ADVERTISEMENT

സ്വന്തമായി ഒരു വീട് വേണോ അതോ വാടകയ്ക്ക് താമസിച്ചാൽ മതിയോ എന്നത് ഇന്നത്തെ ചെറുപ്പക്കാർക്കിടയിൽ ഉയരുന്ന വലിയൊരു ചോദ്യമാണ്.  സോഷ്യൽ മീഡിയ ഫിൻഫ്ലുവൻസേഴ്സ്  ഈ ഒരു വിഷയത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. വീട് വാങ്ങുന്ന തുക നിക്ഷേപിച്ച് വാടകയ്ത് താമസിക്കുന്നതിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറയുന്ന ഷോർട്ട് വീഡിയോകൾ നിരവധിയാണ്.

വീഡിയോകൾ കണ്ടല്ല, ഓരോ വ്യക്തിയുടേയും ജീവിത സാഹചര്യങ്ങൾ കൃത്യമായി മനസിലാക്കി വേണം വീട് വേണമോ വാടകയ്തക്ക് തുടരണോ എന്ന് തീരുമാനിക്കാൻ.  മനോരമ സമ്പാദ്യത്തിലേക്ക് ഇത്തരം ഒരു സംശയവുമായി എത്തിയ യുവാവിന് നൽകിയിരിക്കുന്ന ഉത്തരമാണ് ചുവടെ. ഒരുപക്ഷെ സമാന സാഹചര്യത്തില്‍ കൃത്യമായ ഒരു ഉത്തരം കണ്ടെത്താൻ ഈ മറുപടി നിങ്ങളെയും സഹായിച്ചേക്കും.

ചോദ്യം: ബെംഗളൂരുവിൽ ഐടി പ്രഫഷനലായ എനിക്ക് (34 വയസ്) ഏകദേശം 15 ലക്ഷം രൂപ വാർഷിക വരുമാനമുണ്ട്. മുപ്പതുകാരിയായ ഭാര്യയും ഐടി രംഗത്താണ്. ഏകദേശം 8 ലക്ഷം രൂപയാണ് വാർഷിക വരുമാനം. ഞങ്ങൾക്ക് ആറും രണ്ടും വയസ്സുള്ള രണ്ടു പെൺമക്കളാണുള്ളത്. 

നിലവിൽ 80–സിയിൽ 1.5 ലക്ഷം, എൻപിഎസിൽ 50,000 രൂപ, മെഡിക്കൽ ഇൻഷുറൻസ്– 33,000 രൂപ, എച്ച്ആർഎ– 1,90,000 രൂപ എന്നിവ കഴിഞ്ഞാൽ നികുതിബാധക വരുമാനം ഏകദേശം 11 ലക്ഷമാണ്. 24,000 രൂപ മാസവാടക വരും. ഇത് വർഷാവർഷം 10% വീതം കൂടുന്നുമുണ്ട്. 10 വർഷം ബെംഗളൂരുവിൽ ആയിരിക്കാമെന്നതിനാൽ ലോൺ എടുത്ത് ഇവിടെ ഒരു ഫ്ലാറ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നു. മാർജിൻ തുക കഴിഞ്ഞ് 60-70 ലക്ഷം വായ്പ എടുക്കേണ്ടിവരും. 

സംശയങ്ങൾ: ലോൺ എടുത്ത് ഫ്ലാറ്റ് വാങ്ങിച്ചാൽ നികുതി ഇനിയും ലാഭിക്കുവാനാകുമോ? സ്വന്തം വീട്ടിൽ താമസിക്കുമ്പോഴും വാടകയ്ക്കു താമസിക്കുമ്പോഴും ഉള്ള നികുതി ആനുകൂല്യത്തിലെ വ്യത്യാസം വ്യക്തമാക്കാമോ? അതുപോലെ ഫ്ലാറ്റ് വാങ്ങുന്നതാണോ വാടകയ്ക്കു കഴിയുന്നതാണോ നല്ലത്? 

