ADVERTISEMENT

അടുത്തനാളുകളിൽ മലബാർ കുടിയേറ്റ മേഖലയിൽകൂടിയുള്ള യാത്ര എന്റെ സാമ്പത്തികചിന്തകളെ ഏറെ വിസ്മയിപ്പിക്കുന്നതും വിഷമിപ്പിക്കുന്നതും ആയിരുന്നു. ഒരുകാലത്തു മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾക്കായും ജീവിക്കാൻ മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാലും മധ്യതിരുവിതാംകൂറിൽനിന്നും മറ്റുപ്രദേശങ്ങളിൽനിന്നും ഇവിടെ എത്തിയവർ. കാടിനോടും മറ്റു കാട്ടുജീവികളോടും മല്ലടിച്ചും ജീവിതത്തെ പടുത്തുയർത്തിയവർ. മക്കളെ ദൂരെയുള്ള കോളേജുകളിലൊക്കെവിട്ടു ഒരുവിധത്തിൽ പഠിപ്പിച്ചു. ഫീസ് അടക്കാൻ കുരുമുളകും ഏത്തക്കുലയും മണിക്കുറുകൾ നടന്നു ദുരെയുള്ള കടകളിൽ കൊണ്ടുപോയി വിറ്റു. ഇന്ന് അവർ ജോലി സംബന്ധമായി   രാജ്യം വിട്ടു. തങ്ങൾ കഷ്ടപെട്ടുണ്ടാക്കിയ വീടോ പുരയിടമോ അവർക്കു  വേണ്ട. കിട്ടുന്ന  വിലയ്ക്ക് വിറ്റോളാൻ ആണ് പറയുന്നത്. “എല്ലുമുറിയെ പണിയെടുത്തുണ്ടാക്കിയ സ്ഥലമാ, ഫലം എടുക്കാറാവുമ്പോൾ എങ്ങനെ കൊടുക്കാനാവും”. ഈ നിസഹായ അവസ്ഥയിൽ   പറയുന്നതോ ചിന്തിക്കുന്നതോ ശരിയല്ല എന്ന് പറഞ്ഞുകൊണ്ടുതന്നെ ഒരു സ്ത്രീ പറഞ്ഞുപോയി – “മക്കളെ പഠിപ്പിക്കണ്ടായിരുന്നു”.

കുടിയിറക്കപ്പെടുന്ന കുടിയേറ്റങ്ങൾ

ഇന്ന് ഈ മാതാപിതാക്കൾക്ക്  പറമ്പിൽ വീണുകിടക്കുന്ന തേങ്ങാ പെറുക്കിക്കൂട്ടാനുള്ള ആരോഗ്യം പോലുമില്ല.  പല മക്കളും അവർക്ക് ആശുപത്രിയിലും ആരാധനാലയങ്ങളിലും പോകാനായി  റോഡരുകിലായി പത്തു സെന്റ് സ്ഥലം വാങ്ങി വീട് നിർമിച്ചുകൊടുത്തു. ചിലർ പതിറ്റാണ്ടുകൾക്കുമുന്പ് തങ്ങൾ വിട്ടുപോന്ന മാതൃ സ്ഥലങ്ങളിലേക്ക് കുടിയിറങ്ങി.  ചിലർ മക്കളോടൊപ്പം വിദൂരരാജ്യങ്ങളിലേക്ക് വീണ്ടും കുടിയേറി. 

famly1

കുടിയേറ്റം സ്വാഭാവികപരിണാമമാണ്

ലോകചരിത്രം എന്നും കുടിയേറ്റങ്ങളുടേതുംകുടിയാണ്. സമൃദ്ധമായ ഭക്ഷണവും  സുരക്ഷിതത്വവും തേടി ആദിമകാലങ്ങളിൽ മനുഷ്യൻ നടത്തിയ പ്രാദേശിക കുടിയേറ്റങ്ങൾ പിൽക്കാലത്തു വ്യാവസായികവൽക്കരണം, ആഗോള വൽക്കരണം, നഗരവൽക്കരണം,  ഗതാഗതത്തിന്റെയും ആശയവിനിമയത്തിന്റെയും വളർച്ച, ആധുനിക സാമ്പത്തികമാർഗങ്ങളുടെ വികസനം എന്നിവയുടെ പശ്ചാത്തലത്തിൽ രാജ്യാന്തര കുടിയേറ്റങ്ങളായി പരിണമിച്ചു. 

കുടിയേറ്റത്തിന്റെ സാമ്പത്തിക നേട്ടങ്ങൾ

കുടിയേറ്റങ്ങൾ പ്രധാനമായും സാമ്പത്തിക കാരണങ്ങളാലാണ് സംഭവിക്കുന്നത്.  കുടുതൽ സാമ്പത്തിക അവസരങ്ങളിൽനിന്ന് പ്രയോജനം നേടുന്നതിനായി ഒരു രാജ്യത്ത്നിന്ന് മറ്റൊരു രാജ്യത്തേക്ക് ആളുകൾ പലായനം ചെയ്യുന്നതാണ്   സാമ്പത്തിക കുടിയേറ്റം. കുടിയേറ്റത്തിലൂടെ വിദേശ നാണ്യത്തിന്റെ ഒഴുക്കും അതുവഴി സാമ്പത്തിക വളർച്ചയും  നമ്മുടെ നാടിനു കൈവന്നു എന്ന സത്യം തമസ്കരിക്കാനാവില്ല.    

