ADVERTISEMENT

മുതലാളിത്തത്തിനെതിരെ തൊഴിലാളികളെ സംഘടിക്കാൻ ആഹ്വാനം ചെയ്യുന്ന തത്വത്തിലൂന്നിയ കേരള സർക്കാർ ബജറ്റിനെതിരെ പൊതുജന രോഷം ആളിക്കത്തുകയാണ്. പാവപ്പെട്ടവരെ കൂടുതൽ വേട്ടയാടുന്ന നയങ്ങളായിരുന്നു ഇന്നത്തെ കേരള ബജറ്റിൽ മുഴച്ചു നിന്നിരുന്നത്. ഇന്ധനവില വർധിപ്പിക്കുക എന്ന ഒറ്റ കാര്യം മതി സാധാരണക്കാരന്റെ പോക്കറ്റ് കീറാൻ എന്നുള്ള 'സാമാന്യബോധമാണ്' ഇന്നത്തെ ബജറ്റിനെ ഏറ്റവും വെറുക്കുന്നതാക്കിയത്.

ഇന്ധന വില വർദ്ധനവ് വലയ്ക്കും

ഉപ്പു തൊട്ട് കർപ്പൂരം വരെ എല്ലാത്തിന്റെയും വില കൂട്ടുന്ന ഇന്ധന വില വർദ്ധനവ് സാധാരണക്കാരെ വരും ദിവസങ്ങളിൽ കൂടുതൽ വലക്കും എന്നതിൽ സംശയമില്ല. മദ്യ വരുമാനത്തിന്റെയും നല്ലൊരു പങ്ക് വരുന്നത് സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നുതന്നെയാണ്. അതിനും വില കൂടിയതോടെ കൂലിപ്പണിക്കാരുടെ അടുക്കളകളായിരിക്കും അതിന്റെയും ഭാരം പേറുക. മഹാമാരിയുടെ സമയത്ത് ചോദിക്കാതെ തന്നെ സർക്കാർ ജീവനക്കാരുടെ ശമ്പളം കൂട്ടാൻ ഉദാരത കാണിച്ച സർക്കാരിന് മറ്റു രീതിയിൽ ക്രിയാത്മകമായി സർക്കാരിന്റെ വരുമാനം കൂട്ടാതെ ഇന്ധനത്തിനും, മദ്യത്തിനും വില കൂട്ടി പാവപ്പെട്ടവന്റെ പോക്കറ്റിൽ നിന്നുമെടുത്ത് സർക്കാർ ജീവനക്കാർക്കും, പെൻഷൻക്കാർക്കും വാരിക്കോരി കൊടുക്കാനാണ് കൂടുതൽ ഇഷ്ടമെന്നാണ് കരുതേണ്ടത്.

ആശങ്ക പെരുകുന്നു

മന്ത്രിമാരുടെ ചെലവ് ചുരുക്കാനോ, കൃത്യമായ രീതിയിൽ ജി എസ് ടി പിരിച്ചെടുക്കാനോ തയ്യാറാകാതെ കാടടച്ചു വെടിവെക്കുന്ന ഈ രീതി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നികുതിയേതര വരുമാനങ്ങളിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാതെ വീണ്ടും വീണ്ടും കടമെടുപ്പ് നടത്തി ശമ്പളത്തിനും, പെൻഷൻ കൊടുക്കലിനുമായി മാത്രം ചെലവഴിച്ച്  ഉൽപ്പാദനപരമായ കാര്യങ്ങളെ അവഗണിക്കുന്നത് സംസ്ഥാനത്തിന്റെ കടമെടുപ്പ് ശേഷിയെ തന്നെ ഭാവിയിൽ ബാധിക്കാനിടയുണ്ട്. ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളുടേതുപോലെ വരുമാനമില്ലെങ്കിലും കടമെടുപ്പിൽ അവരോടൊപ്പം നിൽക്കുന്നതും ഒരു ആശങ്കാജനകമായ അവസ്ഥയാണ്.

English Summary : Kerala Budget is Squeezing Poor People

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com