ADVERTISEMENT

അധിക നികുതി ലാഭത്തിന് കുറച്ചു പണം ചെലവഴിക്കാം. ഇരട്ടി ലാഭിക്കാം. അതിനുള്ള എളുപ്പ വഴി മെഡിക്ലെയിം പോളിസി എടുക്കുകയാണ്. പോളിസി നിലവിൽ ഉള്ളയാളാണ് എങ്കിൽ പ്രീമിയം വർധിക്കുന്ന വിധത്തിൽ കവറേജ് തുക വർധിപ്പിക്കുക. മെഡിക്ലെയിം പോളിസി എടുത്താല്‍ 1.5 ലക്ഷം രൂപവരെ ആദായ നികുതി ഇളവ് നേടാം. കുറച്ചു പണം ചലവഴിച്ച് അധിക ആനുകൂല്യം നേടുക എന്നതാണ് ഇടത്തരം ശമ്പള വരുമാനക്കാർക്ക് മുന്നിലുള്ള വഴി. 

∙നികുതി ആനുകൂല്യം നേടാന്‍ പണം ചിലവഴിക്കാന്‍ തയ്യാറാണെങ്കില്‍ ഏറ്റവും മികച്ച അവസരം മെഡിക്ലെയിം ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേരുക എന്നതാണ്.

∙നിങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും മെഡിക്ലെയിം ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെങ്കിൽ അത് നേടിയെടുക്കാനുള്ള ഈ സാമ്പത്തിക വര്‍ഷത്തെ അവസാന അവസരം കൂടിയാണിത്. 

∙നിലവിൽ മെഡിക്ലെയിം ഉള്ളവര്‍ക്ക് പോളിസി കവറേജ് തുക വര്‍ധിപ്പിച്ച് അധിക ആദായ നികുതി ആനുകൂല്യം നേടി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം.

മെഡിക്ലെയിം പോളിസി പ്രീമിയത്തിനുള്ള നികുതി ഇളവ്

നിങ്ങളുടെ പേരില്‍ എടുക്കുന്ന മെഡിക്ലെയിം പോളിസിയ്ക്കും മാതാപിതാക്കളുടെ പേരില്‍ എടുക്കുന്ന പോളിസിയ്ക്കുമുള്ള പ്രീമിയം അടവിന് ആദായ നികുതി ഇളവ് ലഭിക്കും.

ആദ്യം സ്വന്തം പേരില്‍ എടുക്കുന്ന പോളിസി പ്രീമിയത്തില്‍ എത്രമാത്രം നികുതി ഇളവ് ലഭിക്കുമെന്ന് നോക്കാം. നിങ്ങള്‍ 60 വയസില്‍ താഴെ പ്രായമുള്ള വ്യക്തിയാണ് എങ്കില്‍ നിങ്ങളെയും ഭാര്യയേയും കുട്ടികളെയും ഉള്‍പ്പെടുത്തി എടുക്കുന്ന പോളിസിയില്‍   25000 രൂപവരെയുള്ള പ്രീമിയം അടവിന് സമ്പൂര്‍ണ ആദായ നികുതി ഇളവ് ഉണ്ട്. ഇത്രയും തുക വരുമാനത്തില്‍ നിന്ന് സെക്ഷന്‍ 80 ഡി പ്രകാരം കുറയ്ക്കാം. മാതാപിതാക്കളുടെ പ്രായം 60 ല്‍ താഴെ ആണെങ്കില്‍ അവരുടെ പേരില്‍ എടുക്കുന്ന പോളിസി പ്രീമിയത്തിലും 25000 രൂപയുടെ കഴിവ് ലഭിക്കും. അങ്ങനെ മൊത്തം 50,000 രൂപയുടെ കഴിവ് ലഭിക്കും.

ഇനി നിങ്ങള്‍ 60 വയസിന് മുകളില്‍ പ്രായമുള്ള ആളാണ് എങ്കില്‍ നിങ്ങളുടെ പേരില്‍ എടുക്കുന്ന പോളിസിയില്‍ 50,000 രൂപവരെയുള്ള പ്രീമിയം അടവില്‍ ആദായ നികുതി ഇളവ് ലഭിക്കും. 60 വയസിന് മേല്‍ പ്രായമുള്ള നിങ്ങളുടെ മാതാപിതാക്കളുടെ പേരില്‍ മെഡിക്ലെയിം എടുത്താല്‍ 50,000 രൂപവരെ പ്രീമിയം അടവില്‍ നികുതി കിഴിവ് ലഭിക്കും. അങ്ങനെ ഈ ഇനത്തില്‍ ഒരു ലക്ഷം രൂപവരെ ആദായ നികുതി ഇളവ് ലഭിക്കും.

മെഡിക്കല്‍ ചെക്കപ്പ്

പ്രതിവര്‍ഷം മെഡിക്കല്‍ ചെക്കപ്പിനായി മുടക്കുന്ന 5000 രൂപവരെയുള്ള തുകയ്ക്കും ഇളവ് ലഭിക്കും. എന്നാല്‍ അത് മെഡിക്ലെയിം പോളിസി കിഴിവിന്റെ പരിധിക്കുള്ളിലേ ലഭിക്കൂ. അതായത് മെഡിക്ലെയിം പോളിസി പ്രീമിയം കിഴിവായി 25000 രൂപയോ 50,000 രൂപയോ വിനിയോഗിച്ചിട്ടുണ്ട് എങ്കില്‍ മെഡിക്കല്‍ ചെക്കപ്പിനായി മുടക്കിയ തുകയ്ക്കുള്ള കഴിവ് ലഭിക്കില്ല.

(ലേഖകന്‍ പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ്. ഇ മെയ്ല്‍ jayakumarkk8@gmail.com)

English Summary : Income Tax Planning Through Mediclaim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com