കുടിയേറ്റത്തിന്റെ സാമ്പത്തിക സിദ്ധാന്തങ്ങൾ ഏറെയുണ്ടെങ്കിലും വളരെ പ്രചാരം  ലഭിച്ച ചിന്തകൾ മുന്നോട്ടുവച്ചതു സാമൂഹ്യശാസ്ത്ര  അധ്യാപകനായ   എവററ്റ് സ്പർജൻ ലീയാണ്‌. ലീയുടെ “പുഷ് - പുൾ” ഘടക സിദ്ധാന്തമനുസരിച്ചു  കുടിയേറ്റങ്ങൾക്ക്  മുന്നോട്ട് പിടിച്ചുവലിക്കുന്നതും ആകർഷിച്ച് നയിക്കുന്നതുമായ നിരവധി കാരണങ്ങൾ ഉണ്ട്.    

girl5

1. ഉന്നത വിദ്യാഭ്യാസം, തൊഴിൽ, ജീവിത നിലവാരം എന്നിവയുമായി ബന്ധപ്പെട്ട മെച്ചപ്പെട്ട അവസരങ്ങളുടെ ലഭ്യത.

2. ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയും വൈവിധ്യമാർന്ന കഴിവുകൾ തൊഴിൽ വിപണിയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നതുമായ അവസ്ഥ.   

3. അനുകൂലമായ സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക, പരിസ്ഥിതികൾ.  

4. മതിയായ ഉപജീവനമാർഗത്തിന്റെ ലഭ്യതയില്ലായ്മയും, ദാരിദ്ര്യവും.

5. ദ്രുതഗതിയിലുള്ള ജനസംഖ്യാ വളർച്ച. 

6. സ്ഥിരതാമസത്തിനും കൃഷിക്കും ഭൂമിയുടെ ലഭ്യത,  ക്ഷേമ സംവിധാനങ്ങൾ, മെച്ചപ്പെട്ട ഗതാഗത ആശയവിനിമയ സൗകര്യങ്ങൾ, സുരക്ഷിതമായ ആരോഗ്യ സംരക്ഷണ സംവിധാനം, സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ.  

കുടിയേറ്റത്തിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങൾ

education

∙ കഴിവുള്ള ഒരു യുവതലമുറയുടെ മസ്തിഷ്കചോർച്ച അഥവാ ബ്രെയിൻ ഡ്രയിൻ  നിരവധി സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

∙ഫലദായകമായ മനുഷ്യ വിഭവശേഷിയുടെ അഭാവം ഇവിടുത്തെ വ്യാവസായിക, കോര്‍പ്പറേറ്റ്  ലോകത്തെ പ്രതികൂലമായി ബാധിക്കുന്നു.

∙അടുത്ത നിക്ഷേപസാധ്യത ഓൾഡ് ഏജ് ഹോമുകൾക്കാണ് എന്ന്  തരത്തിൽ കേരളം വൃദ്ധരുടെ നാടായി മാറുന്നു. 

∙ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണവും ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.   

∙കേരളത്തിലെ ഭൂമിവിലയെയും കച്ചവടത്തെയും സാരമായി ബാധിക്കുകയും ചെയ്തുതുടങ്ങി. 

∙ഗൾഫിൽ പോകുന്നവർ എന്നെങ്കിലും തിരിച്ചുവരും എന്ന് ഉറപ്പുണ്ടായിരുന്നു അവർ ഇവിടെ ഭൂമി വാങ്ങുകയും വലിയ വീടുകൾ പണിയുകയും  പിന്നീട് അതിന്റെ കടം വീട്ടുവാൻ വീണ്ടും പോവുകയും ചെയ്തു. പക്ഷെ  യൂറോപ്പ്, അമേരിക്ക തുടങ്ങിയ മറ്റു ഭൂഖണ്ഡങ്ങളിലേക്കു ചേക്കേറിയവർ  തിരിച്ചുവരാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ കുറവാണ്. വിദേശത്തു പോയ എല്ലാവര്ക്കും സ്വർണത്തളികയാണ് ലഭിക്കുന്നത് എന്ന ചിന്ത മൗഢ്യമാണ്. പതിനഞ്ചു മണിക്കൂറിലേറെ പണിയെടുക്കുന്നവരെയും,  തൊഴിലിന്റെ അരക്ഷിതാവസ്ഥയും, എന്തിനോടൊക്കെയോ കിടപിടിക്കാനുള്ളു വ്യഗ്രതമൂലം കടുത്ത മാനസിക സമ്മർദ്ദത്തിൽ ഉൾപെട്ടവരെയും നേരിട്ട് കണ്ടിട്ടുണ്ട്.    തിരിച്ചുപിടിച്ചുനിർത്തുവാൻ മതിയായ വാഗ്‌ദാനങ്ങൾ നല്കാനുമാവില്ലല്ലോ.  സാമ്പത്തിക ഭദ്രതക്കായുള്ള നെട്ടോട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഓരോരോ തുരുത്തുകൾ ആവുന്നതും കാണാം. ആകെ രസകരമായതു  ജോലി എന്താണെന്നു ചോദിച്ചാൽ സ്ഥലപ്പേര്  പറയുന്ന ഏക ആളുകൾ മലയാളികളാണ് എന്നതാണ്. ഉദാഹരണത്തിന് “എന്താ ജോലി”? “ഞാൻ യു.കെയിലാണ്.”  

ലേഖിക സാമ്പത്തിക ശാസ്ത്ര വിദഗ്ധയാണ്. അഭിപ്രായങ്ങൾ വ്യക്തിപരം

English Summary:

Malayees Migration to Other Countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com