ജോലി കിട്ടിയോ? ഇനി ലൈഫ് ഹാപ്പിയാക്കാനുള്ള ചില വഴികളിതാ

Mail This Article
ഒന്ന് ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാനെന്ന ആ ക്ലാസിക് മോഹൻലാൽ ഡയലോഗിന്റെ ഹാങ് ഓവറിലൊന്നുമല്ല ഇപ്പോഴെത്ത നമ്മുടെ പിള്ളേർ. പഠനത്തിനൊപ്പം തന്നെ പാർട്ട് ടൈം ജോലി ചെയ്യുന്നവർ നിരവധി.
പക്ഷേ ഫുൾ ടൈം ജോലി കിട്ടിയാൽ ആകെ ഒരങ്കലാപ്പാണ്. പെട്ടെന്ന് ഊട്ടിയിലെത്തിയ പോലെ. കണ്ണടച്ച് തുറക്കും മുമ്പ് കാലം കടന്നുപോകും. കയ്യിലാകട്ടെ കാര്യമായിട്ടൊന്നും അപ്പോൾ ഉണ്ടാകുകയുമില്ല. ആദ്യ ജോലിയിൽ പ്രവേശിക്കുമ്പോൾ മുതൽ ചില കൊച്ചു കൊച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിൽ പിന്നീടൊരിക്കലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ല. ജോലി കിട്ടുന്നതോടെ മനസിൽ ഒട്ടേറെ പ്രതീക്ഷകളായിരിക്കും പൂത്തു തുടങ്ങുക.
നിക്ഷേപത്തിന് പറ്റിയ പ്രായം
പഠനത്തിന്റെയും അതിനുശേഷം നല്ല ഒരു ജോലിക്കായുള്ള കാത്തിരിപ്പിന്റെയും മടുപ്പും കഷ്ടപ്പാടും മാറി ഭാവിയെക്കുറിച്ച് ശോഭനമായ സ്വപ്‌നങ്ങള്‍ കാണുന്ന സമയം. കാര്യമായ ബാധ്യതകളൊന്നും ഉണ്ടാകില്ല. മാതാപിതാക്കളോടൊപ്പമായിരിക്കും താമസം. ജോലി ദൂരെയുള്ള സ്ഥലത്താണെങ്കില്‍ സുഹൃത്തുക്കളോടൊപ്പം വാടകവീട്ടിലോ ഹോസ്റ്റലിലോ താമസം. കാര്യമായ ബാധ്യതകളും ഇല്ലായിരിക്കും. വിദ്യാഭ്യാസ വായ്പ എടുത്തിട്ടുള്ളവരാണെങ്കില്‍ അതിന്റെ തിരിച്ചടവ് ഉണ്ടായിരിക്കും. എങ്കിലും കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു ഭാഗവും കയ്യില്‍ മിച്ചമായി ഉണ്ടായിരിക്കും.
ആദ്യ വരുമാനത്തിന്റെ സുഖം
പുതിയ സ്മാര്‍ട്‌ഫോണ്‍, ലാപ്‌ടോപ്, ടാബ്‌ലറ്റ്, പുതുപുത്തന്‍ ബൈക്ക് തുടങ്ങിയവ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടാകും. എന്നാല്‍ മറ്റുചിലര്‍ക്കാകട്ടെ കുടുംബത്തിന്റെ ചില ബാധ്യതകള്‍ ഏറ്റെടുക്കേണ്ടി വന്നേക്കാം. സഹോദരങ്ങളുടെ വിദ്യാഭ്യാസം, സഹോദരിയുടെ വിവാഹം, മാതാപിതാക്കളുടെ ചികില്‍സ തുടങ്ങിയവയ്ക്ക് സാമ്പത്തിക സഹായം ചെയ്യേണ്ടിവന്നേക്കാം. ഇതെല്ലാം മനസില്‍ വെച്ച് മിതമായ വ്യയശീലം ശീലിക്കേണ്ട സമയമാണിത്. ജീവിതം തുടങ്ങുന്നേയുള്ളൂ. ഒരിക്കലും പിശുക്കരുത്. ആദ്യ വരുമാനത്തിന്റെ സുഖം ആസ്വദിച്ചുകൊണ്ടുതന്നെ ഭാവിയിലേക്കുള്ള കരുതലിന് തുടക്കമിടാൻ വഴികളേറെയുണ്ട്.
അതിന് ആദ്യം ഒരു ബക്കറ്റ് ലിസ്റ്റ് ഉണ്ടാക്കുക. മുകളിൽ സൂചിപ്പിച്ച പ്രതിമാസ ബാധ്യതകൾ എത്രയെന്ന് കണക്കാക്കുക. ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ എല്ലാം ലിസ്റ്റ് ചെയ്യുക.
ഇത്രയുമായാൽ ലൈഫിനെ ഹാപ്പി മാക്കാനുള്ള കാര്യങ്ങളിലേക്ക് കടക്കാം.
പിശുക്കാതെ എങ്ങനെ ലൈഫിൽ ത്രില്ലടിക്കാം എന്നതിനെക്കുറിച്ച് അടുത്ത ലേഖനത്തിൽ.
(പെഴ്സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ് ട്രയിനറുമാണ് ലേഖകൻ. ഇ മെയ്ൽ jayakumarkk8@Gmail.com)
English Summary : How to Make Happy Through Financial Planning