ADVERTISEMENT

സംസ്ഥാന ബജറ്റ് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കുമെന്ന കാര്യത്തിൽ രണ്ടുപക്ഷമില്ല. അതേസമയം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയാണ് ബജറ്റ് നിർദ്ദേശങ്ങളിൽ പ്രതിഫലിക്കുന്നത് എന്നു വേണം പറയാൻ.

പെട്രോൾ / സീസൽ വില

പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ കൂട്ടാനുള്ള തീരുമാനം സാധാരണക്കാരന് തിരിച്ചടിയാകും. അപ്രതീക്ഷിതമായ ഇന്ധന വിലവർദ്ധനവ് അവശ്യ സാധനങ്ങളുടെ വില വർദ്ധനയ്ക്ക് കാരണമാകും. ഇത് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും. യാത്രാക്കൂലി വർദ്ധനവ് മറ്റൊരു പ്രഹരമാണ്. സാമൂഹ്യ സുരക്ഷാ ഫണ്ടിന്റെ രൂപീകരണത്തിനു വേണ്ടിയാണ് ഈ സെസ് കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ വർദ്ധനവ് വരുത്തിയില്ലെന്നതും ശ്രദ്ധേയമാണ്.

വാഹനം വാങ്ങാനാകുമോ?

രണ്ടു ലക്ഷം രൂപയിൽ കൂടുതലുള്ള മോട്ടോർ സൈക്കിളുകളുടെ വിലയിൽ 2 ശതമാനം അധിക സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. യുവാക്കൾക്കും മധ്യവർഗത്തിനും ഈ തീരുമാനം നിരാശാജനകമാണ്. കൊറോണയ്ക്കു ശേഷം നല്ല വിഭാഗം  സാധാരണക്കാർ യാത്രയ്ക്കായി ആശ്രയിക്കുന്നത് ഇരു ചക്രവാഹനങ്ങളെയാണെന്ന ഘട്ടത്തിലാണ് ഈ പ്രഹരം.

രണ്ടു വീടുണ്ടെങ്കിൽ പെട്ടു

ഒന്നിലധികം വീടുള്ളവർക്ക് രണ്ടാമത്തെ വീടിന് പ്രത്യേക നികുതി ഏർപ്പെടുത്തും. ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്കും നികുതി ചുമത്തും. ഇതും സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കും.

ഭൂമിയുടെ ന്യായവില കൂടും

വീട് എന്ന സാധാരണക്കാരന്റെ സ്വപ്നത്തിന് കരിനിഴൽ വീഴ്ത്തിക്കൊണ്ട് ഭൂമിയുടെ ന്യായവില കൂടും.  20% മാണ് ഈ ഇനത്തിലെ വർദ്ധനവ്. ജുഡീഷ്യൽ കോർട്ട് ഫീസുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. അതായത് കോടതി വ്യവഹാരങ്ങൾക്ക് ഇനി ചെലവേറും. കെട്ടിട നികുതി അപേക്ഷ, പെർമിറ്റ് എന്നിവയുടെ ഫീസും കൂട്ടാനുള്ള നിർദ്ദേശമുണ്ട്. വൈദ്യുതി തീരുവയിലെ വർദ്ധനവ് വ്യവസായ ഉല്പന്നങ്ങളിൽ ദൃശ്യമാകും. ഈയിടെ വില കൂട്ടിയ വിദേശമദ്യത്തിനു വീണ്ടും വില കൂട്ടിയിട്ടുണ്ട്. 999 രൂപ വിലയുള്ള വിദേശമദ്യത്തിന്റെ കുപ്പി ഒന്നിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ളതിന് 40 രൂപയുമാണ് വർദ്ധിക്കുന്നത്. 

English Summary : Kerala Budget May Affect Common Man's Pocket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com