വിപണിയിലേക്കൊഴുകുന്നു, പലതുള്ളി പെരുവെള്ളം!
Mail This Article
രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യനിരക്ക് കുറഞ്ഞുവരികയും കടബാധ്യത കൂടിവരികയും ചെയ്യുന്നത് ആശങ്കയ്ക്ക് വഴിവെക്കുമ്പോള്‍ തന്നെ ഒരു ഭാഗത്ത് മ്യൂച്വല്‍ ഫണ്ടുകളുടെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ് ഐ പി) വഴിയുള്ള നിക്ഷേപം വര്‍ധിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരിയ ആശ്വാസത്തിന് വക നല്‍കുന്നു. രാജ്യത്തെ ഒരു ന്യൂനപക്ഷമെങ്കിലും സമ്പാദ്യത്തിലും ദീര്‍ഘകാല നിക്ഷേപത്തിലുമുള്ള തങ്ങളുടെ വിശ്വാസം അചഞ്ചലമായി തുടരുന്നുവെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദേശ സ്ഥാപനങ്ങള്‍ നിക്ഷേപിച്ചതിന് തുല്യമായ തുക ഓഹരി വിപണിയില്‍ എസ്‌ഐപി വഴി ഇന്ത്യക്കാര്‍ നിക്ഷേപിച്ചുവെന്നത് തീര്‍ത്തും ഗുണകരമായ കാര്യമാണ്.
ഓഹരി വിപണിയെ കുറിച്ചുള്ള മതിയായ ബോധവല്‍ക്കരണത്തിന്റെ അഭാവം മൂലം ഈ നിക്ഷേപമാര്‍ഗത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ജനങ്ങളില്‍ ഭൂരിഭാഗത്തിനും കഴിയാതെ പോകുന്നുവെങ്കിലും എസ്‌ഐപി വഴി ദീര്‍ഘകാല നിക്ഷേപം നടത്തുന്നുവരുടെ സംഖ്യ ഓരോ മാസം കഴിയുന്തോറും കൂടിവരുന്നത് ആരോഗ്യകരമായ പ്രവണതയാണ്. പതുക്കെയെങ്കിലും ഓഹരി വിപണിയിലേക്ക് ആകൃഷ്‌ടരാകുന്നവരുടെ സംഖ്യ ഏറിവരികയാണ്. എസ്‌ഐപി അക്കൗണ്ടുകള്‍ വഴി നിക്ഷേപിപ്പെടുന്ന തുകയില്‍ ഗണ്യമായ വര്‍ധനയാണ് സമീപകാലത്തുണ്ടായത്.
സെപ്‌റ്റംബറില്‍ 37 ലക്ഷം എസ്‌ഐപി അക്കൗണ്ടുകളാണ് പുതുതായി റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഒരു മാസത്തില്‍ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന എസ്‌ഐപി റജിസ്‌ട്രേഷന്‍ ആണിത്. ഇതോടെ രാജ്യത്തെ മൊത്തം എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം 7.13 കോടിയായി.
ശുഭപ്രതീക്ഷ
കഴിഞ്ഞ 12 മാസം കൊണ്ട് എസ്‌ഐപി അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത് 1.7 ലക്ഷം കോടി രൂപയാണ്. ഇത് സമാന കാലയളവില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ നിക്ഷേപത്തിന് തുല്യമാണ്. ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലോകത്തിന്റെ വിവിധ കോണുകളിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ അത്രയും നിക്ഷേപം എസ്‌ഐപി അക്കൗണ്ടുകള്‍ വഴി ഇന്ത്യക്കാര്‍ നടത്തിയിരിക്കുന്നുവെന്നത് ശുഭപ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ശരാശരി പ്രതിമാസ എസ്‌ഐപി നിക്ഷേപ തുക 2200 രൂപ മാത്രമാണ് എന്നത് കണക്കിലെടുക്കുമ്പോഴാണ് `പലതുള്ളി പെരുവെള്ളം' എന്ന മട്ടില്‍ ഇന്ത്യക്കാരുടെ നിക്ഷേപം വിദേശ നിക്ഷേപത്തിന് തുല്യമായി തീര്‍ന്നതിന്റെ പ്രാധാന്യം നമുക്ക് ബോധ്യപ്പെടുന്നത്.
ബാങ്കുകളിലെയോ പോസ്റ്റ് ഓഫീസുകളിലെയോ റെക്കറിങ് ഡെപ്പോസിറ്റിലെന്നതു പോലെ എല്ലാ മാസവും നിശ്ചിത തുക നിശ്ചിത തീയതിക്ക് നിക്ഷേപിക്കുന്നതു വഴി ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സ്വരൂപിക്കുന്നതിനുള്ള മാര്‍ഗമാണ് എസ്‌ഐപി ഒരുക്കുന്നത്. ഓഹരി വിപണിയുടെ മുന്നേറ്റം വഴിയുണ്ടാകുന്ന നേട്ടം പ്രതിമാസം നടത്തുന്ന ചെറിയ നിക്ഷേപം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു വലിയ തുകയായി മാറുന്നതിന് ഇത് വഴിയൊരുക്കുന്നു.
ചെലവ് കുറച്ച് നിക്ഷേപം നടത്താനുള്ള ഏറ്റവും മികച്ച ഉപാധിയാണ് എസ്‌ഐപി. വിപണി ഉയരുമ്പോള്‍ വാങ്ങുന്ന യൂണിറ്റുകളുടെ എണ്ണം കുറയുകയാണ് ചെയ്യുന്നതെങ്കില്‍ വിപണി ഇടിഞ്ഞാല്‍ അത് കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാനുള്ള അവസരമാക്കി മാറ്റുകയാണ് എസ്‌ഐപി ചെയ്യുന്നത്.
വ്യാകുലത വേണ്ട
ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരെ പിന്തിരിപ്പിക്കുന്ന ഒരു ഘടകം ഓഹരി വിപണി ഇനി എങ്ങോട്ട് എന്ന അനിശ്ചിതത്വമാണ്. വിപണി ഇടിഞ്ഞാല്‍ നിക്ഷേപത്തിന്റെ മൂല്യവും ഇടിയുമല്ലോ എന്നതാണ് അവരുടെ ആശങ്ക. വിദഗ്‌ധര്‍ക്കു പോലും വിപണിയുടെ നില കൃത്യമായി പ്രവചിക്കുക അസാധ്യമാണെന്നിരിക്കെ ഒറ്റയടിക്ക് നിക്ഷേപം നടത്താനുള്ള കൃത്യമായ ഒരു ഘട്ടം ഏതെന്ന് ആര്‍ക്കും നിര്‍വചിക്കാനാകില്ല. അതിനാല്‍ വിപണിയുടെ ഗതിയെ കുറിച്ച് വ്യാകുലപ്പെടാതെ എല്ലാ കാലത്തും ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ നിക്ഷേപമാര്‍ഗമാണ് എസ്‌ഐപി.
മുന്‍കാലങ്ങളില്‍ തിരുത്തല്‍ ഉണ്ടാകുന്ന ഘട്ടത്തില്‍ എസ്‌ഐപി വഴിയുള്ള നിക്ഷേപം നിര്‍ത്തലാക്കുന്ന പ്രവണത പല നിക്ഷേപകരും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തിരുത്തല്‍ അവസരമാണെന്ന് അത്തരം നിക്ഷേപകര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.