മറുപടി: ഭവനവായ്‌പ ഫ്ലോട്ടിങ് നിരക്കിലാണെങ്കിൽ പലിശനിരക്കു കൂടാനും കുറയാനും സാധ്യത ഉണ്ട്. എന്നാലും ശരാശരി 9% പലിശ കണക്കാക്കാം. 70 ലക്ഷം രൂപ 20 വർഷത്തേക്ക് 9 ശതമാനത്തിന് എടുത്താൽ മാസം 63,902 രൂപ തിരിച്ചടവു വരും. വാടക ഓരോ വർഷവും 10% കൂടുമെന്നു പറഞ്ഞുവല്ലോ. അങ്ങനെയെങ്കിൽ 11 വർഷം കഴിയുമ്പോൾ തന്നെ ഈ ഇഎംഐയെക്കാൾ കൂടുതലാവും വാടക. 20 വർഷം കഴിയുമ്പോൾ വാടകയിനത്തിൽ മൊത്തം 1.65 കോടി രൂപ ചെലവാക്കിയിരിക്കും. അതേ കാലയളവിൽ മൊത്തം വായ്പ തിരിച്ചടവ് 1.53 കോടിയേ വരൂ. പോരാത്തതിന് ഫ്ലാറ്റ് സ്വന്തമായിട്ടുണ്ടാവും. 

താങ്കൾ 30 ലക്ഷം രൂപ സ്വന്തം കയ്യിൽനിന്നും 70 ലക്ഷം രൂപ കടവുമായി ഫ്ലാറ്റ് വാങ്ങി എന്നിരിക്കട്ടെ. ഫ്ലാറ്റിന്റെ വില ശരാശരി 4% പ്രതിവർഷം കൂടിയാൽ 20 വർഷം കഴിയുമ്പോൾ 2.19 കോടി രൂപയാകും.  വായ്പ തിരിച്ചടവിൽനിന്നു, വാടകവീട്ടിൽ താമസിച്ചാൽ കൊടുക്കേണ്ട വാടക കുറച്ചാൽ ഏകദേശം 12 ലക്ഷം രൂപയാണ് ബാക്കി വരുക. അതും തുടക്കത്തിൽ കയ്യിൽനിന്നിട്ട 30 ലക്ഷം രൂപയും ചേർത്താൽ ഫ്ലാറ്റിനായി താങ്കൾ  42 ലക്ഷമേ മുടക്കുന്നുള്ളൂ. അങ്ങനെ നോക്കുമ്പോൾ ഫ്ലാറ്റ് വാങ്ങുന്നത് നല്ല കാര്യമാണ്. മാത്രമല്ല, സാമ്പത്തിക ലാഭത്തിനു പുറമേ ഇടയ്‌ക്കിടയ്ക്കുള്ള വീടുമാറ്റം, കുട്ടികളുടെ സ്കൂൾ മാറ്റം തുടങ്ങിയ അലച്ചിലുകൾ ഇല്ലാതാകും. സ്വന്തം വീട്ടിൽ താമസിക്കുന്നത് പലർക്കും മാനസിക സ്വസ്ഥതയും നൽകാറുണ്ട്.

ആദായനികുതി വകുപ്പ് 10 (13എ) പ്രകാരം വീട്ടു വാടകയിനത്തിൽ 1.9 ലക്ഷം രൂപയുടെ വരുമാനത്തിന് നികുതിയിളവു ലഭിക്കുന്നതായി താങ്കൾ സൂചിപ്പിച്ചിട്ടുണ്ട്. ഫ്ലാറ്റ് വാങ്ങി താമസമായാൽ ആ ഇളവ് ലഭിക്കില്ല. പക്ഷേ, ആദായനികുതി വകുപ്പ് 24 പ്രകാരം 2 ലക്ഷം രൂപ വരെയുള്ള വീട് വായ്‌പയുടെ പലിശ അടവിന് നികുതിയിളവു ലഭിക്കും. അതുകൊണ്ട് നികുതിയിളവിൽ സാരമായ മാറ്റമുണ്ടാവില്ല. 

ഒക്ടോബർ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. മറുപടി നൽകിയിരിക്കുന്നത് സഞ്ജീവ് കുമാർ cfp (സ്ഥാപകൻ, PrognoAdvisor.com)

English Summary:

Renting VS Buying A Home,Which Is Better

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT