ADVERTISEMENT

സിംബാബ്‌വെ കേന്ദ്രബാങ്ക് സ്വർണത്തിന്റെ പിന്‍ബലത്തിലുള്ള ഡിജിറ്റൽ കറൻസി ഇറക്കി. സ്വർണശേഖരത്തിന്റെ പിന്തുണയുള്ള "ടോക്കണുകൾ" വ്യക്തികൾക്കും ബിസിനസു സംരംഭങ്ങൾക്കും പണമിടപാടുകൾക്കായി ഉപയോഗിക്കാം. 

ഡിജിറ്റൽ കറൻസി 

തെക്കൻ ആഫ്രിക്കൻ രാഷ്ട്രത്തിൽ വർഷങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ  മൂല്യത്തകർച്ച നേരിടുന്ന സിംബാബ്‌വെയുടെ ദേശീയ കറൻസിയുടെ മൂല്യം ഉയർത്തുകയാണ് ലക്‌ഷ്യം. ബഹാമാസ്, ജമൈക്ക, നൈജീരിയ എന്നി രാജ്യങ്ങളും അവരുടെ കേന്ദ്ര ബാങ്കുകളുടെ പിന്തുണയുള്ള ഡിജിറ്റൽ കറൻസികൾ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കയും യൂറോപ്യൻ യൂണിയനും ചൈനയും യുകെയും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ ട്രയൽ റണ്ണുകൾ നടത്തുകയാണ്.

എങ്ങനെ നടപ്പിലാക്കും?

zimbabwe1

ബാങ്കിന്റെ കൈവശമുള്ള ഭൗതിക സ്വർണം  കൊണ്ടാണ് സിംബാബ്‌വെയിൽ പുതിയ ടോക്കണുകൾ പിന്തുണയ്‌ക്കപ്പെടുന്നത്. മെയ് 8 മുതലാണ് ഇത്  പ്രചാരത്തിൽ വന്നതെന്ന്  റിസർവ് ബാങ്ക് ഓഫ് സിംബാബ്‌വെ ഗവർണർ  പറഞ്ഞു.

ആളുകൾക്ക് ബാങ്കുകൾ വഴി ടോക്കണുകൾ വാങ്ങാനും ബാങ്കുകളുടെ കൈവശമുള്ള ഇ-ഗോൾഡ് വാലറ്റുകൾ അല്ലെങ്കിൽ ഇ-ഗോൾഡ് കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അതിരുകടന്ന പണപ്പെരുപ്പം മൂലം സിംബാബ്‌വെയുടെ നാണയത്തിലുള്ള വിശ്വാസം തീർത്തും  ഇല്ലാതായതോടെയാണ് പുതിയ പരീക്ഷണങ്ങളിലേക്ക് നീങ്ങാൻ സർക്കാർ നിർബന്ധിതമായത്.

സിംബാബ്‌വെയുടെ സാമ്പത്തിക അരാജകത്വം 

1980ൽ സ്വാതന്ത്ര്യത്തിനുശേഷം സിംബാബ്‌വെ സെൻട്രൽ ബാങ്കിന് സമ്പദ് വ്യവസ്ഥക്ക് യോജിച്ച നയങ്ങൾ കൊണ്ടുവരാൻ  കഴിഞ്ഞിരുന്നു. ആ കാലങ്ങളിൽ പണപ്പെരുപ്പം 10 ശതമാനം മുതൽ 20 ശതമാനം വരെ മാത്രമായിരുന്നു. എന്നാൽ 1990കളിൽ സർക്കാർ ഭൂപരിഷ്‌കരണ പരിപാടി കൊണ്ടുവന്നതോടെ സമ്പദ്‌വ്യവസ്ഥ തകരാൻ തുടങ്ങി.

ഭൂപരിഷ്‌കരണ കാലഘട്ടത്തിൽ അവകാശം നിഷേധിക്കപ്പെട്ട ഭൂരിഭാഗം കറുത്ത സിംബാബ്‌വെക്കാർക്ക്  ന്യൂനപക്ഷത്തിൽ നിന്ന് ഭൂമി പുനർവിതരണം ചെയ്തു.എന്നാൽ കാര്യക്ഷമതയില്ലാത്ത പദ്ധതികളും  മുതിർന്ന ഉദ്യോഗസ്ഥരുടെ അഴിമതിയും മൂലം ഇത് പരാജയപ്പെട്ടു. കയറ്റുമതി, വിദേശ നാണയം, തൊഴിലവസരങ്ങൾ എന്നിവയുടെ പ്രധാന സ്രോതസ്സായ കാർഷിക ഉൽപാദനത്തിൽ ഇത് ഗണ്യമായ കുറവുണ്ടാക്കി. ഇതിനെത്തുടർന്ന് സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയോടെ നികുതി വരുമാനത്തിൽ പെട്ടെന്നുള്ള ഇടിവ് രേഖപ്പെടുത്തി. ഇതോടെ പണം അച്ചടിച്ച് ചെലവുകൾ നടത്താൻ സർക്കാർ ശ്രമം തുടങ്ങി. ഈ നീക്കം രാജ്യത്തെ പണപ്പെരുപ്പത്തിന് ആക്കം കൂട്ടി.

inflation

കൈവിട്ടുപോയ പണപ്പെരുപ്പം 

2000 മുതൽ സിംബാബ്‌വെയിൽ അമിതമായ പണപ്പെരുപ്പം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഇത് വീണ്ടും കറൻസി ദുർബലമാകുന്നതിനും പണപ്പെരുപ്പം കൂടുന്നതിനും കാരണമായി. 2009ൽ സിംബാബ്‌വെ ഡോളറിന് പകരം യുഎസ് ഡോളറിന് പകരം വയ്ക്കാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ സിംബാബ്‌വെയിൽ അമേരിക്കൻ ഡോളറിന്റെയും കള്ളപ്പണം ഇറങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു പോയി. 2020 ൽ പണപ്പെരുപ്പം 676 ശതമാനം വരെ ഉയർന്നു. 

അമിത പണപ്പെരുപ്പവും  സിംബാബ്‌വെയിലെ ജനങ്ങൾക്ക് അവരുടെ കറൻസിയിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്തതോടെ ക്രിപ്റ്റോകറൻസികളിലടക്കം ജനങ്ങൾ വിശ്വസിച്ചു തുടങ്ങി.

പുതിയ ഡിജിറ്റൽ കറൻസിയിലൂടെ സിംബാബ്‌വേയിലെ കുത്തഴിഞ്ഞ സാമ്പത്തിക  കാര്യങ്ങൾ ശരിയാകുമെന്നാണ് കരുതുന്നത്. സർക്കാർ ഔദ്യോഗിക പണപ്പെരുപ്പ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് അടക്കം  നിർത്തിവെച്ച സമയങ്ങളിൽ നിന്നും അടക്കും ചിട്ടയുമുള്ള ഒരു സമ്പദ്വ്യവസ്ഥയിലേക്ക് പുതിയ ഡിജിറ്റൽ കറൻസിയിലൂടെ  രാജ്യം എത്തുമെന്ന് അവിടുത്തെ  ജനങ്ങളും സ്വപ്നം കാണുന്നുണ്ട്.

English Summary : Zimbabwe and Its Gold Backed Digital Currency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com