സാമ്പത്താകാസൂത്രണം എന്ന് കേള്‍ക്കുമ്പോള്‍ പലർക്കും ചിരി വരും. നമ്മുടെ ഇന്നസെന്‍റ് കിലുക്കത്തില്‍ പറഞ്ഞതു പോലെ, കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് എന്ന വാചകം ഓർമ വരും. എല്ലാ പുതുവർഷത്തിലും സാമ്പത്തിക വർഷാരംഭത്തിലും എടുക്കുന്ന പ്രതിജ്ഞ പോലെ എത്ര മനോഹരമായ നടക്കാത്ത കാര്യം. സാധാരണക്കാരെ സംബന്ധിച്ച് ആദ്യത്തെ ആവേശത്തില്‍ എല്ലാം ശരിയാക്കണമെന്നുദ്ദേശിച്ച് പ്ലാനിങ് നടത്തി വയ്ക്കും. ആദ്യ മാസത്തില്‍ ഉഷാറായിരിക്കും. തകർക്കണമെന്നൊക്കെ കരുതും.
പിന്നീട്, പുതിയ അധ്യയനവർഷം തുടുങ്ങുമ്പോള്‍ മക്കളുടെ അഡ്മിഷന് ഒരധികച്ചെലവ്, അവിചാരിതമായി ഒരു ചെറുകിട ആശുപത്രിക്കേസ് (ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ പറയുകയും വേണ്ട), വീടിന്‍റെ പെയ്ന്‍ടി, കാറിന്‍റെ ടയർ മാറ്റം അല്ലെങ്കില്‍ സർവീസ്, അടുക്കളയിലെ ചെറിയ അറ്റകുറ്റ പണി, ഇതിലൊരെണ്ണം മതിയല്ലോ പ്ളാനിങിന്‍റെ ഗ്യാസ് തീരാന്‍. അതോടെ സാമ്പത്തിക സ്വയംപര്യാപ്ത ഉള്‍പ്പെടെയുള്ള വലിയ ലക്ഷ്യങ്ങളിലേക്കുള്ള ആദ്യ ചുവടുകള്‍ തന്നെ തെറ്റിപ്പോവും.
പക്ഷേ, ഇതെല്ലാം ശരിയായിട്ട് നിങ്ങള്‍ പ്ളാനിങ് നടത്താനിരിക്കുകയാണോ. എല്ലാം ശരിയാവും, പക്ഷേ, അപ്പോഴേക്കും നമ്മുടെ ബക്കറ്റ് ലിസ്റ്റിലെ പ്രയോറിറ്റികള്‍ മാറിയിട്ടുണ്ടാവും.

തുടങ്ങാം, ലളിതമായി
അതുകൊണ്ട്, ലളിതമായ രീതിയില്‍ എളിയ പണം കൊണ്ടെങ്കിലും നമ്മുക്കത് തുടങ്ങി വയ്ക്കാം. നികുതിഭാരത്തില്‍ നിന്നു ഇളവു ലഭിക്കാന്‍ അന്നേരം തോന്നുന്ന ധനകാര്യസേവനങ്ങളുടെയടുത്തേക്ക് പോവുന്നതാണ് പലർക്കും ഫിനാന്‍ഷ്യല്‍ പ്ളാനിങ്. അതങ്ങനെയല്ല. കുറച്ചുകൂടി ഗൗരവം കൊടുക്കണം. യുക്തിസഹമായ സമീപനവും ശാസ്ത്രീയമായ അടിത്തറയും ഈ പ്ളാനിങിന്‍റെ പിന്നിലുണ്ടാവണം. അത് നിങ്ങളെക്കൊണ്ട് പറ്റുന്നില്ലെന്ന് തോന്നുകയാണെങ്കില്‍ സർട്ടിഫൈഡ് പ്ളാനറെ കളത്തിലിറക്കണം. അവനവന്‍റെ വരുമാനം മനസിലാക്കി നല്ലൊരു ഫിനാന്‍ഷ്യല്‍ പ്ളാനിങ് ചെയ്തു തരുന്ന സർട്ടിഫൈഡ് പ്ളാനർക്ക് ഫീസ് കൊടുക്കാന്‍ മടി കാണിക്കേണ്ടതില്ല.
ദീർഘകാല ലക്ഷ്യം തന്നെയാണ് ഏതൊരു ഫിനാന്‍ഷ്യല്‍ പ്ളാനിങ്ങിന്‍റെയും അടിസ്ഥാനം. എല്ലാ മുട്ടയും ഒരു കൂടയില്‍ ഇടരുത്, അത്യാവശ്യചെലവുകള്‍ക്കുള്ള പൈസ സേവിങ്സിലിട്ട് ബാക്കി കൊണ്ടു വേണം ഈ പണിക്കിറങ്ങാന്‍ തുടങ്ങിയ നടപ്പു ശീലങ്ങളൊക്കെ അങ്ങനെതന്നെ പാലിക്കാം. പക്ഷേ, ഈ കാലഘട്ടത്തില്‍ മക്കളുടെ വിദ്യാഭ്യാസം തന്നെയാണ് മിക്കവാറും എല്ലാ പേരും ഈ ലിസ്റ്റില്‍ പ്രാമുഖ്യം കൊടുക്കുക. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വരുമ്പോള്‍ ലോണിനെ ആശ്രിയിക്കാതിരിക്കാന്‍ കഴിഞ്ഞാല്‍ അതു ഗംഭീരമാവും. (കൂടുതല്‍ പഠിക്കേണ്ടവർക്ക്, ഡിസംബറിലെ വാല്യു റിസർച്ചിന്‍റെ മ്യൂച്വല്‍ ഫണ്ട് ഇന്‍സൈറ്റ് നോക്കാവുന്നതാണ്)
∙ വരവും ചെലവും തമ്മിലുള്ള അന്തർധാര സജീവമായതുകൊണ്ട് എവിടെയാണ് ചെലവ് കൂടുന്നത് എന്ന് നല്ലൊരു ധാരണ ഉണ്ടാക്കണം. കറണ്ട് ചാർജ്, ആഢംബരം, വാടക എന്നിവയൊക്കെയാണ് സാധാരണഗതിയില്‍ പണമൂറ്റുന്നത്. വാടകക്കാരെ സംബന്ധിച്ച് ആ തുക ബാങ്കിനുള്ള ഇ.എം.ഐ ആക്കി മാറ്റാനാവുമോയെന്ന ചിന്ത നല്ലതാണ്. ചില സാഹചര്യങ്ങളില്‍ ആഞ്ഞുപിടിച്ചാല്‍ അതും നടത്തിയെടുക്കാനാവും. ഉദാഹരണത്തിന്, കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം ജോലിയുള്ള പശ്ചാത്തലത്തില്‍ ജോലിയില്ലാത്ത ആളിന് ജോലി ലഭിച്ചാല്‍ വീടെന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് ഒരു ചുവടു കൂടി വയ്ക്കാം.

കറണ്ട് ബില്ലിന്‍റെ കാര്യത്തില്‍ കുട്ടികള്‍ക്കും ബോധവല്‍ക്കരണം നല്‍കാം. പലചരക്ക് സാധനങ്ങളില്‍ ബള്‍ക്ക് പർച്ചേസ് നടത്താം. അരി നമ്മുക്ക് തന്നെ പൊടിപ്പിക്കാം. യേസ്, ഇത്തിരി പണിയെടുക്കേണ്ടി വരും.
∙ നിങ്ങളുടെ ബജറ്റ് നിങ്ങള്‍ക്കേ അറിയൂ. കടം കൊടുക്കേണ്ട സാഹചര്യമുണ്ടായാല്‍ ചെറിയ തുകകളിലേക്ക് അതു ചുരുക്കുക. നമ്മള്‍ കടം വാങ്ങേണ്ട സാഹചര്യമുണ്ടായാലും അതും ചെറിയ തുകകളിലേക്ക് ഒതുങ്ങട്ടെ.
∙ ഒരു കാരണവശാലും പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വട്ടിപ്പലിശക്കാരില്‍ നിന്നും പണം വാങ്ങരുത്. മനുഷ്യന്‍റെ നിസഹായാവസ്ഥ, ഉദാഹരണത്തിന് ഹോസ്പിറ്റല്‍ എമർജന്‍സിയൊക്കെ വരുമ്പോഴാണ് ഇതില്‍ കുടുങ്ങുന്നത്. ഓണ്‍ലൈനിലെ ഇന്‍സ്റ്റാ ലോണുകാരുടെ കയ്യില്‍ പെട്ടെന്ന് ആരോപണമുള്ള ആത്മഹത്യകള്‍ നമ്മുടെ ചുറ്റുവട്ടത്ത്, ഈ കേരളത്തില്‍ തന്നെയാണ് നടന്നത്.
∙ ലോണ്‍ എടുക്കേണ്ട സാഹചര്യമുണ്ടായാല്‍ പൊതുമേഖലാ ബാങ്കുകളെ ആശ്രയിക്കുക.

നിക്ഷേപം എങ്ങനെ വേണം
കേരളത്തിലുള്ളവരോട് ഭൂമി, സ്വർണം എന്നിവയുടെ കാര്യം പ്രത്യേകം പറയേണ്ട. ഓഹരിവിപണിയില്‍ നിന്ന് ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ETF) ആയി ഏറ്റവും ചെറിയ തൂക്കത്തില്‍ സ്വർണം വാങ്ങാം, വില്‍ക്കാം.
ഇതിനു പുറമേ, സ്വർണത്തിന്‍റെ കാര്യത്തില്‍ ഗോള്‍ഡ് റസീറ്റ് ഇപ്പോള്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് അവതരിപ്പിച്ചിട്ടുണ്ട്. 22 ഉം 24 ഉം കാരറ്റിന്‍റെ ഹൈ ക്വാളിറ്റി സർട്ടിഫൈയ്ഡ് സ്വർണമാണിത്. സ്റ്റോക്ക് മാർക്കറ്റില്‍ ഓഹരികള്‍ വാങ്ങുന്നതു പോലെ തന്നെ ഇ.ജി.ആറുകളും വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. സ്വർണത്തിന്‍റെ രൂപത്തില്‍ തന്നെ ഒരു ഗ്രാം, പത്തു ഗ്രാം, 100 ഗ്രാം എന്നിങ്ങനെ പത്തിന്‍റെ ഗുണിതങ്ങളായി വാങ്ങാം.
ഗോള്‍ഡ് ഇ.ടി.എഫ് യൂണിറ്റുകള്‍ വില്‍ക്കുമ്പോള്‍ പണമാണ് തിരികെ ലഭിക്കുന്നത്. എന്നാല്‍, ഗോള്‍ഡ് ഇ.ജി.ആറില്‍ സ്വർണം ഡിജിറ്റലായി സൂക്ഷിക്കുന്നുവെന്നത് ശരിയാണെങ്കിലും ഇത് സ്വർണമായിത്തന്നെ തിരിച്ചെടുക്കാം. ഇനി പണമാണ് ആവശ്യമെങ്കില്‍ അങ്ങനെയുമെടുക്കാം. നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഇ.ടി.എഫിനെക്കാള്‍ റിട്ടേണ്‍ ഇ.ജി.ആറിന് ലഭിക്കുമെന്ന കാര്യം മനസ്സില്‍ വയ്ക്കുക.
ഓഹരിയോടു മുഖം തിരിക്കേണ്ട
ഓഹരിവിപണിയോട് മുഖം തിരിച്ചു നില്‍ക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. വാറന്‍ ബഫറ്റ് മുതല്‍ അദാനി വരെ അതിസമ്പത്ത് സൃഷ്ടിച്ചത് അവരുടെ ഓഹരി വഴിയാണ്. ഓഹരിയുടെ മൂല്യം കൂടുന്നതിന് അനുസരിച്ചാണ് സമ്പത്ത് കൂടുന്നത്. അല്ലാതെ ഭൂമിയോ സ്വർണം വാങ്ങിവച്ചിട്ടോ അല്ല. തട്ടിപ്പുകള്‍ മൂലമാണെന്ന് തോന്നുന്നു പൊതുവെ മലയാളികള്‍ ഈ മേഖലയില്‍ ഇറങ്ങാന്‍ മടിച്ചു നില്‍ക്കുന്നത്. ഡോണ്ട് വറി. സെബി റജിസ്ട്രേഡ് ബ്രോക്കിങ് സ്ഥാപനങ്ങള്‍ ധാരാളം ഉണ്ട് ഇവിടെ. കണ്ടുപിടിക്കുക, നിക്ഷേപിക്കുക. മാസം തോറും ചെറിയ തുക ഇട്ട് ദീർഘകാലത്തേക്ക് നിക്ഷേപിക്കുക. ഒറ്റയടിക്ക് പണം ഇടാനുള്ളവർ അങ്ങനെയും ഇടുക.
സ്റ്റോക്ക് മാർക്കറ്റ് വളരെ നന്നായി ഇടിയുന്ന പക്ഷം, നിങ്ങളുടെ ബ്രോക്കിങ് സ്ഥാപനങ്ങളോട് ആലോചിച്ച് ഫിക്സഡ് ഡിപ്പോസിറ്റ് ഉണ്ടെങ്കില്‍ അതു പൊട്ടിച്ചും മികച്ച ഓഹരിയില്‍ നിക്ഷേപം നടത്താം. പിന്നെ, അടുത്ത മാസം ആവശ്യമുള്ള പണമോ, കടമെടുത്തുള്ള പണമോ വഴി ഇതിനിറങ്ങരുത്. ഉറപ്പായിട്ടും അത് വിപരീത ഫലമുണ്ടാക്കുമെന്ന് എത്രയോ അനുഭവങ്ങള്‍ സാക്ഷ്യം തരുന്നു.
പ്രത്യേകം ഓർക്കുക, യുട്യൂബിലും അല്ലാതെയുമൊക്കെ ധാരാളം ഓഹരികള്‍ നിങ്ങളുടെ മുന്നില്‍ വന്ന് നൃത്തം ചെയ്യും. വീഴരുത്. സെബി സർട്ടിഫൈഡ് റിസർച്ച് അനലിസ്റ്റ് എന്ന് പറയുന്നവരുടെ ഓഹരി മാത്രമേ നോക്കേണ്ടതുള്ളൂ.

നിങ്ങളെ സമ്പന്നനാക്കാൻ
നിങ്ങളെ സമ്പന്നനാക്കാന്‍ ഈ രാജ്യത്തുള്ള ഏഴായിരത്തോളം വരുന്ന ലിസ്റ്റഡ് കമ്പനികളൊന്നും വേണ്ട. ആദ്യം കുറച്ച് പണമേ നിക്ഷേപിക്കുന്നുള്ളൂവെങ്കില്‍ നാല് ഓഹരികള്‍ മതി, അതിന്‍റെ അളവ് കൂട്ടിക്കൊണ്ടേയിരിക്കുക. കൂടുതല്‍ പണം നിക്ഷേപിക്കാന്‍ സാഹചര്യമുണ്ടാവുമ്പോള്‍ അടുത്ത നാല് ഓഹരികളിലേക്ക് വരുക. ഓർക്കുക, നിങ്ങളെ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് നയിക്കാന്‍ പരമാവധി പത്തോ പന്ത്രണ്ടോ കമ്പനികളുടെ ഓഹരികള്‍ മതി. കൂടുതലിലേക്ക് പോവേണ്ട ആവശ്യമില്ല.
∙ബ്രോക്കിങ് സ്ഥാപനത്തിലെ വിദഗ്ധരുടെ സഹായത്തോടെ എസ്.ഐ.പി (SIP) മാതൃകയില്‍ കൃത്യമായി നിക്ഷേപിച്ചു പോവുക. ഓഹരിയുടെ തിരഞ്ഞെടുപ്പ് അവർക്ക് വിട്ടുകൊടുക്കുക.
∙ഓഹരിവിപണിയില്‍ തന്നെയുള്ള മ്യൂച്വല്‍ ഫണ്ടില്‍ നിർബന്ധമായും നിക്ഷേപം വേണം. അത് എസ്.ഐ.പി വഴി മതി. മികച്ച ഫണ്ടുകളില്‍ എസ്.ഐ.പി ചെയ്യുമ്പോള്‍ നഷ്ടസാധ്യത വളരെ കുറവാണ്. ഇത് ചെറിയ കുട്ടികളാണെങ്കില്‍ വളരുന്ന കാലം മുഴുവന്‍ ചെയ്യണം. അവർക്ക് ഉന്നത വിദ്യാഭ്യാസത്തിനു പോവാറാവുമ്പോഴേക്ക് ഈ മ്യൂച്വല്‍ ഫണ്ട് എസ്.ഐ.പി അത്യാവശ്യം പണം തരും.
∙ കുട്ടി 18 വയസായാല്‍ ഉടന്‍ തന്നെ പാന്‍ കാർഡ് എടുത്തു കൊടുക്കണം. ബാങ്കില്‍ അക്കൗണ്ടും ഓഹരിവിപണിയില്‍ പ്രവേശനവും ഉടനെ തന്നെ നടത്തിക്കൊടുക്കണം. ചെറിയ തുകയായിട്ട് ആ കുട്ടി സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് ചെറുചുവടുകള്‍ വയ്ക്കട്ടെ. നമ്മുക്ക് പറ്റാതിരുന്നത് അവർക്ക് ലഭിക്കട്ടെ.
അപ്പോള്‍ ചെറുതായിയൊന്ന് ശ്രമിച്ചു നോക്കുക. ഇനി ഇതിലെ വലിയ കാര്യങ്ങളൊന്നും പറ്റിയില്ലെങ്കില്‍ പോലും മ്യൂച്വല്‍ ഫണ്ടിലെ മാസം തോറുമുള്ള എസ്.ഐ.പി (1000 രൂപ മുതല്‍ മുകളിലേക്ക് ചെയ്യാം) ചെയ്യാന്‍ ആരും മടി കാണിക്കരുത്. അത് പവർ ഓഫ് കോംപൌണ്ടിങിന്‍റെ ഏറ്റവും വലിയ ഉദാഹരണമായിരിക്കും.
English Summary : Start Your Financial Planning Today