ജാഗ്രത! വീണ്ടും മഹാമാരി വരുന്നു, ലോകം തകർച്ചയിലേക്കോ?
Mail This Article
കോവിഡിന് ശേഷം ലോകം കരകയറി വരുന്ന സമയത്തു തന്നെ വീണ്ടും ഒരു മഹാമാരി വരുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. 'ഡിസീസ് എക്സ്' എന്ന് സൂചിപ്പിക്കുന്ന മഹാമാരി എന്തിൽ നിന്ന്, എങ്ങനെ ഉണ്ടാകുമെന്ന് കൃത്യമായി പ്രവചിക്കാനാകില്ലെങ്കിലും, അത് വീണ്ടും ലോകത്തിന്റെ നടുവൊടിക്കുമെന്ന സൂചനകളാണ് ആരോഗ്യ രംഗത്തെ ശാസ്ത്രജ്ഞന്മാരും നൽകുന്നത്.
ഈ സാധ്യതകളുടെ പശ്ചാത്തലത്തിൽ, എല്ലാത്തരം അടിയന്തര സാഹചര്യങ്ങളെയും നേരിടാനും പ്രതികരിക്കാനും കഴിയുന്ന ഫലപ്രദമായ ആഗോള സംവിധാനങ്ങളുടെ ആവശ്യകത ലോകാരോഗ്യ സംഘടന ഊന്നിപ്പറയുന്നു. "കൂട്ടായ പ്രവർത്തനങ്ങളിലൂടെ അടുത്ത മഹാമാരിയെ നേരിടാൻ ലോകം തയാറായിരിക്കണം. ഭാവിയിലെ ആരോഗ്യ പ്രതിസന്ധികളുടെ വിനാശകരമായ ആഘാതം ലഘൂകരിക്കുന്നതിനുള്ള തയ്യാറെടുപ്പ്, ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ, സഹകരണം എന്നിവയുടെ പ്രാധാന്യത്തിന്റെ ഓർമ്മപ്പെടുത്തലാണ് കോവിഡ്-19 ൽ നിന്ന് പഠിച്ച പാഠങ്ങൾ" ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
ലോക സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിയിട്ട കോവിഡ് മഹാമാരിയുടെ ദുരിതങ്ങൾ പേറുന്ന സാധാരണക്കാരായ ജനങ്ങൾക്ക് പുതിയൊരു രോഗം കൂടി വരുമെന്ന മുന്നറിയിപ്പ് തന്നെ പേടിപ്പെടുത്തുന്നതാണ്. നാളുകളോളം ഉപജീവനം പോലും സാധ്യമല്ലാതിരുന്ന സമയങ്ങളിൽ നിന്നും ലോക സമ്പദ് വ്യവസ്ഥ തിരിച്ചു കയറി തുടങ്ങിയപ്പോൾ തന്നെ റഷ്യ യുക്രെയ്ൻ യുദ്ധവും കൂടി വന്നത് ഇപ്പോൾ ആഗോള മാന്ദ്യത്തിനും കാരണമായിരിക്കുകയാണ്.
English Summary : WHO Warns that New Epidemic is Coming