ADVERTISEMENT

കേള്‍ക്കുന്ന ഊഹാപോഹങ്ങളില്‍ ഒന്നെങ്കിലും ശരിയായാല്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റ് ഇടത്തരക്കാരെ ഞെട്ടിക്കും. ദശാബ്ദങ്ങളായി ഒരു പരിഗണനയ്ക്കും വിധേയമാക്കാതിരുന്ന ആദായ നികുതി ഘടനയില്‍ കാതലായ മാറ്റങ്ങള്‍ ഇത്തവണത്തെ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പിന്നാമ്പുറ സംസാരം. എല്ലാ വര്‍ഷവും ജനുവരി മുതല്‍ മുഴങ്ങിക്കേള്‍ക്കാറുള്ള പ്രതീക്ഷകളുടെ പെരുമ്പറ മുഴക്കമായിരിക്കുമോ ഇതെന്നറിയില്ല. കാരണം ആദായ നികുതിദായകരില്‍ ഏകദേശം പകുതിയും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഇടത്തരം വിഭാഗത്തില്‍ പെട്ട ശമ്പളവരുമാനക്കാരാണ്. ഒരു ബുദ്ധിമുട്ടുമില്ലാതെ പിരിച്ചെടുക്കാവുന്ന നികുതിയാണ് ആദായ നികുതി. ഇവരില്‍ നിന്ന് പിരിച്ചെടുക്കാനാകാട്ടെ വളരെ എളുപ്പവുമാണ്. സാധുക്കളാണ്. ഒന്ന്് പേടിപ്പിക്കുക പോലും വേണ്ട. അതുകൊണ്ട് തന്നെ ഇവര്‍ക്കിളവ് കിട്ടുന്ന കാര്യം നടന്നുകഴിഞ്ഞാല്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ.

കേള്‍ക്കാന്‍ സുഖമുള്ള പ്രതീക്ഷ വാര്‍ത്തകള്‍ ഇനിപറയുന്നവയാണ്. ഇതൊക്കെ വായിക്കുമ്പോള്‍ കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് ഒരുപാട് കേട്ടിട്ടുണ്ട് എന്ന് കിലുക്കം സിനിമയില്‍ ഇന്നസെന്റ് പറയുന്നതുപോലെ തോന്നിയേക്കാം.

ആദായനികുതി കിഴിവ് പരിധി കൂട്ടൂം

ഇപ്പോള്‍ രണ്ടര ലക്ഷം രൂപമുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി നല്‍കണം. 5 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനം ഉണ്ടാക്കുന്നവര്‍ക്ക് റിബേറ്റിലൂടെ നികുതി നല്‍കുന്നതില്‍ ഇളവ് നല്‍കുന്നുണ്ടെങ്കിലും അടിസ്ഥാന നികുതി സ്ലാബ് ഇപ്പോഴും 2.5 ലക്ഷത്തില്‍ നിന്ന് തുടങ്ങുന്നു. അതാണ് അഞ്ച് ലക്ഷമായി ഉയര്‍ത്തുമെന്ന് പ്രചരിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ 12 വര്‍ഷമായി ഓരോ വര്‍ഷഴും ഉയര്‍ത്തപ്പെടുന്ന പ്രതീക്ഷയാണിത്. ഇത്തവണയെങ്കിലും ഇത് സഫലമാക്കുമെന്ന്് കരുതാം.

സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍ വര്‍ധിപ്പിക്കും

ശമ്പള വരുമാനക്കാര്‍ക്ക് ഇപ്പോള്‍ ആദായ നികുതി വിധേയ വരുമാനത്തില്‍ നിന്ന് നിന്ന് സ്റ്റാന്റേര്‍ഡ് ഡിഡക്ഷനായി 50,000 രൂപ നേരിട്ട് കുറയ്ക്കാം. അത് ഒരു ലക്ഷമാക്കുമെന്നാണ് ഊഹാപോഹം. ഇത് യാഥാര്‍ത്ഥ്യമായാല്‍ അത് വലിയ നേട്ടമാകും.

ഭവന വായ്പാ പലിശിയിളവ് വര്‍ധിപ്പിക്കും

ഭാവന വായ്പയിലെ പലിശ ഇനത്തില്‍ ഇപ്പോള്‍ രണ്ട് ലക്ഷം രൂപവരെയാണ് കിഴിവ്. അത് മൂന്നുലക്ഷമായി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

80 സി ലിമിറ്റ് കൂട്ടും

80 സി പ്രാകാരം 1.5 ലക്ഷം രൂപയ്ക്കുവരെയാണ് ഇളവ്. ഇതില്‍ വിവിധ ചിലവുകളും നിക്ഷേപവും ഉള്‍പ്പെടും. ഈ പരിധി ഇത്തവണ 2 ലക്ഷമാക്കുമെന്നാണ് പ്രതീക്ഷ

പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com

English Summary : Budget Expectations of Salaried Class

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com