ADVERTISEMENT

ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ചൈനീസ് ജനസംഖ്യയും ഉയർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ജനസംഖ്യയും. ഏറ്റവും പുതിയ യുഎൻ റിപ്പോർട്ടനുസരിച്ച് 2023ന്റെ മധ്യത്തോടെ ഇന്ത്യ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറും. 

2023 ജനുവരി 17ന് ചൈനയുടെ നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രസ്താവിച്ചത് 2022 ൽ ചൈനീസ് ജനസംഖ്യ തലേവർഷത്തെക്കാൾ 8.5 ലക്ഷം കുറഞ്ഞിരിക്കുന്നുവെന്നാണ്. 1961നു ശേഷം ആദ്യമായാണ് ജനസംഖ്യയിൽ ചൈന കുറവു നേരിടുന്നത്. അന്നു മാവോയുടെ മഹത്തായ കുതിച്ചുചാട്ട (Great Leap Forward) പ്രവർത്തനങ്ങളുടെ പരാജയത്തെത്തുടർന്ന് നാലു വർഷത്തോളം ക്ഷാമത്തിന്റെ പിടിയിലായിരുന്നു ചൈന. ജനസംഖ്യാ വിദഗ്ധരുടെ അഭിപ്രായത്തിൽ ചൈന ഇപ്പോൾ അതിന്റെ ജനസംഖ്യയുടെ മൂർധന്യത്തിലാണെന്നും 2023 ൽത്തന്നെ ഇന്ത്യ ചൈനയെ മറികടന്ന് ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനം കയ്യടക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു. അതു തികച്ചും യാഥാർഥ്യമാകാൻ പോകുകയാണ്.  

china12

ചൈനീസ് ജനസംഖ്യ ചുരുങ്ങുന്നതിന്റെ കാരണങ്ങൾ

ഏക കുട്ടിനയത്തിന്റെ ഫലമായി 1980 കൾ മുതൽ ചൈനയിലെ ജനനനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനു കാരണം ചൈനീസ് ഭരണകൂടം ഏർപ്പെടുത്തിയ നിർബന്ധിത ഗർഭം അലസിപ്പിക്കൽ നടപടികളും ഉയർന്ന ധനപരമായ ശിക്ഷകളുമായിരുന്നു. 400 ദശലക്ഷം ജനനങ്ങൾ ഇത്തരം നടപടികൾ വഴി ഇല്ലാതാക്കാൻ കഴിഞ്ഞുവെന്ന് അധികാരികൾ ഇപ്പോഴും ഊറ്റംകൊള്ളുന്നു. എന്നാൽ വിമർശകർ‌ ഇതിനെ ഊതി വീർപ്പിച്ച ഒരു കണക്കായാണു കാണുന്നത്. സാമ്പത്തികവളർച്ചയും വികസനവും കൈവരിക്കാൻ തുടങ്ങിയതോടെ ഒട്ടുവളരെ രാജ്യങ്ങളിൽ കുടുംബത്തിന്റെ വലുപ്പം ഇത്തരം കഠിനനടപടികൾ കൈക്കൊള്ളാതെതന്നെ കുറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ കർശന നടപടികൾ ചൈനയെ ഒരു വൃദ്ധസമൂഹമായി മാറ്റുന്നതിനാണ് ‘സഹായിക്കുകയെന്നു’ വിലയിരുത്തപ്പെടുന്നു. 

ഏകകുട്ടി നയവും അതു നടപ്പിലാക്കാൻ കൈക്കൊണ്ട കർശനനടപടികളും ഒരു പ്രധാന കാരണമാണെങ്കിൽ ജനസംഖ്യാവളർച്ച കുറയാനുള്ള രണ്ടാമത്തെ കാരണം ചൈനയിലെ യുവത്വം വൈകി വിവാഹം കഴിക്കുന്നതിനും കുറഞ്ഞ കുട്ടികൾ അല്ലെങ്കിൽ കുട്ടികൾ വേണ്ടായെന്ന സമീപനം കൈക്കൊള്ളുന്നതുമാണ്. 2013–2020 കാലത്ത് വിവാഹിതരായ ദമ്പതികളുടെ എണ്ണം 13.46 ദശലക്ഷത്തിൽനിന്ന് 8.14 ദശലക്ഷമായി കുറഞ്ഞു. 1990 നും 2020നും ഇടയിലുള്ള മൂന്നു ദശകങ്ങളിലെ ആദ്യ അച്ഛനമ്മമാരുടെ (First time parents) ശരാശരി പ്രായം 24.1 ൽനിന്ന് 27.5 ആയി ഉയർന്നു. വൈകി വിവാഹം കഴിച്ച് ചെറിയ കുടുംബമായി ജീവിക്കുകയെന്നതിന് പ്രാമുഖ്യം ലഭിക്കുകയും ചെയ്തു. 2022 ൽ ആദ്യമായി ചൈനയിൽ മരണം ജനനത്തെക്കാൾ കൂടുതലായി. 2022 ൽ 9.56 ദശലക്ഷമായിരുന്നു ജനനമെങ്കിൽ മരണം 1.04 കോടിയായിരുന്നു. ഇത് 2021 നെക്കാൾ പത്തു ശതമാനം കുറവായിരുന്നു. പുരുഷന്മാരുടെ എണ്ണം  സ്ത്രീകളുടേതിനെക്കാൾ കൂടുതലായി തുടരുന്നു. 72.2 കോടി പുരുഷന്മാരും 68.96 കോടി സ്ത്രീകളുമാണു ചൈനയിലുള്ളത്. 

