ADVERTISEMENT

കേരളത്തിലെ പങ്കാളിത്ത പെൻഷൻ ത്രിപുരയിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമായിരുന്നു. ഈ പശ്ചാത്തലത്തിൽ ഇതു സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി. കോൺഗ്രസും സിപിഎമ്മും യോജിച്ചു മത്സരിക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നതാണ് അവരുടെ വാഗ്ദാനം.  സംസ്ഥാന നേതാക്കൾ തമ്മിൽ തർക്കം കൊഴുക്കുന്നതിനിടെ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി രാജ്നാഥ്സിങ്ങിന്റെ ചോദ്യത്തോടെയാണ് വാദപ്രതിവാദങ്ങൾക്ക് ചൂടുപിടിച്ചത്. കേരളത്തിൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ സർക്കാർ തയ്യാറാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

പിൻവലിച്ചു,പക്ഷേ

പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. ഈയിടെ അധികാരത്തിലെത്തിയ ഹിമാചൽ പ്രദേശ് സർക്കാരാണ് ഏറ്റവുമൊടുവിൽ പിൻവലിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. തങ്ങൾ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഇത് പാർട്ടിയുടെ വിജയത്തിന് സഹായകമായെന്നാണ് വിലയിരുത്തൽ. രാജസ്ഥാൻ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ പദ്ധതി നേരത്തെ പിൻവലിച്ചിരുന്നു. പക്ഷേ ഇവർക്കൊന്നും പെൻഷൻ പദ്ധതിയിലേക്ക് അടച്ച തുക പി.എഫ്.ആർ. ഡി.എ തിരിച്ചു നൽകിയിട്ടില്ല. പെൻഷൻ പദ്ധതിയിൽ ചേർന്നതിനു ശേഷം അടച്ച തുക തിരികെ നൽകാനുള്ള വ്യവസ്ഥയില്ലെന്നാണ് പി.എഫ്. ആർ.ഡി.എയുടെ നിലപാട്.

കേരളത്തിലെ സ്ഥിതി

സംസ്ഥാനത്ത് 2013 മുതലാണ് പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയത്. നിലവിലെ ജീവനക്കാരിൽ ഏകദേശം മൂന്നിൽ ഒന്നുപേർ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു കീഴിലാണ്. പ്രതിമാസ ശമ്പളവും ക്ഷാമബത്തയും അടങ്ങുന്ന തുകയുടെ പത്തു ശതമാനമാണ് ജീവനക്കാർ പെൻഷൻ അക്കൗണ്ടിലേക്ക് നൽകുന്നത്. പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കാനുള്ള സാധ്യതകളെക്കുറിച്ചു പഠിച്ച് റിപ്പോർട്ടു സമർപ്പിക്കാൻ 2018 ൽ ഒരു സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. 2021 ഏപ്രിൽ 30 ന് സമിതി റിപ്പോർട്ടു സമർപ്പിച്ചെങ്കിലും അതു പുറത്തുവിടാൻ സർക്കാർ തയ്യാറായിട്ടില്ല.

തടസം എന്ത്?

പങ്കാളിത്ത പെൻഷൻ ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കാൻ കേരളത്തിനു മുന്നിലുള്ള വെല്ലുവിളികൾ ഏറെയാണ്. പി.എഫ്.ആർ.ഡി.എയിലേക്ക് കൈമാറിയ പണം തിരികെ ലഭിക്കില്ല എന്നുള്ളതാണ് പ്രധാന തടസ്സമായി ചൂണ്ടിക്കാട്ടുന്നത്. പദ്ധതിയിൽ നിന്നു പിന്മാറുമ്പോൾ ജീവനക്കാർ അടച്ച തുക എങ്ങനെ തിരികെ നൽകുമെന്നാണ് സർക്കാർ ആലോചിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സർക്കാറിന് ഇപ്പോഴത്തെ അവസ്ഥയിൽ ഇത് ഭാരിച്ച ബാധ്യതയായി മാറും. പെൻഷൻ പ്രായത്തിൽ മാറ്റം വേണ്ടി വരുമെന്നതാണ് മറ്റൊരു പ്രശ്നം. പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ളവരുടെ വിരമിക്കൽ പ്രായം 60 വയസ്സാണ്. മറ്റുള്ളവരുടേത് 56 ഉം. പെൻഷൻ പ്രായത്തിൽ ഏകീകരണം കൊണ്ടു വരികയെന്നതും ബുദ്ധിമുട്ടാകും. ഇതിനിടെ പെൻഷൻ പറ്റിയ പങ്കാളിത്ത പെൻഷൻകാർക്ക് എങ്ങനെ ആനുകൂല്യങ്ങൾ നൽകുമെന്ന മറ്റൊരു ചോദ്യവുമുണ്ട്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ പെട്ടെന്നൊരു തീരുമാനം സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല. സമിതിയുടെ പഠന റിപ്പോർട്ട് സർക്കാറിന്റെ പരിഗണനയിലാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിന്  നിയമതടസ്സമില്ലെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 

English Summary : Kerala Government and Contributory Pension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com