പെട്രോൾ സെസ് പിൻവലിക്കുമോ? പെൻഷൻ ഉറപ്പാക്കുമോ?

HIGHLIGHTS
  • കൂട്ടിയ 2 രൂപ സെസ് ഒരു രൂപയായി കുറയ്ക്കാനുള്ള സാധ്യതയും ഉണ്ട്
petrol-price
SHARE

ബജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ / ഡീസൽ സെസ്സിൽ കടുത്ത പ്രതിഷേധം സംസ്ഥാനമെങ്ങും വ്യാപകമാണ്. ഇത്  ഇടതുമുന്നണി സർക്കാറിന്റെ പ്രതിഛായക്ക് ദോഷം സംഭവിക്കുമെന്ന അഭിപ്രായം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കൂട്ടിയ 2 രൂപ സെസ് ഒരു രൂപയായി കുറയ്ക്കാനുള്ള സാധ്യതയും ഉണ്ട്.

ബജറ്റിൽ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വർദ്ധിപ്പിച്ചില്ലന്ന ആക്ഷേപവും വ്യാപകമാണ്. സർക്കാറിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ധനമന്ത്രി ഇന്ധനസെസ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ കടമെടുപ്പുപരിധി 2700 കോടി രൂപ വെട്ടിക്കറച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാറിന്റെ കത്ത് ബജറ്റിന്റെ തലേദിവസമാണ് കേരള സർക്കാറിനു ലഭിക്കുന്നത്. ഇതോടെ ഭാവിയിൽ സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ വിതരണം മുടങ്ങുമെന്ന അവസ്ഥയായി. ഈ പ്രതിസന്ധി തരണം ചെയ്ത് പെൻഷൻ വിതരണം ഉറപ്പാക്കാനാണ് പെട്രോൾ / ഡീസൽ വിലയിൽ ലിറ്ററിന് 2 രൂപ അധിക സെസ് ഏർപ്പെടുത്തേണ്ടി വന്നത് എന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി അറിയിച്ചിരുന്നു

സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട്

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നൽകുന്നതിനായി സർക്കാർ രൂപീകരിച്ചിട്ടുള്ള കമ്പനിയാണ് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് . പെൻഷൻ സുഗമമായി വിതരണം ചെയ്യാൻ കമ്പനി നടത്തുന്ന താല്ക്കാലിക കടമെടുപ്പ് സർക്കാറിന്റെ പൊതുകടമായി കേന്ദ്ര സർക്കാർ കണക്കാക്കിയതോടെ കടമെടുപ്പു പരിധിയിൽ കുറവുണ്ടായി. ഈ പശ്ചാത്തലത്തിൽ പെൻഷൻ വിതരണം മുടങ്ങാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിലേക്കുള്ള ധനസമാഹരണത്തിനായാണ് പെട്രോളിനും ഡീസലിനും സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയത്.

അനർഹരെ ഒഴിവാക്കും

നിരവധി പേർ അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്നുണ്ടെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ. അനർഹരെ ഒഴിവാക്കി ദുരുപയോഗം തടഞ്ഞ് പദ്ധതി കൂടുതൽ ശക്തമാക്കി മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതിന്റെ മുന്നോടിയായി പെൻഷൻ ഗുണഭോക്താക്കളോട് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 28 നകം സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ പെൻഷൻ റദ്ദാക്കും. ഒരു ലക്ഷത്തിൽ കൂടുതൽ കുടുംബ വാർഷിക വരുമാനമുള്ളവരെ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. ഇതിലൂടെ 5 ലക്ഷം പേരെങ്കിലും ഒഴിവാകുമെന്നാണ് ധന വകുപ്പിന്റെ കണക്കുകൂട്ടൽ.

രണ്ടു മാസത്തെ കുടിശിക

സംസ്ഥാനത്ത് 50.66 ലക്ഷം പേർക്കാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകി വരുന്നത്. സ്വന്തമായി വരുമാനമില്ലാത്ത ക്ഷേമനിധി ബോർഡുകളിലെ 6.73 ലക്ഷം അംഗങ്ങൾക്കും വരുമാനമുള്ള ക്ഷേമനിധി ബോർഡുകളിലെ 4.28 ലക്ഷം പേർക്കും ക്ഷേമ പെൻഷൻ നൽകുന്നുണ്ട്. ഇത്തരത്തിൽ ഏകദേശം 62 ലക്ഷം പേരാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളായുള്ളത്. നിലവിൽ പ്രതിമാസം 1600 രൂപ നിരക്കിലാണ് പെൻഷൻ നൽകി വരുന്നത്. ഇതു ഘട്ടംഘട്ടമായി 2500 രൂപയിലേക്ക് ഉയർത്തുമെന്ന് ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. പ്രതിമാസം 800 കോടി രൂപയാണ് പെൻഷൻ നൽകുന്നതിനായി സർക്കാറിനു വേണ്ടി വരുന്നത്. നിലവിൽ ഡിസംബർ , ജനുവരി മാസങ്ങളിലെ പെൻഷൻ കുടിശികയാണ്. 

English Summary : How Kerala Government will Manage the Social Security Pension 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS