ADVERTISEMENT

പുതിയ സ്ഥലത്തേക്കു ഞാന്‍ സ്ഥലം മാറിയെത്തിയപ്പോള്‍ എല്ലാറ്റിനും കൂട്ടായുണ്ടായിരുന്നതു വിപിനാണ്. പിന്നെപ്പിന്നെ വിളിച്ചാല്‍ ഓരോ സമയം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാകും. ഒരു ദിവസം ഞാന്‍  അവന്റെ ഓഫിസില്‍ ചെന്നു വിളിച്ചിറക്കി കാര്യം ചോദിച്ചു. ‘സ്വയം ഉള്‍വലിഞ്ഞ്, സുഹൃത്തുക്കളെ ഒഴിവാക്കുന്നത് എന്തുകൊണ്ടാണ്?’ ഒന്നു പരുങ്ങിയെങ്കിലും ഒടുവില്‍ കാര്യം പറഞ്ഞു. സാമ്പത്തിക ഞെരുക്കം തന്നെ കാരണം. നിന്നോടെങ്ങനെ പറയുമെന്ന വിമ്മിഷ്ടമായിരുന്നു.

 

എന്നോടോ ബാല എന്നു ഞാന്‍ പറഞ്ഞുപോയി. എവിടെച്ചെന്നാലും ആളുകള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നോട് പറയാറുണ്ട്. ആ എന്നോട് ഇതാ ആത്മമിത്രം പറയാന്‍ വിമ്മിഷ്ടപ്പെടുന്നു.

 

‘ഇ.എം.ഐ യുടെ പ്രഷര്‍ ഒരുവശത്ത്. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട്. വലിയൊരു ചിട്ടി ചേര്‍ന്നിട്ടുണ്ട്. കൂടാതെ, സുഹൃത്തിന്റെ വായ്പ മുടങ്ങിയതോടെ ജാമ്യം നിന്ന എന്റെ ശമ്പളത്തില്‍നിന്നു തുക പിടിച്ചുതുടങ്ങി. എല്ലാംകൂടി മാസാവസാനം ചക്രശ്വാസം വലിക്കുകയാണ്. കുടുംബവുമായി യാത്രപോയിട്ടോ വസ്ത്രങ്ങള്‍ വാങ്ങിക്കൊടുത്തിട്ടോ നാളുകളായി...’

 

അപ്പോള്‍ അതാണ് പ്രശ്‌നം. കാഷ് ഫ്ലോ.  ചെലവുകളെയും നിക്ഷേപങ്ങളെയും ചോദിച്ചറിഞ്ഞു. അത്യാവശ്യം നന്നായി സമ്പാദിക്കുന്നുണ്ട്. അനാവശ്യ ചെലവുകളുമില്ല. എന്നിട്ടും കാഷ് ഫ്ലോ പ്രശ്‌നം.

 

അധിക സമ്പാദ്യമാണ് ഇവിടെ പ്രശ്‌നം. പെട്ടെന്ന് കോടീശ്വരനാകാൻ കിട്ടുന്നതിന്റെ 95% സമ്പാദിക്കുക. ബാക്കി 5%കൊണ്ട് ജീവിക്കുക എന്നതാണ് മനോഭാവം. ‘അതിനെ ജീവിതമെന്നു വിളിക്കാനാകില്ല. ജീവിക്കാനായി സമ്പാദിക്കുക. സമ്പാദിക്കാന്‍ വേണ്ടി ജീവിക്കരുത്.’ ഞാന്‍ പറഞ്ഞു. ഭാവിലക്ഷ്യത്തിനായി ഇന്നേ സമ്പാദിച്ച് നിക്ഷേപിക്കണമെന്നു എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന നീയാണോ ഇതു പറയുന്നത്? വിപിൻ ചൂടായി.

 

അതൊക്കെ അങ്ങനെതന്നെ വേണം. പക്ഷേ, സന്തോഷിക്കാനുള്ള അവസരങ്ങൾ തല്ലിക്കെടുത്തിയല്ല സമ്പാദിക്കേണ്ടത്. ജീവിതം ഒന്നേയുള്ളൂ. അത് ആസ്വദിക്കണം. പിശുക്കല്ല സമ്പാദ്യം. ഞെരുങ്ങി ജീവിച്ചു സമ്പാദിച്ചിട്ട് എന്നാണു പിന്നെ നന്നായി ജീവിക്കുക? മാസം ജീവിക്കാനുള്ള കാഷ് ഫ്ലോ ഉണ്ടാക്കണം.’ ഞാൻ പറഞ്ഞു.  

 

‘അതിനു സമ്പാദ്യം കുറയ്ക്കണോ?’ ചൂടു തന്നെ.

ഇപ്പോള്‍ മാസം എത്ര രൂപ കിട്ടിയാല്‍ ഞെരുക്കമില്ലാതെ ജീവിക്കാമെന്ന് നോക്കുക. അത് അധികമായി ഉണ്ടാക്കാൻ നോക്കണം. ‘അധിക വരുമാനമോ? അതൊന്നും നടക്കില്ല.’

‘എങ്കിൽ ഇഎംഐ ബാധ്യത കുറയ്ക്കുക.’

‘ഈ അവസ്ഥയിൽ അതെങ്ങനെ സാധിക്കും?’ ‘ഏതെങ്കിലും ഒരു വായ്പ തിരിച്ചടയ്ക്കുക.’  

‘അതിനു പണം എവിടെ?’  

‘ഏതെങ്കിലും സ്ഥിരനിക്ഷേപം പൊട്ടിക്ക്,   അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടില്‍നിന്ന് എടുക്ക്.’  

അതൊക്കെ പാപമല്ലേ എന്ന മട്ടില്‍ സുഹൃത്ത് എന്നെ സൂക്ഷിച്ചുനോക്കി. ‘ജീവിതം ആസ്വദിക്കൂ. നിങ്ങള്‍ ഹാപ്പിയായി ആരോഗ്യത്തോടെ ഇരുന്നാലല്ലേ സമ്പാദിക്കാന്‍ കഴിയൂ’ എന്നു പറഞ്ഞ് ഞാന്‍ അയാള്‍ക്കായി ഓര്‍ഡര്‍ ചെയ്ത ഡെസേര്‍ട്ട് നീട്ടി.

നാലു മാസമായി ഇത്തരത്തിലൊന്നു കഴിച്ചിട്ട് എന്നു പറഞ്ഞ് അയാള്‍ ചിരിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com