china9

സർക്കാർ പ്രതികരണം

ജനസംഖ്യാ കുറവു നേരിടാൻ 2016 ൽ ചൈന ഏകകുട്ടിനയം ഉപേക്ഷിച്ചു. മറ്റു ചില ഇളവുകൾ കൂടി സർക്കാർ പ്രഖ്യാപിച്ചു. ഗ്രാമങ്ങളിൽ‌ ആദ്യകുട്ടി പെൺകുട്ടിയാണെങ്കിൽ മറ്റൊരു കുട്ടിക്കു കൂടി അനുവാദം നൽകി. 2016 ൽത്തന്നെ രണ്ടു കുട്ടിനയം പ്രഖ്യാപിച്ചു. എന്നാൽ ഇതുകൊണ്ടൊന്നും ഉദ്ദേശിച്ച ഫലം ഉണ്ടായില്ല. ചൈനയിൽ ആരോഗ്യ വിദ്യാഭ്യാസച്ചെലവുകൾ വളരെ ഉയർന്നതാണെന്ന് 70 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടതായി ഒരു സർക്കാർ സർവേ കണക്കുകൾ കാണിക്കുന്നു. ഇതു കൂടുതൽ കുട്ടികളുണ്ടാവുന്നതിൽനിന്നു രക്ഷിതാക്കളെ പിന്തിരിപ്പിച്ചു. 

2021–’25 വർഷത്തെ നടപ്പു പഞ്ചവത്സരപദ്ധതിക്കു മുന്നോടിയായി പോളിറ്റ് ബ്യൂറോ ഇക്കാര്യം ചർച്ച ചെയ്തത് വൃദ്ധജനങ്ങളുടെ വർധന നേരിടാൻ മൂന്നു കുട്ടികൾ നയം നടപ്പിലാക്കാൻ തീരുമാനിച്ചു. അതോടൊപ്പം മൂത്ത കുട്ടികളുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക ഉത്തേജന പരിപാടികളും കൊണ്ടുവന്നു. സാമ്പത്തികഘടകങ്ങളായ ഉയർന്ന ആരോഗ്യ വിദ്യാഭ്യാസച്ചെലവുകളെ നേരിടുന്നതിനും തീരുമാനിച്ചു. വളർന്നു പന്തലിച്ചുകൊണ്ടിരുന്ന ഉയർന്ന ചെലവുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൈകാര്യം ചെയ്യാൻ ഭരണകൂടം തയാറായി. 

china1

ആഗോളതലത്തിൽ ദൃശ്യമാവുന്ന ചെറിയ കുടുംബമെന്ന ആശയത്തിന് ചൈനയിലും വലിയ അംഗീകാരം ലഭിച്ചതോടെ ചൈനയുടെ പുതിയ ജനസംഖ്യാനയത്തിന് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടു ചെയ്യപ്പെടുന്നത്. ജപ്പാനെപ്പോലുള്ള രാജ്യങ്ങളിലും ഇതാണു സ്ഥിതി. വലിയ കുടുംബമെന്ന ആശയം ചൈനയിൽ സ്വീകാര്യമല്ലാതായിത്തീർന്നിരിക്കുന്നു. 

ചൈനീസ് സമ്പദ്ഘടനയിൽ ഉണ്ടാക്കുന്ന ആഘാതം

ചൈനയിൽ പതിനാറിനും അൻപത്തൊൻപതിനും ഇടയിൽ പ്രായമുള്ള അധ്വാനശേഷിയുള്ളവരുടെ അംഗസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2022 അവസാനം ഈ പ്രായപരിധിയിൽ വരുന്നവരുടെ എണ്ണം 875 ദശലക്ഷമായിരുന്നു. അതായത് മൊത്തം ജനസംഖ്യയുടെ 62 ശതമാനം. 2010നെക്കാൾ 75 ദശലക്ഷം ആളുകൾ കുറവ്. ചൈനയിൽ അറുപതു വയസ്സിനു മുകളിൽ പ്രായമുള്ളവർ 280 ദശലക്ഷമാണ്. ഇതു മൊത്തം ജനസംഖ്യയുടെ ഇരുപതു ശതമാനം വരും. ചൈനീസ് ഗവൺമെന്റിന്റെ കണക്കുകൂട്ടൽ പ്രകാരം അറുപതു വയസ്സിനു മുകളിലുള്ളവരുടെ ജനസംഖ്യ 2050 ഓടെ മൊത്തം ജനസംഖ്യയുടെ 35 ശതമാനം വരും. ചൈനയിലെ പ്രായമായവർക്കുള്ള നാഷനൽ വർക്കിങ് കമ്മീഷന്റെ കണക്കനുസരിച്ച് 2050 ൽ ജിഡിപിയുടെ 26 ശതമാനം പ്രായമായവരുടെ ആരോഗ്യപരിപാലനത്തിനായി ചെലവഴിക്കേണ്ടി വരുമെന്നാണ്. 2015 ൽ ഇതു വെറും ഏഴു ശതമാനം മാത്രമായിരുന്നു. ഇത് ആശ്രിത ജനതയുടെ എണ്ണം കൂട്ടുകയും ഉൽപാദനത്തെയും സാമ്പത്തികവളർച്ചയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. 

ചുരുങ്ങിക്കൊണ്ടിരിക്കുന്ന അധ്വാനശക്തിയാണ് ചൈനയെ അസ്വസ്ഥമാക്കുന്നത്. ചൈനീസ് അധ്വാനശക്തിയുടെ വലുപ്പം 2011 ൽത്തന്നെ അതിന്റെ പരമാവധിയിൽ എത്തിയിരുന്നു. 925 ദശലക്ഷം പേരാണ് അന്ന് അവിടെ തൊഴിൽശക്തിയിൽ ഉണ്ടായിരുന്നത്. ഗ്രാമീണമേഖലയിൽനിന്നുള്ള അധ്വാനശക്തിയുടെ ഒഴുക്കാണ് മുൻപേതന്നെ ശുഷ്കിക്കാൻ തുടങ്ങിയ ചൈനീസ് ഫാക്ടറികൾക്ക് ഊർജം പകർന്നിരുന്നത്. വേതനം ഉയരാൻ തുടങ്ങിയതോടെ നിർമിത മേഖലയിലെ (Manufacturing sector) ഒട്ടുവളരെ ഫാക്ടറികൾ തെക്കുകിഴക്കൻ ഏഷ്യയിലേക്കും ബംഗ്ലാദേശിലേക്കും നീങ്ങാൻ തുടങ്ങി. ഇ–കൊമേഴ്സ്  ഭീമൻ ജെഡി പോലുള്ള ചൈനീസ് കമ്പനികൾ തൊഴിൽമേഖലയിലെ‍ സ്ഥിതിഗതികൾ മുൻകൂട്ടിക്കണ്ട് അതിനെ നേരിടുന്നതിനായി യന്ത്രവൽക്കരണത്തിൽ (Automation) വൻതോതിൽ മുതൽ മുടക്കാൻ തുടങ്ങി. 

china11

ചൈനീസ് മാധ്യമങ്ങളിൽ ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് വ്യവസായങ്ങൾ നീങ്ങുന്നതിന്റെ ഉൽക്കണ്ഠകൾ പ്രകടിപ്പിക്കുന്ന ലേഖനങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. 2023 ന്റെ പകുതിയോടെ ജനസംഖ്യാനേട്ടംകൊണ്ടും അധ്വാനശക്തികൊണ്ടും ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിത്തീരുകയാണ്. 1980 ലെ ചൈനീസ് അവസ്ഥയിലേക്കാണ് ഇപ്പോൾ ഇന്ത്യ എത്താൻപോകുന്നത്. ഇതു ചൈനയെ അസ്വസ്ഥമാക്കുന്നുണ്ടെങ്കിൽ അതു സ്വാഭാവികം മാത്രം. 

ലേഖകൻ സാമ്പത്തിക വിദഗ്ധനാണ്

English Summary : Concerns About China's Shrinking Population

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com