ADVERTISEMENT

സർവീസിൽ നിന്നു വിരമിച്ചാൽ ആദായനികുതി റിട്ടേൺ നൽകേണ്ടതില്ലെന്നാണ് പല പെൻഷൻകാരുടെയും ധാരണ. പെൻഷനും സ്ഥിരനിക്ഷേപ പലിശയും കൂട്ടിയാലും അഞ്ചു ലക്ഷത്തിനു താഴെ മാത്രമേ വരുമാനമുള്ളൂ. പിന്നെ എന്തിനാണ് ടാക്സ് റിട്ടേൺ സമർപ്പിക്കുന്നത്? അങ്ങനെ തീരുമാനിക്കാൻ വരട്ടെ. ഇപ്പോൾ ടാക്സ് റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ ഭാവിയിൽ വരാവുന്ന വലിയ നികുതി ബാധ്യത ഒഴിവാക്കാനായില്ലെന്നുവരാം.

കിട്ടാനുണ്ട് കുടിശിക

സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശികയിനത്തിൽ വലിയ തുക ലഭിക്കാനുണ്ട്. ജീവനക്കാരുടെ 2019 മുതലുളള ശമ്പള പരിഷ്ക്കരണ കുടിശിക ലഭിച്ചിട്ടില്ല. പെൻഷൻകാർക്ക് പെൻഷൻ പരിഷ്ക്കരണ കുടിശികയുടെ രണ്ടു ഗഡുവും ലഭിക്കാനുണ്ട്.  ഇതിനു പുറമെ ജീവനക്കാർക്കും പെൻഷൻകാർക്കും 2021 മുതലുള്ള ക്ഷാമബത്ത/ ക്ഷാമാശ്വാസ കുടിശിക ഇനത്തിൽ 6 ഗഡുക്കൾ കുടിശ്ശികയാണ്. ഇത് അടിസ്ഥാന ശമ്പളത്തിന്റെ 19% വരും. ഇങ്ങനെ നോക്കിയാൽ ഓരോ ജീവനക്കാരനും/ പെൻഷൻകാരനും പതിനായിരക്കണക്കിനു രൂപയാണ് ലഭിക്കാനുള്ളത്.

കുടിശിക എപ്പോൾ കിട്ടും?

സർക്കാറിന്റെ സാമ്പത്തികനില മെച്ചമാകുന്ന മുറയ്ക്ക് കുടിശിക നൽകുമെന്നാണ് ധനവകുപ്പു വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യമനുസരിച്ച് ഉടനൊന്നും കിട്ടാൻ സാധ്യതയില്ല. അതുകൊണ്ട് അടുത്ത സാമ്പത്തിക വർഷങ്ങളിലേക്ക് കുടിശിക വിതരണം നീണ്ടേക്കാം. 

കുടിശിക കൂട്ടും നികുതി ഭാരം

വരും വർഷങ്ങളിൽ ഈ കുടിശിക സംഖ്യ പണമായോ പ്രൊവിഡന്റ് ഫണ്ട് വഴിയോ ലഭിച്ചാൽ ആ സാമ്പത്തിക വർഷത്തെ മൊത്തം വരുമാനത്തോടുകൂടി പ്രസ്തുത സംഖ്യയും ചേർത്ത് നികുതി നൽകേണ്ടിവരും. എന്നാൽ ഇത്തരം സാഹചര്യത്തിൽ 10 E ഫോറം സമർപ്പിച്ച് അധിക നികുതി ബാധ്യത ഒഴിവാക്കാൻ അവസരമുണ്ട്. അതായത് അതതു വർഷത്തേക്ക് ബാധകമായ കുടിശിക തുക അതതു വർഷത്തെ വരുമാനത്തോടുകൂടി ചേർത്ത് നികുതി കണക്കാക്കി ബാധ്യത കുറയ്ക്കാനാകും.

റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ എന്തു പറ്റും

എന്നാൽ ഏതെങ്കിലും ഒരു  വർഷം നികുതി ബാധ്യത ഇല്ലെന്നതിനാൽ റിട്ടേൺ സമർപ്പിക്കാതിരുന്നാലോ?  ഭാവിയിൽ ആ വർഷത്തേക്ക് ബാധകമായ കുടിശിക തുകയ്ക്കായി 10E നൽകി നികുതിഭാരം കുറയ്ക്കാനാവില്ല. ഫലത്തിൽ കുടിശ്ശിക കിട്ടുന്ന വർഷം വലിയ തുക ആദായനികുതിയായി നൽകേണ്ടി വരും. ഏതു സാമ്പത്തിക വർഷത്തിലേക്കാണോ 10E സമർപ്പിക്കേണ്ടത് ആ വർഷം നികുതി റിട്ടേൺ നൽകിയിരിക്കണം. റിട്ടേൺ നൽകാത്തവർക്ക് ആ വർഷത്തേക്കായി 10 E സമർപ്പിക്കാനാകില്ല. ഫലത്തിൽ കുടിശ്ശിക കിട്ടുന്ന വർഷത്തിൽ മൊത്തം തുകയ്ക്കും നികുതി നൽകേണ്ടി വരും.

ജീവനക്കാർ പൊതുവെ നികുതി റിട്ടേൺ സമർപ്പിക്കുന്നവരാണെങ്കിലും പെൻഷൻകാരിൽ പലരും ഇതു ഗൗരവമായി എടുക്കാറില്ല. ഭാവിയിൽ വരുന്ന നികുതി ബാധ്യത കുറയ്ക്കാൻ അതതു വർഷം കൃത്യമായി റിട്ടേൺ ഫയൽ ചെയ്യണം. ഓർക്കുക, 2023-24 AY ലെ റിട്ടേൺ ഫയൽ ചെയ്യാൻ ശേഷിക്കുന്നത് ഇനി രണ്ടു ദിവസം മാത്രം. അതുകൊണ്ട് ഉടനെ തന്നെ റിട്ടേൺ ഫയൽ ചെയ്യുക.

Emglish Summary: Why Govt Employees And Pensioners Should File Income Tax Return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com