക്കും. ഈ രണ്ട് ലക്ഷം രൂപയുടെ ഇളവ് ഒരിക്കലും പാഴാക്കികളയരുത്.
80 സി പ്രകാരമുള്ള ഇളവുകൾ

സെക്ഷന്‍ 80 സി പ്രകാരം ഇന്‍ഷുറന്‍സ്, യുലിപ് പോളിസികള്‍, യൂണിറ്റ് ലിങ്ക്ഡ് മ്യൂച്വല്‍ ഫണ്ടുകള്‍, സീനിയര്‍ സിറ്റിസണ്‍സ് സേവിങ് സ്‌കീമുകള്‍, ടാകസ് സേവിങ് ഫിക്‌സഡ് ഡിപ്പോസിറ്റ്, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, എംപ്ലോയി പ്രോവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധിയോജന, എന്‍.പി.എസ് തുടങ്ങിയവയിലെ 1.5 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് സെക്ഷന്‍ 80 സി പ്രകാരമുള്ള നികുതിയിളവ്. 80 സിയില്‍ പെട്ട ചിലവുകളും ഇതേവരെ നടത്തിയ നിക്ഷേപവും 1.5 ലക്ഷം ആയിട്ടില്ലെങ്കില്‍ പുതുതായി നടത്തേണ്ട നിക്ഷേപം ഏതൊക്കെയന്ന് തീരുമാനിക്കണം.
2. വകുപ്പ് 80 സിക്ക് പുറത്തുള്ള നിക്ഷേപ സാധ്യത
നിങ്ങള്‍ ന്യൂ പെന്‍ഷന്‍ സ്‌കീമില്‍ അംഗമാണ് എങ്കില്‍ മാത്രമാണ് ഈ ഇളവ് ലഭിക്കുക. ന്യൂ പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന തുകയ്ക്ക് പുറമെ അധികമായി നടത്തുന്ന 50,000 രൂപയ്ക്ക് വരെയാണ് ഇളവ് ലഭിക്കുക. ന്യൂപെന്‍ഷന്‍ സ്‌കീമീല്‍ ഇതേവരെ അംഗമായിട്ടില്ലെങ്കില്‍ നികുതി ഇളവ് നേടണമെങ്കില്‍ പുതുതായി ചേരുക.
3. നികുതി ഇളവ് ലഭിക്കുന്ന വായ്പകള്‍
വിദ്യാഭ്യാസ വായ്പ, ഇലക്ട്രിക് വാഹന വായ്പ, ഭവന വായ്പ എന്നിവയ്ക്കാണ് നികുതി ഇളവ് ഉള്ളത്. ഈ വായ്പ ഇതേവരെ എടുത്തിട്ടില്ല എങ്കിലോ ഇത്തരം ആവശ്യങ്ങള്‍ക്കായി പണം മുടക്കുന്നുണ്ടെങ്കിലോ അത് വായ്പയുടെ സഹായത്തോടെ ആക്കാനുള്ള സാധ്യത പരിശോധിക്കുക. ഭവനവായ്പയ്ക്ക് മാത്രമാണ് അടയ്ക്കുന്ന മുതലിനും പലിശയ്ക്കും ഇളവ്. വിദ്യാഭ്യാസ, ഇലക്ട്രിക് വായ്പകളുടെ പലിശ അടവിന് മാത്രമേ ഇളവുള്ളൂ എന്ന കാര്യം മറക്കരുത്.
4. നികുതി ഇളവ് ലഭിക്കുന്ന ചിലവുകള്‍

കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ശാരീരിക അവശതയുള്ളവരുടെ ചികില്‍സാ ചിലവ്, ഗുരുതര രോഗങ്ങളുള്ളവരുടെ ചികില്‍സാ ചിലവ്, മെഡിക്ലെയിം ഇന്‍ഷുറന്‍സ് പ്രീമിയം അടവ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള സംഭാവന തുടങ്ങിയ ചിലവുകള്‍ക്കാണ് ആദായ നികുതി ഇളവുള്ളത്.
പെട്ടെന്ന് ആദായ നികുതി ലാഭിക്കാനുള്ള കുടുതൽ എളുപ്പ വഴികൾ അടുത്ത ലേഖനത്തിൽ
(പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍.ഇ മെയില്‍ jayakumarkk8@gmail.com)